യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് ഒരു ലേം ഡക്കായി മാറിയ കാഴ്ച ലോകം കണ്ടു. ലേം ഡക്ക് അഥവാ മുടന്തൻ താറാവ്. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും, അതാണ് സത്യം. ലേം എന്നാല് മുടന്തൻ അല്ലെങ്കില് ദുർബലൻ എന്നാണ് അർഥം “ഡക്ക്” എന്നത് ഒരു രൂപകമാണ്. അതായത്, പറക്കാൻ കഴിയാത്ത മുടന്തൻ താറാവിനെ പോലെ ട്രംപ് മാറി. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ സാമ്പത്തികമായി തകർന്ന വ്യാപാരികളെ വിശേഷിപ്പിക്കാനായിരുന്നു ഈ പ്രയോഗം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയത്തിലേക്കും ഈ വാക്ക് പ്രയോഗിക്കപ്പെട്ടു.
കഴിഞ്ഞ 80 വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ, അതിൽ 90ശതമാനത്തിലധികവും അധികാരത്തിൽ ഇരിക്കുന്ന പ്രസിഡൻ്റിനും പാർട്ടിക്കും തിരിച്ചടി നേരിട്ടു എന്നതാണ് ചരിത്രം. ജോൺ എഫ്. കെന്നഡിയിൽ തുടങ്ങി ബറാക് ഒബാമയ്ക്ക് പോലും അതിനെ മറികടക്കാൻ സാധിച്ചില്ലെന്നതും ചരിത്ര താളുകൾ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയം അമേരിക്കൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. സെനറ്റിലും ജനപ്രതിനിധിസഭയിലും വലിയ മുന്നേറ്റമാണ് ഡെമോക്രാറ്റ് സ്ഥാനാർഥികൾ നടത്തിയത്. ചരിത്രത്താളുകളിൽ രേഖപ്പെടുത്താവുന്ന വിധത്തിലുള്ള ആധികാരിക വിജയം. കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ട്രംപ് ഭരണത്തിനെതിരായ അമേരിക്കൻ ജനതയുടെ എതിർപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് പകൽ പോലെ വ്യക്തം. യുഎസ് പാർലമെൻ്റിൽ അംഗമാകുന്ന ആദ്യ ജെൻ സിയായ മെലത് കീറോസും, ചരിത്രത്തിലെ ആദ്യ മുസ്ലീം സെനറ്ററായി വിജയിച്ച അബ്ദുൽ സയ്യിദും തുടങ്ങി ആറോളം സോഷ്യലിസ്റ്റുകളാണ് വിജയക്കൊടി നാട്ടിയത്.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരേസമയം 5 കറുത്തവർഗ്ഗക്കാർ ഗവർണർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു എന്നത് ട്രംപിനുംതീവ്ര വംശീയ അജണ്ടകൾക്കുള്ള കനത്ത മറുപടിയാണ്. മേരിലാൻഡിൽ വെസ് മൂർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം, ഫ്ലോറിഡയിൽ ബൈറൺ ഡൊണാൾഡ്സ്, ജോർജിയയിൽ കെയ്ഷ ലാൻസ് ബോട്ടംസ്, വിസ്കോൺസിനിൽ ഡേവിഡ് ക്രോളി, നെവാഡയിൽ ആരോൺ ഫോർഡ് എന്നിവരും വിജയക്കൊടി നാട്ടി. അമേരിക്കൻ ജനതയ്ക്ക് മുന്നിൽ തുറന്നുവയ്ക്കപ്പെട്ടത് പ്രതീക്ഷയുടെ പുത്തൻ അധ്യായം.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച അണികളും ഒപ്പം സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ കോട്ടകളിലും ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന സ്വതന്ത്ര വോട്ടർമാരും കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലെത്തിയതാണ് ഈ തകർപ്പൻ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ തന്ത്രജ്ഞർ വിലയിരുത്തുന്നു. മാസങ്ങൾക്ക് മുമ്പ് വരെ തീരെ വിജയസാധ്യതയില്ലാത്ത മത്സരങ്ങളെന്ന് കരുതിയിരുന്നിടത്ത് പോലും സ്ഥാനാർത്ഥികളെ നിർത്താനുള്ള ഡെമോക്രാറ്റുകളുടെ തന്ത്രവും ഫലം കണ്ടു. ട്രംപിൻ്റെ ജനപ്രീതിയില്ലായ്മയും വിലക്കയറ്റത്തിനെതിരെയുള്ള ജനരോഷവും മറികടക്കാൻ പാടുപെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കെതിരെ, നടത്തിയ ആ പരീക്ഷണങ്ങൾ വലിയ നേട്ടമായി മാറി.
താൻ തന്നെയാണ് ബാലറ്റിലെ സ്ഥാനാർത്ഥിയെന്ന് കരുതി വോട്ട് ചെയ്യാനായിരുന്നു ട്രംപിൻ്റെ ആഹ്വാനം. ഇടംവലം നോക്കാതെ വോട്ടമാ അത് അനുസരിച്ചു. പണപ്പെരുപ്പം തടയുമെന്ന വാഗ്ദാനത്തിൻ്റെ പുറത്താണ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് കേസരയിലെത്തിയത്. എന്നാൽ വിദേശ ഉൽപന്നങ്ങൾക്ക് മേൽ അദ്ദേഹം ചുമത്തിയ താരിഫുകളും ഇറാനെതിരെയുള്ള യുദ്ധവും സാധാരണക്കാരുടെ സാമ്പത്തിക നില കൂടുതൽ വഷളാക്കി. സ്വന്തം ജനപ്രീതി റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും അധികച്ചെലവുകൾ ജനം സ്വയം സഹിക്കണമെന്ന മട്ടിലായിരുന്നു പ്രചാരണവേളയിലെ ട്രംപിന്റെ മറുപടി.
പാളിയ പതിനെട്ടാം അടവ്
ഡെമോക്രാറ്റുകളെ രാജ്യം നശിപ്പിക്കുന്ന അപകടകാരികളായ തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളുമാണെന്ന് ചിത്രീകരിക്കാനാണ് ട്രംപും റിപ്പബ്ലിക്കൻമാരും ശ്രമിച്ചത്. എന്നാൽ ആ പ്രചാരണങ്ങളെ വോട്ടർമാർ നിക്ഷ്പ്രഭമാക്കി. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവർ, തീവ്രവാദി കമ്മ്യൂണിസ്റ്റ് പോലുള്ള പരാമർശങ്ങൾക്കൊന്നും ചെവി കൊടുത്തില്ല. വിലക്കയറ്റം എങ്ങനെ നിയന്ത്രിക്കുമെന്ന ട്രംപിൻ്റെ വാക്കുകൾക്ക് കേൾക്കാനായിരുന്നു അവർ കാതോർത്തത്. എന്നാൽ അങ്ങനെ ഒരു വാക്ക് പോലും ട്രംപിൻ്റെ നാക്കിൽ നിന്നും വീണില്ല.
ഇംപീച്ച്മെൻ്റ് ഭീഷണി
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ട്രംപിന് നേരെ ഇംപീച്ചമെൻ്റ് ഭീഷണി ഉയരുന്നു എന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എവിടെയും ഒരു പ്രസിഡൻ്റിനെ പോലും ഇംപീച്ച് ചെയ്തിട്ടില്ല. എന്നാൽ ഇത്തവണ ചരിത്രം വഴിമാറുമോ എന്ന ആകാംഷയും പല കോണിൽ നിന്നും ഉയരുന്നുണ്ട്. അങ്ങനെ ഒരു ചരിത്രം മുഹൂർത്തം ഉറ്റുനോക്കി കൊണ്ട് എല്ലാ കണ്ണുകളും അമേരിക്കയിലാണ്.