ന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതൊരു ചരിത്ര മുഹൂർത്തമാണ്. കുടിയേറ്റ വിരുദ്ധതയും വർണവെറിയും നിറഞ്ഞ വൈറ്റ് സുപ്രമസിയുടെ കാലത്താണ് മുസ്ലീം-ഹിന്ദു സ്വത്വമുള്ള ഒരു ഇന്ത്യൻ-അമേരിക്കന്‍ വംശജന്‍ ന്യൂയോർക്ക് സിറ്റി മേയറായി അധികാരത്തില്‍ ഏറുന്നത്. 'തീവ്ര കമ്യൂണിസ്റ്റ്' എന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ചാപ്പകുത്തലിനെ മറികടന്നാണ് ക്യാപ്പിറ്റലിസത്തിന്റെ സംഗമസ്ഥാനത്ത് സൊഹ്റാൻ വിജയിച്ചുകയറിയത് എന്നത് ഇതിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നു.
സൊഹ്റാൻ മംദാനിയുടെ സ്വത്വം തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായിരുന്നു. അതുകൊണ്ട് തന്നെ വിജയത്തിന് പിന്നാലെ മംദാനിയുടെ മാതാപിതാക്കളും ശ്രദ്ധാകേന്ദ്രമാകുന്നു. സൊഹ്റാന്റെ ലോക വീക്ഷണത്തെ പരുവപ്പെടുത്തയതിൽ ഈ ഗ്ലോബൽ ഫാമിലിക്കും പങ്കുണ്ട്. അതില്‍ തന്നെ സൊഹ്റാന്റെ അമ്മ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ്. അത് മറ്റാരുമല്ല, പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായർ.
1957 ൽ ഒഡീഷയിലെ റൂർക്കലയിലാണ് ഇന്ത്യൻ-അമേരിക്കൻ ഫിലിംമേക്കറായ മീര നായരുടെ ജനനം. പഞ്ചാബി വേരുകളുള്ള ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടി. വാമൊഴി ചരിത്രങ്ങൾ കേട്ടായിരുന്നു മീരയുടെ വളർച്ച. ഒറീസയിലെ ജാത്രകളും അവളെ പ്രചോദിപ്പിച്ചു. അവളുടെ വീട്ടിൽ അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, സംഗീതം അതിന് പകരമായി. പ്രത്യേകിച്ച് ഗസലുകൾ. വിഭജനകാലത്ത് ലാഹോറിൽ നിന്നെത്തിയ മീരയുടെ അച്ഛൻ അമൃത് ലാൽ നായർ വീട്ടിൽ ഉറുദുവാണ് സംസാരിച്ചിരുന്നത്. ആ മനോഹരമായ ഭാഷയിലൂടെ അതിമനോഹരമായ സാഹിത്യവും മീരയെ തേടിയെത്തി. ഏറ്റവും ലളിതമായ ഒരു ചിന്തയിൽ, അല്ലെങ്കിൽ ഒരു രാഗത്തിൽ നിന്ന് പോലും, അറിയാനും കണ്ടെത്താനും ധാരാളമുണ്ടെന്ന് മീര ചെറുപ്രായത്തിൽ തന്നെ മനസിലാക്കി.
ഷിംലയിലെ ഐറിഷ് കാതൊലിക്ക് സ്കൂളിൽ പഠിക്കുന്ന കാലത്താണ് മീരയ്ക്ക് നാടകത്തോട് പ്രിയം തോന്നിത്തുടങ്ങുന്നത്. പതിനാറാം വയസ്സിൽ, ബംഗാളി നാടകകൃത്ത് ബാദൽ സർക്കാറിനൊപ്പം അവർ കൊൽക്കത്തയിലെ പ്രതിഷേധ നാടകങ്ങളുടെ ഭാഗമായി. തനിക്കുകൂടി പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചാണ് ബാദൽ നാടകങ്ങൾ നിർമിക്കുന്നതെന്ന് മീര മനസിലാക്കി. അവ തെരുവിലേക്കിറക്കുമ്പോൾ അവളതിന്റെ ഭാഗമായി. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്ത്, പ്രവാസി ബ്രിട്ടീഷ് സംവിധായകൻ ബാരി ജോൺ നടത്തുന്ന ഒരു അമേച്വർ നാടക സംഘത്തിനൊപ്പവും മീര പ്രവർത്തിച്ചു. 18-19 വയസ്സിൽ, അക്കാദമികമായി കരിയർ മുന്നോട്ട് കൊണ്ടുപോകാൻ മീര തീരുമാനിച്ചു. കേംബ്രിഡ്ജിൽ സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ബ്രിട്ടീഷ് രാജിനോടുള്ള അവമതിപ്പ് കാരണം മീര അമേരിക്കൻ സർവകലാശാലയായ ഹാർവാർഡ് ആണ് തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമര കാലത്താണ് ജനിച്ചിരുന്നതെങ്കിൽ താനൊരു അരാജകവാദിയാകുമായിരുന്നു എന്നാണ് അക്കാലങ്ങളിൽ മീര തന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. അത്തരം ചിന്തകളിൽ നിന്ന് കൂടിയാകാം 'അമേരിക്ക' എന്ന തെരഞ്ഞെടുപ്പ്. വിഷ്വൽ ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് പഠനത്തിനൊപ്പം ഡോക്യുമെന്ററി ഫിലിം മേക്കിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ച മീര 1979ലാണ് ഹാർവാർഡിൽ നിന്നും ബിരുദം നേടിയത്. ഹാർവാഡിലും മീര നാടകത്തെ കൈവിട്ടില്ല. സെനെക്കയുടെ ഈഡിപ്പസിലെ 'ജോക്കാസ്റ്റസ് സ്പീച്ച്' എന്ന നാടകത്തിലെ അഭിനയത്തിന് മീരയ്ക്ക് ആ കാലത്ത് ബോയിൽസ്റ്റൺ പ്രൈസ് ലഭിക്കുന്നുണ്ട്.
മീര ആദ്യമെടുത്ത ഡോക്യുമെന്ററി, 'ജമാ മസ്ജിദ് സ്ട്രീറ്റ് ജെണൽ', ഓൾഡ് ഡൽഹിയിലെ മനുഷ്യരുമായുള്ള സംവാദമായിരുന്നു. രണ്ടാമത്തെ ഡോക്യുമെന്ററി ഇന്ത്യൻ തെരുവുകളിൽ നിന്ന് ന്യൂയോർക്ക് സബ്‌വേയിലേക്ക് കൂടുമാറി. 52 മിനിറ്റ് ദൈർഘ്യമുള്ള 'സോ ഫാർ ഫ്രം ഇന്ത്യ'' എന്ന ഈ ഡോക്യുമെന്ററി ന്യൂയോർക്കിലെ സബ്‌വേകളിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പത്ര വിൽപ്പനക്കാരന്റെ കഥയാണ് പറയുന്നത്. അമേരിക്കൻ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്കിലെ ഗ്ലോബൽ വില്ലേജ് ഫിലിം ഫെസ്റ്റിവലിലും മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടത് സോ ഫാർ ഫ്രം' ഇന്ത്യയാണ്. 1984ൽ പുറത്തിറങ്ങിയ മീരയുടെ മൂന്നാമത്തെ ഡോക്യുമെന്ററിയായ 'ഇന്ത്യാ കാബറേ', ബോംബെയിലെ സ്ട്രിപ്പ് ഡാൻസേഴ്‌സിനെപ്പറ്റിയായിരുന്നു. അവർ നേരിടുന്ന ചൂഷണത്തിന്റെ കഥയാണ് മീര പറഞ്ഞത്. 130,000 ഡോളറിന് രണ്ട് മാസം കൊണ്ട് നിർമിച്ച ഈ ഡോക്യുമെന്ററി മീരയുടെ കുടുംബത്തിൽ നിന്നുതന്നെ വലിയതോതിൽ വിമർശനം ഏറ്റുവാങ്ങി.
1983ലാണ് മീരയുടെ സിനിമാ പ്രവേശം. എതിർപ്പുകളെ അവഗണിച്ച് മീര നായർ മികച്ച ഒരുപിടി ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ചു. 'സലാം ബോംബെ' ആയിരുന്നു ആദ്യ ചിത്രം. 1988ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി'ഓർ, പ്രിക്സ് ഡു പബ്ലിക് എന്നീ പുരസ്‌കാരങ്ങൾ ഉൾപ്പെടെ 23 അന്താരാഷ്ട്ര അവാർഡുകളാണ് ഈ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 1989ലെ അക്കാദമി അവാർഡിനും 'സലാം ബോംബെ' നാമനിർദേശം ചെയ്യപ്പെട്ടു.
മിസിസിപ്പി മസാല (1991), മൺസൂൺ വെഡ്ഡിംഗ് (2001), ദി നെയിംസേക്ക് (2006) തുടങ്ങിയ മീരയുടെ പിന്നീടുള്ള സിനിമകളിലും വ്യക്തിപരമായ ആഖ്യാനങ്ങളിലേക്ക് സാമൂഹിക വ്യാഖ്യാനങ്ങളെ സംയോജിപ്പിക്കുന്നത് കാണാം. പ്രവാസവും, പ്രണയവും ഒരു സ്ത്രീയുടെ കണ്ണുകളിലൂടെ സ്ക്രീനിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു ഈ സിനിമകൾ.
1946ല്‍ മുംബൈയിൽ ജനിച്ച മഹ്മൂദ് മംദാനി, ഉഗാണ്ടയിലെ കമ്പാലയിലാണ് വളർന്നത്. കൊളോണിയലിസത്തെയും പോസ്റ്റ് കൊളോണിയൽ രാഷ്ട്രീയത്തെയും കുറിച്ചുള്ള പഠനങ്ങളിലാണ് മംദാനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 1972 ൽ ഈദി അമീന്റെ ഭരണകാലത്ത് ഉഗാണ്ടയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 1974 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.
1989ല്‍ ആണ് മീര നായരും മഹ്‌മൂദ് മംദാനിയും കണ്ടുമുട്ടുന്നത്. മിസിസിപ്പി മസാല എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ക്കിടയിലായിരുന്നുവിത്. 'ഫ്രം സിറ്റിസണ്‍ ടു റെഫ്യൂജി' എന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് മീരയെ മംദാനിക്ക് മുന്നിൽ എത്തിച്ചത്. ആ കൂടിക്കാഴ്ച ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു.
1991ല്‍ മീരയും മംദാനിയും വിവാഹിതരായി. അതേ വർഷം തന്നെ 1991ൽ സൊഹ്റാൻ ജനിച്ചു.
പലസ്തീൻ അനുകൂലിയായ മഹ്മൂദ്, ഇസ്രയേലിന്റെ അധിനിവേശ നയങ്ങളുടെ നിരന്തര വിമർശകനാണ്. മീരയും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. 2013 ജൂലൈയിൽ ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് 'വിശിഷ്ടാതിഥി'യായുള്ള ക്ഷണം നിരസിച്ചതില്‍ മീരയുടെ രാഷ്ട്രീയം പ്രകടമാണ്. പലസ്തീനോടുള്ള ഇസ്രയേലിന്റെ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആ തീരുമാനം. അന്ന് ട്വിറ്ററിൽ (ഇന്നത്തെ എക്സ്) അവർ തുടർച്ചയായി കുറിച്ചത് ഇങ്ങനെയാണ്: "മതിലുകൾ ഇടിഞ്ഞുവീഴുന്നൊരു കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. അധിനിവേശം ഇല്ലാതാകുന്ന കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും... ഒരു മതത്തിന് മറ്റൊരു മതത്തേക്കാൾ പ്രാധാന്യം ഭരണകൂടം നൽകാത്ത കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. വർണവിവേചനം അവസാനിക്കുന്ന കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. ഇതെല്ലാം ഉടൻ അവസാനിക്കും, അങ്ങനെ ഞാൻ ഇസ്രയേലിലേക്ക് പോകും," ഈ പ്രതീക്ഷയാണ് മീര നായർ എന്ന ക്രിയേറ്റർ.
ഈ ദമ്പതികളുടെ കാഴ്ചപ്പാടുകളാണ് സൊഹ്റാനിലെ സാമൂഹിക പ്രവർത്തകനെ രൂപപ്പെടുത്തിയത്. അതാണ് നമ്മൾ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം കണ്ടതും.