മധുരം ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. ഇനി പ്രമേഹം പോലെ ആരോഗ്യപ്രശ്നങ്ങൾ കാരണം വേണ്ടെന്ന് വച്ചാലും ഏപ്പോഴെങ്കിലും അൽപ്പം മധുരം കഴിക്കാൻ തോന്നുന്നവരാണ് അധികവും. മധുരപ്രേമികളുടെ പ്രധാന ആശ്രയം ചോക്ലേറ്റുകളായിരിക്കും. ഇനി കുറച്ച് ഹെൽത്തിയാകണമെങ്കിൽ ഡാർക് ചോക്ലേറ്റുകളുമാകാം. പ്രണയവും, ആഘോഷവും, സങ്കടവും, ചിലപ്പോ ആരോഗ്യകരമായ ഡയറ്റിലും ചോക്ലേറ്റുകൾ കടന്നുവരുന്നു.
ഇത്ര മധുരവും സന്തോഷവും നൽകുന്ന ചോക്ലേറ്റിന് മാത്രമായി ഒരു ദിനം കൂടിയുണ്ട്. അതാണ് ചോക്ലേറ്റ് ഡേ. എല്ലാവർഷവും ജൂലൈ 7-നാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. 1550-ൽ ചോക്ലേറ്റ് ആദ്യമായി യൂറോപ്പിൽ എത്തിയതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത് പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റുകൾ സമ്മാനിച്ചും പലതരം ചോക്ലേറ്റ് വിഭവങ്ങൾ ഉണ്ടാക്കിയും ആളുകൾ ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നു. ഇതിനു പുറമേ വാലൻ്റൈൻ വാരത്തിൽ ഫെബ്രുവരി എട്ടിനും ചോക്ലേറ്റ് ഡേ ആഘോഷിക്കാറുണ്ട്.
വെറും മധുരമെന്ന് കരുതുന്ന ഈ ചോക്ലേറ്റിന് യൂറോപ്പിന്റെ കാർഷിക- സാമ്പത്തിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരിടം ഉണ്ട്. ബിസി. 350-ൽ മായൻ വംശജർ കൊക്കോ പരിപ്പ് ഉപയോഗിച്ച് തുടങ്ങുന്നു. തുടർന്ന് എഡി. 1680 ആയപ്പോൾ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം വളർന്ന് പടർന്ന കൊളോണിയൽ കൊക്കോ തോട്ടങ്ങൾ. അസ്ടെക് വംശജർ (എ.ഡി. 1400) കൊക്കോ പരിപ്പ് കറൻസിയായി ഉപയോഗിച്ചിരുന്നുവെന്നത് വേറെ കൗതുകം. മായൻ വംശജർ ദേവന്മാരുടെ ഭക്ഷണമായാണ് ചോക്ലേറ്റിനെ കരുതിയിരുന്നത്.മധ്യഅമേരിക്കയിൽ കയ്പ്പുള്ള എന്നർഥം വരുന്ന നവോട്ട - Xocoalati എന്നവാക്കിൽ നിന്നാണ് ചോക്ലേറ്റ് എന്ന വാക്ക് വരുന്നത്.
എ.ഡി. 1600-ൽ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന ലൂയി പതിമ്മൂന്നാമന്റെ വിവാഹസൽക്കാരവേളയിൽ അദ്ദേഹത്തിന് സമ്മാനമായി ചോക്ലേറ്റ് നൽകിയതോടെയാണ് യൂറോപ്പിൽ പ്രശസ്തമായ ചോക്ലേറ്റ്. എ.ഡി. 1828-ൽ കൊക്കോ പ്രസ് കണ്ടുപിടിച്ചതാണ് ചോക്ലേറ്റിന് പുതുഭാവവും രൂപവും പകർന്ന് നൽകിയത്. പിന്നീട് എ.ഡി. 1847-ൽ ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ബാർ നിർമിച്ചു. എ.ഡി. 1880ൽ ആണ് ചോക്ലേറ്റ് ഉത്‌പന്നങ്ങളുടെ പരസ്യം ആദ്യമായി പുറത്തുവന്നത്. മധുരത്തിനായി ചോക്ലേറ്റിൽ പഞ്ചസാരയും തേനും ചേർത്തു തുടങ്ങിയത് എ.ഡി. 1530 മുതലാണ്.എ.ഡി. 1519 മുതൽ സ്പെയിനുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചോക്ലേറ്റ് പ്രദാന വിഭവമായി.
ഇന്ന് പടിഞ്ഞാറ് ആഫ്രിക്കയിലെ ഐവറി കോസ്റ്റ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉത്‌പാദിപ്പിക്കുന്ന രാജ്യം.എഷ്യയിലടക്കം നിരവധി രാജ്യങ്ങളിൽ കൊക്കോ കൃഷിയും ചോക്ലേറ്റ് ഉൽപ്പാദനവും വർധിച്ചിട്ടുണ്ട്. 1847-ൽ ഡാനിയൽ പീറ്റർ ആണ് കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിച്ച് മിൽക്ക് ചോക്ലേറ്റ് ഉണ്ടാക്കിയത്. ഇതിനോടകം തന്നെ വിവിധ തരത്തിലുള്ള ചോക്ലേറ്റുകളും, ചോക്ലേറ്റ് വിഭവങ്ങളും എല്ലാ നാടുകളിലും പ്രചാരത്തിൽ വന്നുകഴിഞ്ഞു.