ചരിത്രകാരന് - പുസ്തകങ്ങള്‍ക്ക് നടുവില്‍ വായനയില്‍ മുഴുകിയിരിക്കുന്ന ഒരു വൃദ്ധ രൂപമാകും ഈ വാക്കിനൊപ്പം പലരുടെയും മനസിലേക്ക് എത്തുക. 'അറിവിനെ' പ്രായവുമായി ചേർത്തു വയ്ക്കുന്നത് ഒരു പൊതു രീതിയാണ്. എന്നാല്‍ മനു എസ് പിള്ളയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് പോയാല്‍ ഈ തോന്നല്‍ അങ്ങ് പൊയ്‌പ്പോകും.
അയാള്‍ വായിക്കുന്നതും, എഴുതുന്നതും, തന്റെ ബുക്കുമായി ഉലകം ചുറ്റുന്നതും, വർക്കൗട്ട് ചെയ്യുന്നതും കാണുമ്പോള്‍ പൊതുഭാവനയില്‍ ചരിത്രകാരനെ നിർവചിക്കാനിറങ്ങുന്നവർ അറിയാതെ മനസില്‍ പറഞ്ഞുപോകും- "ഇതെന്ത് തേങ്ങയാണ്?" തന്റെ വിചാര ലോകത്തെ ചെറിയ, വലിയ കാര്യങ്ങള്‍ മനു തന്നെ പങ്കുവയ്ക്കുന്നു.
1. ചെറുപ്പത്തില്‍ തന്നെ ചരിത്രകാരന്‍ എന്ന 'പദവി' നേടിയെടുത്ത ആളാണ്. തിരിഞ്ഞുനോക്കുമ്പോൾ, 'ആ' മനു മുന്നോട്ട് വെച്ച ഏതെങ്കിലും ആശയങ്ങളോ വ്യഖ്യാനങ്ങളോ മാറ്റണമെന്ന് തോന്നുന്നുണ്ടോ?
ആദ്യ പുസ്തകത്തിനുവേണ്ടി ഗവേഷണം ആരംഭിക്കുമ്പോള്‍ എനിക്ക് 19 വയസായിരുന്നു. അത് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുമ്പോള്‍ 25ഉം. ആ ആറ് വർഷത്തിനുള്ളിൽത്തന്നെ ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നിരുന്നു - കാര്യങ്ങളോടുള്ള എൻ്റെ കാഴ്ചപ്പാട്, പ്രാഥമിക വിവരങ്ങള്‍ ഞാൻ വിശകലനം ചെയ്ത രീതി... എന്തിന് ഞാന്‍ എഴുതുന്ന രീതി പോലും മാറി. 'ദന്തസിംഹാസനത്തിന്റെ' ആദ്യ രൂപം, ഒടുവില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
അതിനുശേഷം പത്തുവർഷം കൂടി കടന്നുപോയി. ഇപ്പോൾ ഞാന്‍ എന്റെ മുപ്പതുകളിലാണ്. നാല് പുസ്തകങ്ങൾ കൂടി എഴുതി പുറത്തിറക്കി. ചരിത്രത്തിൽ പിഎച്ച്ഡി നേടി. എന്റെ ശൈലിയിലും സമീപനത്തിലും വന്ന മാറ്റങ്ങൾ വായനക്കാര്‍ക്കുപോലും കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കില്‍, എനിക്കും അത് കാണാന്‍ കഴിയുന്നുണ്ട്.
ചരിത്രം എപ്പോഴും രാഷ്ട്രീയ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉപകരണമായിരുന്നു.
ഉദാഹരണത്തിന്, എൻ്റെ ഇരുപതുകളിൽ തർക്ക വിഷയങ്ങളില്‍ സ്കോളേഴ്സ് പറഞ്ഞ വാദങ്ങള്‍ തന്നെയാണ് എന്നെ ആകര്‍ഷിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍, മുപ്പതുകളില്‍ എത്തിനില്‍ക്കുമ്പോള്‍, എനിക്ക് സ്വന്തം ഉള്‍ക്കാഴ്ചകള്‍ കൊണ്ടുവരാനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും സാധിക്കുന്നുണ്ട്.
ശരിയാണ്, നിലവിലുള്ള വിവരങ്ങള്‍ എന്റെ കാഴ്ചകളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ അവ നേരിട്ട് എന്നെ നയിക്കുന്നില്ല. ഞാന്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചില വൃത്തങ്ങളില്‍ 'അപ്രീതി'ക്ക് പാത്രമാകാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ പോലും അഭിസംബോധന ചെയ്യാന്‍ തയ്യാറാണെന്നും ഞാന്‍ കരുതുന്നു. ഇത് ഒരു തരത്തില്‍ ആരോഗ്യകരമായ വികാസമാണ്. അപ്രീതിയും ഒരുതരത്തില്‍ അഭിനന്ദനമാണല്ലോ.
2. ഈ സത്യാനന്തര കാലത്ത്, ചരിത്രം പലപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാറുണ്ട്. ഇത് ചരിത്രകാരന്മാർക്ക് വെല്ലുവിളി ആകുന്നുണ്ടോ?
ചരിത്രം എപ്പോഴും രാഷ്ട്രീയ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണമായിരുന്നു. അത് പുതിയ കാര്യമല്ല. ഉദാഹരണത്തിന്, രാജാക്കന്മാരെക്കുറിച്ചുള്ള ഔദ്യോഗിക കൊട്ടാര രേഖകൾ . അതൊക്കെ വസ്തുനിഷ്ഠമായ വിവരണങ്ങൾ ആകാൻ ഒരു സാധ്യതയുമില്ല. അവ രാജാക്കന്മാരുടെ വീരകഥകള്‍ അവതരിപ്പിക്കാനും, രാഷ്ട്രീയപരമായി അവുടെ സ്ഥാനവും പാരമ്പര്യവും ഉറപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത്തരത്തിലുള്ള ചരിത്രപരമായ വിവരങ്ങളിൽ തന്നെ 'സത്യത്തെ' വളച്ചൊടിക്കലോ അവയുടെ തിരഞ്ഞെടുക്കപ്പെട്ട അവതരണമോ കാണാം.
കഴിഞ്ഞ 15 വർഷത്തിനിടെ, നഗ്നമായ തെറ്റിദ്ധാരണകളും, അസത്യങ്ങളും, ചരിത്രമായി വേഷം കെട്ടുന്ന കെട്ടുകഥകളും വർധിച്ചിട്ടുണ്ട്.
നമ്മുടെ കാലത്തും സമാനമായി രാഷ്ട്രീയ പാർട്ടികൾ ചരിത്രത്തെ, അവരുടെ സ്വന്തം ആഭ്യന്തര ചരിത്രങ്ങൾ ഉൾപ്പെടെ, വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾ നേടുന്നതിനോ മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ വേണ്ടിയാണ്. പക്ഷേ, കഴിഞ്ഞ 15 വർഷത്തെ കാര്യം വ്യത്യസ്തമാണ്. ഈ കാലയളവില്‍ നഗ്നമായ തെറ്റിദ്ധാരണകളും, അസത്യങ്ങളും, ചരിത്രമായി വേഷം കെട്ടുന്ന കെട്ടുകഥകളും വർധിച്ചു.
ഇത് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കണം. അക്കാദമിക് വേദികളിൽ നിന്ന് മാത്രമല്ല, പൊതുജനങ്ങളുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടും ഇത് ചെയ്യണം. മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ സമൂഹത്തിൻ്റെയും ലോകത്തിൻ്റെയും അവസ്ഥയെക്കുറിച്ച് ചിലത് പറയുന്നുണ്ട്. ഭാവിയിലെ ചരിത്രകാരന്മാർ ഇതെല്ലാം താൽപ്പര്യത്തോടെ വിശകലനം ചെയ്യുകയും ഒരുപക്ഷേ നമുക്ക് ഇപ്പോൾ വ്യക്തമല്ലാത്ത പല കാര്യങ്ങള്‍ക്കും ഉത്തരങ്ങൾ നൽകുകയും ചെയ്തേക്കും.
3. ദന്തസിംഹാസനത്തില്‍ തിരുവിതാംകൂർ, റെബല്‍ സുല്‍ത്താന്‍സില്‍ ഡെക്കാൻ...ഇങ്ങനെ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ പഠിക്കാനോ എഴുതാനോ തീരുമാനിക്കുമ്പോൾ താങ്കളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് എന്തൊക്കെയാണ്?
ഓരോ ചരിത്രകാരനും അവരെ ആകർഷിക്കുന്ന വിഷയങ്ങളുണ്ടാകും. ഇതിൽ ചിലത് വ്യക്തിപരമായ താൽപ്പര്യങ്ങളിൽ നിന്നാണ് വരുന്നത്. ഉദാഹരണത്തിന്, എനിക്കൊരു സാമ്പത്തിക ചരിത്രകാരനാകാൻ കഴിയില്ല. കാരണം അത് എന്നെ വ്യക്തിപരമായി ആകർഷിക്കുന്നില്ല. പക്ഷേ, കലാചരിത്രം, ഭൗതിക ചരിത്രം, ജീവചരിത്ര പഠനങ്ങൾ, ഇതൊക്കെ എന്നെ ആകർഷിക്കുന്നതാണ്. ചിലപ്പോള്‍ ഭൂമിശാസ്ത്രപരമായ മേഖലകളും ശ്രദ്ധിച്ചേക്കാം. ചിലർ വലിയ ക്യാന്‍വാസില്‍ ഭൂഖണ്ഡാന്തര ചരിത്രങ്ങൾ എഴുതുന്നു. മറ്റു ചിലർ പ്രത്യേക പ്രദേശങ്ങളിലോ സ്ഥലങ്ങളിലോ ആകും കൂടുതൽ സൂക്ഷ്മമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രത്യേക കാഴ്ചപ്പാടുകളിൽ നിന്നും വിഷയങ്ങളെ സമീപിക്കാം. രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഫെമിനിസ്റ്റ് വായന അത്തരത്തിലൊന്നാണ്. ഒരേ കഥകൾ പലവിധത്തിൽ പറയാൻ സാധിക്കുന്നത് അതുകൊണ്ടാണ്. നല്ല രീതിയിൽ ചെയ്യുമ്പോൾ, ഇത്തരത്തിലുള്ള ഓരോ പുനരാഖ്യാനവും നമ്മുടെ അറിവിനെയും വിവരശേഖരത്തെയും കൂടുതൽ സമ്പന്നമാക്കും.
ചരിത്രകാരന്മാര്‍ അവർ ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്യുന്ന സമൂഹങ്ങളുടെ ഉൽപ്പന്നങ്ങളാണ്. അതിനാല്‍, തികച്ചും വസ്തുനിഷ്ഠമായിരിക്കുക എന്നത് അസാധ്യമാണ്.
ഉദാഹരണത്തിന്, 'ദന്തസിംഹാസനത്തില്‍', ഞാൻ ഒരു നാട്ടുരാജ്യത്തെ (തിരുവിതാംകൂർ) ഉള്ളിൽ നിന്നാണ് പരിശോധിക്കുന്നത്. അവിടുത്തെ കൊട്ടാരത്തിന്റെ പ്രവർത്തനം, ജാതി രാഷ്ട്രീയം, അധികാരഘടന എന്നിങ്ങനെ.... എന്നാൽ 'വ്യാജ സഖ്യങ്ങള്‍ (False Allies)' എന്ന പുസ്തകത്തിൽ, കോളനി-ഇന്ത്യൻ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നിന്ന് ഇതേ രാജ്യത്തെ സമീപിക്കുമ്പോൾ വ്യത്യസ്തമായ ഉൾക്കാഴ്ചകൾ ലഭിക്കുന്നു. രണ്ടും സാധുവാണ്. ഏത് നിലപാടിൽ നിന്നാണ് വിഷയത്തെ നോക്കി കാണുന്നത് എന്നതാണ് വ്യത്യാസം.
4. ചരിത്രം'വസ്തുനിഷ്ഠമാണോ? ചരിത്രകാരനോ? എല്ലാ ചരിത്രകാരന്മാർക്കും സഹജമായ പക്ഷപാതമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, താങ്കളുടെ ബൗദ്ധിക ചായ്‌വുകളെ എങ്ങനെ വിവരിക്കും?
ചരിത്രകാരന്മാരും അവർ ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്യുന്ന സമൂഹങ്ങളുടെ ഉൽപ്പന്നങ്ങളാണ്. അതുകൊണ്ട്, ഒരു അർത്ഥത്തിൽ, തികച്ചും വസ്തുനിഷ്ഠമായിരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഇത് ചരിത്രത്തിന്റെ മാത്രം പ്രത്യേകതയല്ല. ശാസ്ത്രവും ഒരു വസ്തുനിഷ്ഠമായ കാര്യമല്ലെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്. കാരണം ശാസ്ത്രീയ പഠനങ്ങളില്‍ ഏർപ്പെടുന്ന ശാസ്ത്രജ്ഞരും വ്യക്തിനിഷ്ഠരാണ്. അവർ അവരുടെ പ്രവൃത്തിയിൽ വിവിധ സാമൂഹിക സ്വാധീനങ്ങളും വിശ്വാസങ്ങളും അനുമാനങ്ങളും കുത്തിവയ്ക്കുന്നു.
കാര്യം അങ്ങനൊക്കെയാണെങ്കിലും, 'പക്ഷപാതം' ഒരു രസകരമായ വാക്കാണ്. ബോധപൂർവമായ പക്ഷപാതം ഉണ്ടാകാം. അതായത് പ്രത്യയശാസ്ത്രപരമായ നിലപാടുകളാൽ നയിക്കപ്പെടുന്ന ചരിത്രകാരന്മാരുണ്ട്. അവർ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ സ്വയം തിരിച്ചറിയുന്നു. അവർ ഈ കാഴ്ചപ്പാടുകളിൽ നിന്ന് കൊണ്ടാകും ഭൂതകാലത്തെ അവതരിപ്പിക്കുക. ഇതല്ലാതെ, അബോധപൂർവമായ പക്ഷപാതമുണ്ട്. അത് എല്ലാ മനുഷ്യർക്കും ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യമാണ്.
എൻ്റെ ഈ ഉത്തരത്തിൻ്റെ തുടക്കത്തിൽ ഞാൻ സൂചിപ്പിച്ചത് അതാണ്. ഞാൻ പലപ്പോഴും പറയാറുള്ളത് പോലെ, നല്ല പരിശീലനവും അനുഭവസമ്പത്തും അഞ്ച് ശതമാനമോ അതിൽ താഴെയോ ആയി പക്ഷപാതിത്വം കുറയ്ക്കാന്‍ ചരിത്രകാരന്മാരെ സഹായിക്കുന്നു. സ്വയം വെല്ലുവിളിക്കുകയും മുൻധാരണകൾ ഉപേക്ഷിക്കാൻ തയ്യാറാകുകയും വേണം. അപ്രീതിക്ക് സാധ്യതയുണ്ടെങ്കിൽ അത് നേരിടാൻ തയ്യാറാകണം.എങ്കില്‍ മാത്രമേ നമുക്ക് പക്ഷപാതിത്വം കുറയ്ക്കാന്‍ കഴിയൂ.
എന്നെ സംബന്ധിച്ചിടത്തോളം, തെളിവുകളാൽ നയിക്കപ്പെടുന്ന ഒരാളായി സ്വയം കരുതാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ . ഞാൻ ശരിയായ എന്തോ ചെയ്യുന്നുണ്ടായിരിക്കണം. കാരണം, പുസ്തകത്തിനനുസരിച്ച്, ഞാന്‍ ഇടതുപക്ഷ അനുഭാവിയാണെന്നും, വലതുപക്ഷ അനുഭാവിയാണെന്നും, ജാതി അന്ധനാണെന്നും, ജാതി ബോധമുള്ളവനാണെന്നും, ഫെമിനിസ്റ്റാണെന്നും മറ്റും ആരോപിക്കാറുണ്ട്. എൻ്റെ സ്വന്തം കാഴ്ചപ്പാടിൽ, ചരിത്രകാരന്മാർ, പ്രത്യേകിച്ച് പൊതുജനങ്ങൾക്കായി എഴുതുന്നവർ, ഈ ലേബലുകളെ ഭയപ്പെടരുത്. ചരിത്രം എപ്പോഴും ഒരു ചർച്ചയാണ്. ഒരാൾ തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമായി അവതരിപ്പിക്കണം, കൂടുതൽ ശക്തമായ ഒരു വാദമുണ്ടെങ്കിൽ, അത് വിജയിക്കട്ടെ.
5. ഇന്ത്യയുടെ ചരിത്രം പറയാൻ വിദേശ ആർക്കൈവുകളെ ആശ്രയിക്കുന്നത് വിശ്വാസ്യ യോഗ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ? അത്തരം ആർക്കൈവുകള്‍ക്ക് പാശ്ചാത്യ കാഴ്ചപ്പാടുകളോട് പക്ഷപാതം ഉണ്ടാകാൻ സാധ്യതയുണ്ടോ, അങ്ങനെയാണെങ്കിൽ, ചരിത്രകാരന്മാർ അതെങ്ങനെ കൈകാര്യം ചെയ്യണം?
അത് അത്ര എളുപ്പമല്ല. ഉദാഹരണത്തിന്, 'ദന്തസിംഹാസനം' പുറത്തിറങ്ങിയപ്പോൾ, ഞാൻ 'ബ്രിട്ടീഷ് ആർക്കൈവുകൾ' ഉപയോഗിച്ചു എന്ന് പറഞ്ഞ് തിരുവനന്തപുരത്തെ പല രാജകുടുംബാംഗങ്ങളും എന്നെ കുറ്റപ്പെടുത്തി. എന്താണ് ആ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്? രേഖകൾ ലണ്ടനിൽ ഇരിക്കുന്നു എന്നതുകൊണ്ട് അവ 'ബ്രിട്ടീഷ്' ആകണമെന്നില്ല. വിദേശത്തുള്ള ഇന്ത്യൻ വംശജരുടെ രേഖകളുണ്ട്. അതുകൊണ്ട് അവ വിദേശ വസ്തുക്കളാകുന്നില്ല.
മാത്രമല്ല, ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായതും എന്നാൽ വിദേശത്ത് ലഭ്യമായതുമായ വിവരങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഒരു ചരിത്ര വ്യക്തിയുടെ 1870കളിലെ കുറ്റസമ്മത കത്ത്. അതിൽ അദ്ദേഹം ചില സംശയാസ്പദമായ വ്യക്തിപരമായ ശീലങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിൻ്റെ മലയാളം മൂലകൃതി നഷ്ടപ്പെടുകയോ അദ്ദേഹത്തെ പുനരധിവസിപ്പിച്ച ശേഷം നശിപ്പിക്കപ്പെടുകയോ ചെയ്തു. എന്നാൽ ഒരു ഇംഗ്ലീഷ് പരിഭാഷ നിലവിലുണ്ട്. ബ്രിട്ടീഷ് രേഖകളിൽ ഇരിക്കുന്നതുകൊണ്ട് ചരിത്രകാരൻ ഇത് അവഗണിക്കണോ?
മറ്റൊരു ഉദാഹരണം പറയാം. തിരുവിതാംകൂർ ദിവാൻ ആയിരുന്ന നാണു പിള്ളയുടെ സ്വകാര്യ രേഖകൾ ഡൽഹിയിലുണ്ട്. അതൊക്കെ 'ഡൽഹി ആർക്കൈവുകൾക്ക്' ഉള്ളതാണെന്നും കേരളത്തിലെ ചരിത്രകാരന്മാർക്ക് ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നുമാണോ അതിനർത്ഥം? ഒരു നല്ല ചരിത്രകാരന് പ്രശ്നകരമായ വിവരങ്ങൾ പോലും വിശകലനം ചെയ്യാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഉപയോഗപ്രദവും ന്യായയുക്തവുമായവ വേർതിരിച്ചെടുക്കാനും അതിശയോക്തികളും മുൻവിധികളും തള്ളിക്കളയാനും പരിശീലനം കിട്ടിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. അതുകൊണ്ടാണ് ചരിത്രകാരന്മാർ കല മുതൽ കെട്ടിടങ്ങൾ വരെയും ഗ്രന്ഥങ്ങൾ മുതൽ പ്രചാരണ സൃഷ്ടികൾ വരെയും എല്ലാം വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവയിൽ നിന്നെല്ലാം നമുക്ക് ചരിത്രപരവും ഗവേഷണപരവുമായ മൂല്യം നേടാൻ സാധിക്കണം.
6. മനുവിനെ ജനപ്രിയനാക്കിയത് എഴുത്ത് രീതി കൂടിയാണ്. ഗവേഷണവും ഫിക്ഷണല്‍ ആഖ്യാന രീതിയും സമന്വയിക്കുന്ന ഈ ശൈലി എങ്ങനെ വികസിപ്പിച്ചെടുത്തു?
ചരിത്രത്തോട് ആണെനിക്ക് ഇഷ്ടം. പക്ഷേ ഞാൻ ഒരു എഴുത്തുകാരൻ കൂടിയാണ്. ഈ രണ്ട് താൽപ്പര്യങ്ങളും എനിക്ക് ഒരുമിപ്പിക്കണമായിരുന്നു. കാരണം ഞാന്‍ ആഗ്രഹിക്കുന്നത് പൊതുജനങ്ങളിലേക്ക് ചരിത്രത്തെ എത്തിക്കാനാണ്. അതുകൊണ്ടാണ് പിഎച്ച്ഡിയും അക്കാദമിക് യോഗ്യതകളും ഉണ്ടായിട്ടും ഞാൻ ഇപ്പോഴും ഈ രീതിയിൽ എഴുതുന്നത്. ഇത് ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഞാൻ അത് പൂർണമായി ആസ്വദിക്കുന്നു. ചരിത്രം പഠിക്കുന്നതിനെക്കുറിച്ചോ ഇതിൽ ഒരു കരിയർ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടു കൂടിയില്ലാത്ത അനേകം ആളുകളെ ചരിത്രത്തിലേക്ക് ആകർഷിക്കാൻ 10 വർഷത്തെ കരിയർ കൊണ്ട് എനിക്ക് സഹായിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വിജയമാണ്.
7. വായന, എഴുത്ത്, ഗവേഷണം... മനു എസ് പിള്ളയുടെ ഒരു ദിവസം എങ്ങനെയാണ്?
എനിക്ക് ഒരു ഓഫീസ് ഉണ്ട്. അതായത് എല്ലാ ദിവസവും രാവിലെ ഞാൻ പോകുന്ന ഒരു പ്രത്യേക ജോലിസ്ഥലം. ഓഫീസിലേക്ക് പോകുന്ന മറ്റേതൊരു ആളെയും പോലെ ഞാന്‍ കൃത്യം ജോലി സമയം പാലിക്കും. അത് അച്ചടക്കം പാലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ സഹായിക്കുന്നുണ്ട്.
ഗവേഷണ ഘട്ടം വ്യത്യസ്തമാണ്. വിദേശത്തേക്കുള്ള യാത്രകളും ധാരാളം വായനയും നോട്ട് കുറിക്കലുമൊക്കെയാണ് ഈ ഘട്ടത്തില്‍. അത്തരം സമയങ്ങളിൽ ഞാൻ ഓഫീസിലായിരിക്കില്ല, ആർക്കൈവുകളിലും ലൈബ്രറികളിലുമായിരിക്കും. നിങ്ങളോടാരും പറയാത്തൊരു കാര്യമുണ്ട്. ഗവേഷണം ചെലവേറിയതാണ്. സർവകലാശാലാ സംവിധാനങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്നവർ സ്വന്തമായി വേണം ഫണ്ട് കണ്ടെത്താന്‍.
ചരിത്രം ക്ലാസ് മുറികളില്‍ മാത്രമല്ല, പുറത്തും സംസാരിക്കേണ്ടത് അത്യാവശ്യംമനു എസ് പിള്ള
8. രാഷ്ട്രീയക്കാർ പലപ്പോഴും ഭൂതകാലത്തെക്കുറിച്ചുള്ള അവരുടേതായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവേഷണാധിഷ്ഠിത ചരിത്രരചനയെ ജനകീയമാക്കേണ്ടതിൻ്റെ ആവശ്യം ഇപ്പോള്‍ വർധിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
ഇത് പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഞാൻ എന്താണ് വിശ്വസിക്കുന്നതെന്ന കാര്യം കുറച്ച് നേരത്തേക്ക് മറന്നേക്കൂ. ഇന്ന്, ഇന്ത്യയില്‍ചരിത്ര പുസ്തകങ്ങളോടുള്ള അഭിരുചി ശ്രദ്ധിക്കുക.പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. നല്ല ഗവേഷകരും പണ്ഡിതന്മാരും അവരെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ, മറ്റ് ശക്തികള്‍ ഈ മേഖല കൈയടക്കുന്നുവെന്ന് പരാതിപ്പെടുന്നതിൽ അർത്ഥമില്ല. ക്ലാസ് മുറികള്‍ക്ക് ഉള്ളില്‍ മാത്രമല്ല, പുറത്തും ചരിത്രത്തെപ്പറ്റി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലെ ഇന്നത്തെ കാലത്ത് ഭൂതകാലത്തെപ്പറ്റി ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ധാരണയുണ്ടാക്കാന്‍ സാധിക്കൂ.
വിദേശങ്ങളിലുള്ള അക്കാദമിക സംരംഭങ്ങള്‍ പതിറ്റാണ്ടുകളായി ഇത് ചെയ്തു വരുന്നതാണ്. അവർ സ്കോളേഴ്സിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ള രചനകള്‍ക്കൊപ്പം തന്നെ സാധാരണക്കാർക്കായുള്ള രചനകളും എഴുതുന്നു. ഇന്ത്യയില്‍ ഈ കാര്യങ്ങള്‍ നമ്മള്‍ താരതമ്യേന വൈകിയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് മാറുന്നുണ്ട്.
9. ഗവേഷണത്തിനിടയിൽ "ഇതെന്ത് തേങ്ങയാ?" (What a Coconut?) എന്ന് തോന്നിയ നിമിഷം? താങ്കളുടെ അത്തരം ഒരു അനുഭവം പങ്കുവയ്ക്കാമോ?
'വ്യാജ സഖ്യങ്ങള്‍' എന്ന പുസ്തകത്തിനായി പ്രവർത്തിക്കുമ്പോഴാണ് അവസാനമായി എനിക്ക് അങ്ങനെയൊരു തോന്നലുണ്ടായത്. 1860കളിൽ, രാജാ രവിവർമയുടെ ഭാര്യാപിതാവിനെതിരെ ഒരു കൊലക്കുറ്റം ആരോപിക്കപ്പെട്ടിരുന്നതായി ഞാന്‍ കണ്ടെത്തി . ഒരു ചക്കകൊണ്ട് പാവപ്പെട്ട ഒരു മനുഷ്യനെ അടിച്ചുകൊന്നു എന്നായിരുന്നു ആരോപണം