സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ്  
ENTERTAINMENT

നിലാവേ മായുമോ...; സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

അക്ഷരാർഥത്തിൽ സിനിമ സംഗീത രംഗത്ത് 'ഹിറ്റ് മേക്കർ' ആയിരുന്നു എസ്‌പിവി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.  ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  1968 മുതല്‍ സിനിമാ സംഗീത സംവിധാന രംഗത്ത് സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി.

70കൾ മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്‌പിവിയും ഉണ്ടായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ. അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ടി.പി. ബാലഗോപാലൻ എം.എ' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്നതിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന്, അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ട് മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് സിനിമാപ്രേമികളെ ത്രസിപ്പിച്ച നിരവധി പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കി എസ്‌പിവി മലയാളത്തിൽ നിറഞ്ഞു.

രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി നിരവധി ഹിറ്റുകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. 'പൈതൃകം' എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 

1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിൽ ആണ് ജനനം. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു.

SCROLL FOR NEXT