കരയിലുള്ള പല കലാസൃഷ്ടികളും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പ്രധാനമാണ് ശില്പങ്ങൾ. സ്റ്റാച്യു ഓഫ് യൂണിറ്റി, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് ബുദ്ധ സ്റ്റാച്യു തുടങ്ങി ലോകത്തിലെ ഏറ്റവും വലുത് മുതൽ പ്രധാനപ്പെട്ടത് വരെയുള്ള ശില്പങ്ങളെപ്പറ്റി നമുക്ക് അറിയാം. എന്നാൽ കടലിനടിയിലെ ശില്പങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ?. അവയുടെ ലക്ഷ്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ?.
സമുദ്രത്തിലെ അമ്ലത്തിന്റെ അളവ് കൂടിയതോടെ പവിഴപ്പുറ്റുകളുടെ നാശം തുടങ്ങി. വ്യാവസായിക വിപ്ലവത്തിന് ശേഷം അതിന്റെ അളവ് 30% വർധിച്ചു. കൂടാതെ മനുഷ്യനിർമിത കാർബൺ വികിരണത്തിന്റെ തോത് വർധിച്ചതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നശിച്ചത് 40% പവിഴപ്പുറ്റുകളാണ്. 2050 ഓടെ ഇതിന്റെ അളവ് 80% വർധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ സാഹചര്യത്തിൽ തകർന്ന സമുദ്രാ ആവാസവ്യവസ്ഥയെ പുനരുദ്ധികരിക്കുക, സമുദ്ര വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കടലിനടിയിൽ പ്രതിമകൾ നിർമിക്കാൻ തുടങ്ങിയത്. 2006-ൽ ബ്രിട്ടീഷ് ശില്പിയായ ജേസൺ ഡികെയേഴ്സ് ടെയ്‌ലറാണ് ആദ്യത്തെ ആധുനിക പവിഴപ്പുറ്റുകളുടെ ശില്പം നിർമിച്ചത്.
പവിഴപ്പുറ്റുകളുടെ നാശം സമുദ്ര ആവാസവ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് വന്നതോടെയാണ് ഡികെയേഴ്‌സ് ടെയ്‌ലർ ഇത്തരമൊരു റീഫ് ശില്പങ്ങൾക്ക് രൂപം നൽകിയത്. കൃത്രിമമായി നിർമിച്ച പാറകളാണ് റീഫ് ശില്പങ്ങൾ. പ്രകൃതിദത്തമായ പാറയുടെ അതെ ആകൃതിയിൽ നിർമിച്ച ഇവ ജലാന്തരീക്ഷത്തിൽ സ്ഥാപിക്കും. നാല് മുതൽ ഒമ്പത് മീറ്റർ വരെ വെള്ളത്തിനടിയിൽ എവിടെയും സ്ഥാപിക്കാവുന്ന ഈ ശില്പങ്ങൾക്ക് ആവാസവ്യവസ്ഥയെ പിടിച്ചുനിർത്താനും പവിഴപ്പുറ്റുകളുടെ വളർച്ചയെ സഹായിക്കാനും കഴിയും. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ സമുദ്രം, കരീബിയൻ കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയിൽ ഇത്തരത്തിലുള്ള ശില്പങ്ങൾ വിന്യസിച്ചിട്ടുണ്ട്.
കടലിലെ ജീവജാലങ്ങൾക്ക് ഹാനികരമാവാത്ത രീതിയിലാണ് ഡികെയേഴ്‌സ് ടെയ്‌ലർ അദ്ദേഹത്തിന്റെ പ്രതിമകളുടെ നിർമാണം നടത്തിയിരിക്കുന്നത്. ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ലോഹങ്ങളും മറ്റു പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് നിർമാണം നടത്തിയത്. മറൈൻ ഗ്രേഡ് സിമൻ്റ് കൊണ്ടാണ് ശിൽപങ്ങളെല്ലാം നിർമിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകളുടെ ലാർവകളെ ശക്തമായി നിലനിർത്താനായി ടെയ്‌ലർ തൻ്റെ ശില്പങ്ങൾ പരുക്കൻ ഘടനയിലാണ് ചെയ്തെടുത്തത്. കൂടാതെ മത്സ്യങ്ങളുടെ പ്രജനനത്തിനായി കർവ് ആകൃതിയും ധാരാളമായി ശിൽപങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ മ്യൂസിയം മെക്‌സിക്കോയിലെ ഇസ്‌ലാ മുജറെസ് തീരത്ത് സ്ഥിതി ചെയ്യുന്ന കാൻകൺ അണ്ടർവാട്ടർ മ്യൂസിയം എന്നറിയപ്പെടുന്ന മ്യൂസിയോ സബാക്യുട്ടിക്കോ ഡി ആർട്ടെ (MUSA) ആണ്. ജേസൺ ഡികെയേഴ്‌സ് ടെയ്‌ലർ സൃഷ്ടിച്ച ഈ മ്യൂസിയത്തിൽ 500-ലധികം ശില്പങ്ങളാണ് ഉള്ളത്. കോറൽ ഗ്രീൻഹൗസ് പിഎച്ച്-ന്യൂട്രൽ സിമൻ്റ്, കോറഷൻ-റെസിസ്റ്റൻ്റ് സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവ കൊണ്ടാണ് ശില്പങ്ങളുടെ നിർമാണം. ഓരോവർഷവും അനവധി ആളുകൾ ആണ് ടെയ്‌ലറിന്റെ അണ്ടർ വാട്ടർ മ്യുസിയം കാണാനായി എത്തുന്നത്.
ഫ്രാൻസിലെ കാൻസ് തീരത്തുള്ള മനുഷ്യ മുഖങ്ങളുള്ള ആറ് ശില്പങ്ങൾ അടങ്ങിയ കാൻസ് അണ്ടർവാട്ടർ ഇക്കോ-മ്യൂസിയം, ഗ്രാൻഡ് കേമൻസിലെ ഗാർഡിയൻ ഓഫ് ദി റീഫ്, ബഹാമസിലെ ഓഷ്യൻ അറ്റ്ലസ്, ഇറ്റലിയിലെ ക്രൈസ്റ്റ് ഓഫ് ദി അബിസ്, ഫിലിപ്പീൻസിലെ വിർജിൻ മേരി എന്നിവയാണ് ലോകത്തിലെ തന്നെ പ്രധാന അണ്ടർവാട്ടർ ശില്പങ്ങൾ.