കൊച്ചി: ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. സിനിമയോട് വളരെക്കാലമായി താൽപ്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നുമാണ് വിസ്മയ പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
"എനിക്ക് നാടകങ്ങളോട് വലിയ താൽപ്പര്യമായിരുന്നു. അതേസമയം സ്റ്റേജിൽ കയറാൻ പേടിയും. ഇപ്പോഴും ഇതിലൊക്കെ എനിക്ക് നല്ല പരിഭ്രമമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി തോന്നിയത്. "അയ്യോ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണല്ലോ" എന്ന് ചിന്തിച്ചുപോയി. അതുകൊണ്ട് എനിക്ക് തിയേറ്ററിനോടാണ് താൽപ്പര്യമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. എങ്കിലും എന്റെ മനസിലെവിടെയോ സിനിമയും ഒന്ന് ശ്രമിച്ചു നോക്കണം എന്നുണ്ടായിരുന്നു. പക്ഷേ അത് പുറത്തു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ, കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ അമ്മയോട് ഇത് പറഞ്ഞു. അങ്ങനെയാണ് ഇപ്പോൾ കാര്യങ്ങൾ ഇവിടെ വരെ എത്തിയത്. ഇത് "ഇപ്പോൾ അല്ലെങ്കിൽ ഇനിയില്ല" എന്നൊരു ഘട്ടമായിരുന്നു, അതിനാൽ ധൈര്യമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു, വിസ്മയ പറയുന്നു.
തന്റെ ആത്മവിശ്വാസത്തെ ബാധിച്ച പ്രധാന ആശങ്കകളെപ്പറ്റിയും നടി മനസുതുറന്നു. "ജൂഡിന്റെ കഥയ്ക്ക് നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടേയിരുന്നു. ഞാൻ തീരുമാനം മാറ്റിക്കൊണ്ടും. എന്റെ ശരീരപ്രകൃതിയും അതുപോലെ മലയാളം സംസാരിക്കാൻ അറിയാമെങ്കിലും, ഇവിടെ തനി കേരളത്തിൽ ജനിച്ചുവളർന്ന ഒരാളെപ്പോലെ ഉള്ള സംസാരരീതിയും ഭാഷാശുദ്ധിയും എനിക്കില്ല എന്നതുമായിരുന്നു എന്റെ പ്രധാന ആശങ്ക," വിസ്മയ പറയുന്നു.
ശരീരപ്രകൃതിയിലുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറിവരുന്നതായും വിസ്മയ അഭിപ്രായപ്പെട്ടു. "ഇപ്പോൾ കാര്യങ്ങൾ മാറുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്, അതൊരു നല്ല കാര്യവുമാണ്. കാരണം എല്ലാവരുടെയും ശരീരപ്രകൃതി ഒരേപോലെയല്ലല്ലോ. ഞങ്ങൾ വളർന്നുവന്ന സമയത്ത് എല്ലാവരും ആഗ്രഹിച്ചിരുന്നത് മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു, എന്നാൽ ഇപ്പോൾ അതിനേക്കാൾ ആളുകൾ പ്രാധാന്യം നൽകുന്നത് ഫിറ്റ്‌നസിനാണ്. അത് വളരെ നല്ലൊരു കാര്യമാണ്...ഞാൻ തീരെ ഫിറ്റ് ആയിരുന്നില്ല. അതും മറ്റൊരു കാര്യമാണ്. ഫിറ്റ്‌നസും ശരീരഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നു. നിങ്ങൾക്ക് 98 കിലോ ഭാരമുണ്ടായിരിക്കാം, പക്ഷേ നിങ്ങൾ വളരെ ഫിറ്റ് ആയിരിക്കാനും സാധ്യതയുണ്ട്. ഞാൻ ഏകദേശം 100 കിലോയോളം ഉണ്ടായിരുന്നു, പടികൾ കയറാൻ പോലും ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ശ്വാസം മുട്ടി കിതയ്ക്കുമായിരുന്നു. മൊയ് തായ് എന്ന മാർഷൽ ആർട്ടിലേക്ക് എത്തുന്നത് അങ്ങനെയാണ്," വിസ്മയ പറഞ്ഞു.
വിസ്മയയുടെ അരങ്ങേറ്റചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് 'തുടക്കം' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ 'തളിരോമലേ' എന്ന ആദ്യ ഗാനം അടുത്തിടെയാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിച്ചത്.
വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലേക്ക് എത്തും.