'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' സിനിമ 
ENTERTAINMENT

'ടോക്‌സിക്' സാധാരണ ഗ്യാങ്‌സ്റ്റർ സിനിമയല്ല, ഗീതു പുതിയൊരു കാഴ്ചപ്പാടാണ് പങ്കുവയ്ക്കുന്നത്: യഷ്

ഗ്യാങ്സ്റ്റർ സിനിമകളുടെ പതിവ് ശൈലികളെ പൊളിച്ചെഴുതുന്ന പുതിയൊരു പരീക്ഷണമായിരിക്കും 'ടോക്‌സിക്' എന്ന് യഷ്

Author : ന്യൂസ് ഡെസ്ക്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സി'നെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ച് റോക്കിങ് സ്റ്റാർ യഷ്. ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026 ചടങ്ങിലാണ് നടൻ പുതിയ ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. 'രാമായണ' സഹനിർമാതാവ് നമിത് മൽഹോത്രയ്‌ക്കൊപ്പമാണ് യഷ് പരിപാടിയിൽ പങ്കെടുത്തത്.

സിനിമയെക്കുറിച്ച് യഷ് പറഞ്ഞത് ഇങ്ങനെ:

"വളരെ വലിയൊരു ലക്ഷ്യത്തോടു കൂടിയുള്ള പ്രൊജക്ടാണ് 'ടോക്സിക്'. പ്രേക്ഷകർ എനിക്ക് നൽകുന്ന വിജയം വെറുമൊരു ആഘോഷമായി മാത്രമല്ല ഞാൻ കാണുന്നത്; ഓരോ തവണയും എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും അതിലും മികച്ചത് എന്തെങ്കിലും ചെയ്യാനുമുള്ള ഉത്തരവാദിത്തമായിട്ടാണ് ഞാൻ അതിനെ കരുതുന്നത്.

ഇന്ത്യയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ കഥകളെയും ഇന്ത്യൻ സിനിമാ വ്യവസായത്തെയും ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. നമ്മുടെ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ഇന്ത്യൻ സിനിമയുടെ ആ പ്രാതിനിധ്യത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്, അത്തരമൊരു ശ്രമമാണ് 'ടോക്സിക്കും'.

കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മനസിലാക്കാനും നമ്മുടെ കഥകൾ ആഗോളതലത്തിൽ നേരിട്ട് എത്തിക്കാനുമായി ഞങ്ങൾ 'ടോക്‌സിക്' ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുണ്ട്. വലിയ ക്യാൻവാസിലുള്ള ഒരു ആക്ഷൻ സിനിമയാണ് ടോക്സിക്, എങ്കിലും അതിൽ ഒരുപാട് ആഴത്തിലുള്ള കാര്യങ്ങളുണ്ട്. ഒരു സാധാരണ ഗ്യാങ്‌സ്റ്റർ സിനിമ മാത്രമല്ല; ഒരു മെറ്റഫോറിക്കൽ അഥവാ രൂപകാത്മകമായ ഒരു സ്വഭാവം 'ടോക്സിക്കി'നുണ്ട്. നിങ്ങൾ ഈ സിനിമ കാണുമ്പോൾ, പുറംകാഴ്ചകൾക്ക് അപ്പുറം ഇതിൽ ഒരുപാട് അടങ്ങിയിട്ടുണ്ടെന്ന് മനസിലാകും."

"ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ ആവേശമാണ്. സംവിധായിക ഗീതു മോഹൻദാസ് ഒരു ഗ്യാങ്സ്റ്റർ സിനിമയ്ക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണ് നൽകിയിരിക്കുന്നത്. ആ പ്രോസസ് ഞാൻ ശരിക്കും ആസ്വദിച്ചു. പ്രേക്ഷകർക്കും ആരാധകർക്കും ഇതൊരു മികച്ച ദൃശ്യവിരുന്ന് എന്നതിലുപരി കാണുന്നവരുടെ മനസിനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കും," സംവിധായിക ഗീതു മോഹൻദാസിനെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചും യഷ് പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യ ഒരു ലോകം തന്നെയാണെന്നും ഓരോ നൂറു കിലോമീറ്റർ കൂടുമ്പോഴും പുതിയ ഭാഷയും സംസ്കാരവുമാണെന്നും യഷ് അഭിപ്രായപ്പെട്ടു. ഡബ്ബിങ്ങിലൂടെയും പാൻ ഇന്ത്യൻ സിനിമാ നിർമാണത്തിലൂടെയും വിവിധ മേഖലകളിലുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നു. യാഷിനെ സംബന്ധിച്ചിടത്തോളം, 'ടോക്സിക്' ഈ മാറ്റത്തിന്റെ പ്രതീകമാണ്. ഇന്ത്യൻ തനിമയിൽ വേരൂന്നിയതും എന്നാൽ ആഗോള പ്രേക്ഷകർക്കായി രൂപകൽപ്പന ചെയ്തതുമായ ഒന്ന്. "എല്ലാവർക്കും ആസ്വദിക്കാവുന്നതും എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നതുമായ ഒരു ചിത്രമാണിത്," എന്നും നടൻ അഭിപ്രായപ്പെട്ടു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂൺ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

SCROLL FOR NEXT