ENTERTAINMENT

സ്നേഹിച്ച് വേ​ദനിപ്പിക്കും...! എന്താണ് നാർസിസിസ്റ്റിക് അബ്യൂസ്?

ബന്ധങ്ങളിലെ നാർസിസിസ്റ്റിക് അബ്യൂസ് എപ്പോഴും വലിയ വഴക്കുകളോ തർക്കങ്ങളോ ആകണം എന്നില്ല. വളരെ നിശബ്ദമായാണ് അത് നടക്കുക

Author : ലിൻ്റു ഗീത

"ഒരു ദിവസം അയാൾ റെമോ ആയിരിക്കും, അടുത്ത ദിവസം അന്യനായി ഏറ്റവും ക്രൂരമായി പെരുമാറും. തൊട്ടടുത്ത ദിവസം ക്ഷമ ചോദിക്കും, യാചിക്കും ഇനി ആവർത്തിക്കില്ലെന്ന് പറയും, കുട്ടിയെപ്പോലെ കരയും. നമുക്ക് ഏറ്റവും കൂടുതൽ വേദന തരുന്ന ആൾ തന്നെയാകും ആശ്വാസം തരുന്നതും. അതൊരു തരം ലഹരി ഉപയോ​ഗം പോലെയാണ്. അവരില്ലാതെ പറ്റില്ല എന്ന അവസ്ഥയലേക്കെത്തും". രണ്ട് വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിൽ നിന്ന് താൻ നേരിട്ടത് 'നാർസിസിസ്റ്റിക് അബ്യൂസാണെന്ന, നടി അനുപമ പരമേശ്വരൻ്റെ തുറന്നു പറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. എന്താണ് നാർസിസിസ്റ്റിക് അബ്യൂസ്?

ഒരു വ്യക്തിയുടെ നാർസിസിസ്റ്റിക് സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരാളിൽ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ ചൂഷണത്തെ വിവരിക്കാനാണ് സാധാരണയായി നാർസിസിസ്റ്റിക് അബ്യൂസ് എന്ന പദം ഉപയോ​ഗിക്കുന്നത്. ബന്ധങ്ങളിലെ നാർസിസിസ്റ്റിക് അബ്യൂസ് എപ്പോഴും വലിയ വഴക്കുകളോ തർക്കങ്ങളോ ആകണം എന്നില്ല. വളരെ നിശബ്ദമായാണ് അത് നടക്കുക. അതുകൊണ്ട് തന്നെ തിരിച്ചറിയുക എന്നതും പ്രയാസമാണ്.

പ്രധാന ലക്ഷണങ്ങൾ

ബന്ധത്തിൻ്റെ ആരംഭത്തിൽ അവർ വളരെ സ്പെഷ്യൽ ആയാണ് നിങ്ങളെ ട്രീറ്റ് ചെയ്യുക. അമിതമായ സ്നേഹവും ശ്രദ്ധയും തരും. നിരന്തരമായുള്ള മെസേജുകൾ, പ്രശംസ, വലിയ രീതിയിലുള്ള സ്നേഹപ്രകടനം, എല്ലാം തുടക്കത്തിൽ അവർ കാണിക്കും. ഇതിനെ ലവ് ബോംബിങ് എന്ന് വിളിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങളെ അബ്യൂസ് ആണെന്ന് തെറ്റിദ്ധരിക്കരുത്. അവർ ആ സ്നേഹത്തെ നിയന്ത്രണത്തിനുള്ള ഉപാധിയായി മാറ്റുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മറ്റൊന്ന് വഴക്ക് ആരു തുടങ്ങിയാലും കുറ്റം മുഴുവൻ നിങ്ങളുടോതാകും എന്നാതാണ്. എന്നെ ദേഷ്യം പിടിപ്പിച്ചത് നീയാണ്, എന്നെ ഇങ്ങനെ ആക്കിയത് നിന്റെ പെരുമാറ്റമാണ് എന്നിങ്ങനെ തുടർച്ചയായി ഉത്തരവാദിത്തം നിങ്ങളിലേക്ക് മാറ്റും. അത്ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ല. ഗ്യാസ് ലൈറ്റിങ്ങും ഇതിൽ പ്രധാനപ്പെട്ടതാണ്. നിങ്ങളെ തന്നെ സ്വയം സംശയിക്കുന്ന രീതിയിലേക്ക് എത്തിക്കുക. നീ കാരണമാണ് നീ ഓവർറിയാക്ട് ചെയ്യുകയാണ് ​ഡ്രാമ കളിക്കുകയാണ് തുടങ്ങിയ പ്രതികരണങ്ങൾ തുടർച്ചയായി കേൾക്കുമ്പോൾ താൻ ആണോ തെറ്റ് ചെയ്തത് എന്ന ചിന്ത നിങ്ങളിൽ ഉണ്ടാകും. ഇതിന്റെ കൂടെ തന്നെ നിങ്ങളുടെ വികാരങ്ങളെ ചെറുതായി കാണുകയും ചെയ്യും. എന്നാൽ ആരുടെയെങ്കിലും വികാരത്തെ അംഗീകരിക്കാത്തത് മാത്രം അബ്യൂസ് ആണെന്ന് പറയാനാകില്ല. മറിച്ച് ഇത് നിരന്തരം സംഭവിക്കുകയും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള മാർഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.

സൈലൻ്റ് ട്രീറ്റ്മെൻ്റും ഇത്തരം വ്യക്തികൾ പ്രയോ​ഗിക്കാറുണ്ട്. വഴക്കിന് ശേഷം സംസാരിക്കാതെ ഇരിക്കുക. അത് എല്ലായ്പ്പോഴും സൈലൻ്റ് ട്രീറ്റ്മെൻ്റ് ആകണമെന്നില്ല. ചിലപ്പോൾ ഇമോഷണൽ സ്പേയ്സ് എടുക്കുന്നതുമാകാം. എന്നാൽ നിങ്ങളെ ഭയപ്പെടുത്താനോ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ വേണ്ടി ഉദ്ദേശ്യപൂർവം സംസാരിക്കാതെ ഇരിക്കുന്നതും നിങ്ങൾ ക്ഷമ ചോദിച്ചാലോ നിങ്ങളായി സംസാരിച്ച് തുടങ്ങിയാലോ മാത്രം സാധാരണ നിലയിലേക്ക് എത്തുന്ന രീതിയാണെങ്കിൽ അത് ആരോഗ്യകരമല്ലെന്ന് തിരിച്ചറിയുക. നോ എന്ന് പറഞ്ഞാലും അം​ഗീകരിക്കാതിരിക്കൽ, സുഹൃത്തുക്കൾ, കുടുംബം എന്നിവരുമായി അകറ്റി നിർത്തൽ, ഉദാഹരണമായി നിൻ്റെ സുഹൃത്തുക്കൾ നിന്നെ തെറ്റിദ്ധരിപ്പിക്കുകയാണ്, നിൻ്റെ കുടുംബത്തിന് എന്നെ ഇഷ്ടമല്ല, അവരുമായി സംസാരിക്കേണ്ട എന്നിങ്ങനെ നിങ്ങളുടെ സപ്പോർട്ടിങ് സിസ്റ്റത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുക, നിങ്ങൾ ആരെ കാണണം, എവിടെ പോകണം, എന്ത് ധരിക്കണം, ആരോട് സംസാരിക്കണം തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക എന്നിവയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ അതും ആരോഗ്യകരമായ ബന്ധമല്ല.

നാർസിസിസ്റ്റിക് അബ്യൂസ് സൈക്കിൾ

അമിത പ്രശംസ, താഴ്ത്തിക്കെട്ടൽ, വഴക്ക് അല്ലെങ്കിൽ അബ്യൂസ്, മാപ്പ് പറച്ചിൽ, കരച്ചിൽ. വീണ്ടും അതേ പാറ്റേൺ ഒരു സൈക്കിൾ പോലെ ആവർത്തിച്ചു കൊണ്ടിരിക്കുക എന്നതാണ് ഇത്തരം വ്യക്തികളുടെ നാർസിസിസ്റ്റിക് അബ്യൂസ് സൈക്കിൾ ഈ ചക്രത്തിൽ പെട്ടുപോയാൽ ഒരാൾക്ക് ആ ബന്ധത്തിൽ നിന്ന് വിട്ടുപോകാൻ വളരെ ബുദ്ധിമുട്ട് തോന്നാം. ഒരു വ്യക്തി ചില സമയങ്ങളിൽ വളരെ സ്നേഹത്തോടെ പെരുമാറുകയും മറ്റുസമയങ്ങളിൽ നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യാം. സ്നേഹം മാത്രം ഒരു ബന്ധത്തെ ആരോഗ്യകരമാക്കുന്നില്ല. ബഹുമാനം, സുരക്ഷിതത്വം, വിശ്വാസം, ഉത്തരവാദിത്തം എന്നിവയെല്ലാം ആവശ്യമാണ്.

എങ്ങനെ പുറത്തുകടക്കാം?

നിങ്ങളുടെ ബന്ധത്തിനുള്ളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുക എന്നതാണ് ഇതിൽ നിന്ന് പുറത്തുകടക്കുന്നതിൻ്റെ പ്രധാന ഘട്ടം. ഇത് ആവർത്തിച്ച് നടക്കുന്ന ഒരു നിയന്ത്രണ പറ്റേൺ ആണോ എന്ന് പരിശോധിക്കുക. ഒരു ബന്ധത്തിൽ ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഭയം, നിയന്ത്രണം, അപമാനം, ഒറ്റപ്പെടൽ എന്നിവ സ്ഥിരമായ പാറ്റേൺ ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. സുഹൃത്ത്, കുടുംബാംഗം, സൈക്കോളജിസ്റ്റ് തുടങ്ങി വിശ്വസിക്കാൻ കഴിയുന്ന ഒരാളോട് സംഭവിക്കുന്നത് തുറന്ന് പറയുക. അബ്യൂസ് അനുഭവിക്കുന്നവർ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നതിനാൽ സപ്പോർട്ടിങ് സിസ്റ്റം തിരിച്ചുപിടിക്കുന്നത് വളരെ പ്രധാനമാണ്.

അതിരുകൾ സ്ഥാപിക്കുക, അതായത് നിങ്ങൾ എന്ത് സ്വീകരിക്കും, എന്ത് സ്വീകരിക്കില്ല, അതിരു ലംഘിക്കപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും എന്നത് വ്യക്തമാക്കുക. സ്നോഹിച്ചാൽ ഞാൻ മാറും, അബ്യൂസ് ഉണ്ടാകില്ല തുടങ്ങി അവരുടെ സ്ഥിരമായ പെരുമാറ്റങ്ങളെ മാറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുക. സാമ്പത്തികമായി സ്വതന്ത്രമാകാനുള്ള പദ്ധതി തയ്യാറാക്കുക എന്നതും ഇത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാൻ ആവശ്യമാണ്. ഒരു അബ്യൂസീവ് ബന്ധത്തിൽ നിന്ന് നേരിട്ട് പുറത്തുകടക്കുക സുരക്ഷിതമായിരിക്കണമെന്നില്ല. ഭീഷണി, ശാരീരിക ആക്രമണം എന്നിവ ഉണ്ടായേക്കാം. അതിനാൽ വൈദ്യസഹായത്തോടെ സുരക്ഷിതമായ എക്സിറ്റ് പ്ലാൻ തയ്യാറാക്കുന്നതാണ് ഉത്തമം.

ഓർമിക്കുക സഹായം തേടുന്നത് ബലഹീനതയല്ല. നിങ്ങളെ നിരന്തരം ഭയപ്പെടുത്തുകയോ നിയന്ത്രിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു ബന്ധത്തെയും സ്നേഹത്തിന്റെ പേരിൽ ന്യായീകരിക്കേണ്ടതുമില്ല. നിങ്ങൾക്ക് സ്നേഹത്തോടൊപ്പം പരസ്പര ബഹുമാനം, വിശ്വാസം, സുരക്ഷിതത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവയും ലഭക്കേണ്ടത് പ്രധാനമാണ്.

SCROLL FOR NEXT