കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച സമൂഹമാധ്യമ പോസ്റ്റിന് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് നടി വിസ്മയ മോഹൻലാൽ. സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാത്തതിനാൽ അതൊരു പ്രശ്നമാക്കാറില്ലെന്നാണ് നടിയുടെ പ്രതികരണം. സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
'ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന ചോദ്യം ഉന്നയിച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് നടി സമരത്തിന് പിന്തുണയറിയിച്ചത്. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിസ്മയയുടെ ഐക്യദാര്‍ഢ്യം. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് നടി നേരിട്ടത്.
താൻ എപ്പോഴും സമൂഹത്തിന്റെ നിരീക്ഷണത്തിലാണെന്ന് തോന്നിയിട്ടില്ലെന്നും മോഹൻലാലിന്റെ മകൾ എന്ന രീതിയിലുള്ള ശ്രദ്ധ സ്വാഭാവികമാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
"സത്യം പറഞ്ഞാൽ, ഞാൻ എപ്പോഴും നിരീക്ഷണത്തിലാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഒരുപക്ഷേ ഞാൻ കേരളത്തിൽ ജീവിക്കാത്തതുകൊണ്ടോ, മിക്കപ്പോഴും പുറത്തായിരുന്നതുകൊണ്ടോ, ആയിരിക്കാം. അങ്ങനെ എല്ലാവരുടെയും ശ്രദ്ധ എപ്പോഴും എന്റെ മേലെയുണ്ടെന്ന രീതിയിൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. തീർച്ചയായും ആളുകൾ ശ്രദ്ധിക്കും, അല്ലേ? അത് ഞാൻ എന്റെ അച്ഛന്റെ മകളായതുകൊണ്ടു കൂടിയാണ്. ആളുകൾക്ക് ചില പ്രതീക്ഷകളൊക്കെ കാണും. അതായത്, ചിലർക്ക് ഒരു നടൻ എന്ന രീതിയിൽ അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലർക്ക് കാണില്ല. ആ അഭിപ്രായങ്ങളൊക്കെ സ്വാഭാവികമായും നമ്മളിലേക്കും വരും, അതൊക്കെ സാധാരണയല്ലേ? പക്ഷേ എനിക്കതൊന്നും ഒരിക്കലും ഒരു ഭാരമായി തോന്നിയിട്ടില്ല. ഞാൻ കമന്റുകളൊന്നും നോക്കാറില്ല. പിന്നെ അച്ഛന്റെ കൂടെ എയർപോർട്ടിലൊക്കെ പോകുമ്പോൾ ഒരുപാട് ആളുകൾ നമ്മളെത്തന്നെ നോക്കുന്നുണ്ടാകും, അതൊക്കെ ശരിയാണ്. പക്ഷേ അതല്ലാതെ ഇതൊന്നും എനിക്കൊരു പ്രശ്നമായി തോന്നിയിട്ടേയില്ല," വിസ്മയ പറഞ്ഞു.
താൻ എന്ത് പറഞ്ഞാലും അതിന് അതിന്റേതായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് അച്ഛൻ (മോഹൻലാൽ) പറഞ്ഞിട്ടുണ്ടെന്നും വിസ്മയ വ്യക്തമാക്കി. "ഞാൻ അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. "ഇങ്ങനെ ഒരു കാര്യം നടന്നപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു" എന്ന് പറയുമ്പോൾ, "അതെ, കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്, നീ എന്ത് പറഞ്ഞാലും അതിന് അതിന്റേതായ പ്രതികരണങ്ങൾ ഉണ്ടാകും" എന്ന് അദ്ദേഹം പറയും. എന്റെ ഒരു കൂട്ടുകാരിയും എന്നെ വിളിച്ച് ഇതേ കാര്യം പറഞ്ഞിരുന്നു. "എനിക്ക് എന്തും പോസ്റ്റ് ചെയ്യാം, പക്ഷേ നീ ഏത് കാര്യം ചെയ്യുന്നതിന് മുൻപും രണ്ടുതവണ ചിന്തിക്കണം" എന്നാണ് അവൾ പറഞ്ഞത്," വിസ്മയ പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. ഒരു മലയോര ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.