മുംബൈ: പ്രശസ്ത നാടക- ചലച്ചിത്ര സംവിധായികയും അഭിനേത്രിയുമായ വിജയ മേത്ത (91) അന്തരിച്ചു. ജൂൺ 30ന് രാത്രി 10 മണിയോടെയായിരുന്നു നിര്യാണം. ദീർഘകാലമായി അസുഖബാധിതയായിരുന്നു.
ഇന്ത്യൻ നാടകവേദിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് വിജയ മേത്ത. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മറാത്തി നാടകവേദി, സമാന്തര സിനിമ, ഇന്ത്യൻ പെർഫോമിങ് ആർട്സ് എന്നിവയ്ക്ക് അതുല്യമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
1960കളിൽ മറാത്തി പരീക്ഷണ നാടകവേദിക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്നു. പ്രശസ്ത നാടകകൃത്ത് വിജയ് തെണ്ടുൽക്കർ, അഭിനേതാക്കളായ അരവിന്ദ് ദേശ്പാണ്ഡെ, ശ്രീറാം ലഗൂ എന്നിവർക്കൊപ്പം ചേർന്ന് മുംബൈ ആസ്ഥാനമായി 'രംഗായൻ' എന്ന നാടകസംഘം സ്ഥാപിച്ചു. 'ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ' എന്ന നാടകത്തിന്റെ മറാത്തി രൂപന്തരമായ 'അജബ് ന്യായ വർത്തുളച്ച' എന്ന കൃതിയിലൂടെ ബെർതോൾഡ് ബ്രഹ്തിനെയും, 'ചെയേഴ്സ്' എന്ന നാടകത്തിലൂടെ യുജീൻ അയോനെസ്കോയെയും മറാത്തി നാടകവേദിക്ക് പരിചയപ്പെടുത്തിയത് വിജയ മേത്തയാണ്. ജർമൻ സംവിധായകൻ ഫ്രിറ്റ്സ് ബെനെവിറ്റ്സിനൊപ്പം ചേർന്ന് ഇൻഡോ-ജർമൻ നാടക പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്തമായ നിരവധി നാടകങ്ങൾക്ക് പുറമേ, 'റാവു സാഹേബ്' (1986), 'പെസ്റ്റൺജി' (1988) തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒരു നടി എന്ന നിലയിലും വിജയ മേത്ത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 1984ൽ പുറത്തിറങ്ങിയ ദോവിന്ദ് നിഹ്‌ലാനിയുടെ 'പാർട്ടി' എന്ന ചിത്രത്തിലെ കഥാപാത്രം കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നാണ്.
1975ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. കൂടാതെ, 1986ൽ പുറത്തിറങ്ങിയ 'റാവു സാഹേബ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.