ENTERTAINMENT

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

നടന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ഭാഗ്യരാജ്. ഭാരതിരാജയുടെ 1977 ല്‍ പുറത്തിറങ്ങിയ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

രണ്ട് വര്‍ഷത്തിനു ശേഷം സംവിധായകനായി അരങ്ങേറ്റം. പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലം തിരക്കഥാകൃത്തായും സംഗീത സംവിധായകനായും സംവിധായകനായും നടനായുമെല്ലാം വെള്ളിത്തിരയില്‍ അദ്ദേഹം തിളങ്ങി.

നടി പൂര്‍ണിമയാണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവര്‍ മക്കളാണ്.

1979 ല്‍ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങള്‍' ആണ് സംവിധായകനായുള്ള ആദ്യ ചിത്രം. തുടര്‍ന്ന് 'മൗന ഗീതങ്ങള്‍', 'അന്ത ഏഴ് നാട്കള്‍', 'ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തു.

1978 ൽ പുറത്തിറങ്ങിയ ഭാരതിരാജ സംവിധാനം ചെയ്ത 'സിഗപ്പ് റോജാക്കൾ' എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായുള്ള അരങ്ങേറ്റം. കമൽഹാസനും ശ്രീദേവിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

മലയാളത്തില്‍ 'മിസ്റ്റര്‍ മരുമകന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT