വി.കെ. ശ്രീരാമൻ, മോഹൻലാൽ Source: Facebook
ENTERTAINMENT

"എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ, അല്ലെങ്കിൽ..."; ശ്രീരാമന്റെ കത്തിന് മോഹൻലാലിന്റെ രസികൻ മറുപടി

2026ലെ എഎംഎംഎ കുടുംബ സംഗമം ചടങ്ങിലാണ് ഈ രസികൻ കത്തിടപാട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ 2026ലെ കുടുംബ സംഗമം കഴിഞ്ഞ ദിവസമാണ് നടന്നത്. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇപ്പോഴിതാ, പരിപാടിയിൽ നടന്ന രസകരമായ ഒരു കത്തിടപാടിനെക്കുറിച്ച് നടൻ വി.കെ. ശ്രീരാമൻ എഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ ആദരിച്ചിരുന്നു. നല്ല തിരക്കായതിനാൽ ശ്രീരാമന് അടുത്ത് ചെന്ന് അഭിനന്ദിക്കാൻ സാധിച്ചില്ല. ഉടനടി ശ്രീരാമൻ സ്റ്റൈലിൽ മോഹൻലാലിന് ഒരു കത്ത് പിറന്നു. "എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ. അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും ബടക്കായാ ചിലരത് തനിയ്ക്കാക്കും. ആയതിനാൽ പ്രിയനേ ഹാപ്പി ചൂലൻ്റയൻസ് ഡേ," എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

അതേ കത്തിൽ തന്നെ മോഹൻലാലിന്റെ മറുപടിയും വന്നു. "...തുമ്പിയെ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം. കഷ്ടമീ ജീവിത സാഗരി ഗോഗലു " എന്നിങ്ങനെയായിരുന്നു നടന്റെ മറുപടി.

അതേസമയം, കുടുംബസംഗമ വേദിയിൽ മോഹൻലാലിനെ ആദരിക്കുന്ന മമ്മൂട്ടിയുടെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിന്റെ ഗംഭീരമായൊരു ശിൽപ്പവും നടൻ അനാച്ഛാദനം ചെയ്തു. പത്മഭൂഷൺ ബഹുമതി ലഭിച്ച മമ്മൂട്ടിയേയും ചടങ്ങിൽ സഹപ്രവർത്തകർ ആദരിച്ചിരുന്നു.

കേന്ദ്രമന്ത്രിയും എഎംഎംഎയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷ ആയ ചടങ്ങിൽ ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു.

SCROLL FOR NEXT