39 വര്‍ഷം മുമ്പ്, ഒരു ജൂണ്‍ 23 നാണ് എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകർന്നുവീണത്. ഇന്ത്യക്കാരടക്കം 329 യാത്രക്കാരുടെയും 22 ജീവനക്കാരുടെയും അന്ത്യയാത്രയായിരുന്നു ആ ദുരന്തം. ലോകചരിത്രത്തിലെ രണ്ടാമത്തെ വലിയ വ്യോമാക്രമണം. ഇന്ദിരാഗാന്ധിക്ക് മറുപടികൊടുക്കാന്‍ കാനഡയില്‍ നടന്ന ഗൂഢാലോചനയുടെ കഥ.
1985 ജൂണ്‍ 23 പുലര്‍ച്ചെ കാനഡയില്‍ നിന്ന് ലണ്ടന്‍-ഡല്‍ഹി വഴി മുംബൈയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ കനിഷ്‌ക 182 ബോയിങ് വിമാനം ലണ്ടനിലെ ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മണിക്കൂറുകള്‍ക്കം അയർലന്‍റ് തീരത്തിന് സമീപത്തെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അധികൃതർ വിമാനം കണ്ടെത്തി. തകര്‍ന്നുവീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍, 86 കുട്ടികളടക്കം 329 യാത്രക്കാരുടെയും 22 ജീവനക്കാരുടെയും മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. വീണ്ടെടുക്കപ്പെട്ടത് 131 മൃതദേഹങ്ങള്‍ മാത്രം.
മരണപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു. 27 ബ്രീട്ടീഷ് പൗരന്മാരും 24 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഇതിനിടെ കനിഷ്‌ക വിമാനം തകർന്നുവീഴുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ടോക്കിയോയില്‍ മറ്റൊരപകടവും നടന്നു. എയര്‍ ഇന്ത്യയുടെ ടോക്യോ - മുംബൈ വിമാനത്തില്‍ കയറ്റേണ്ടിയിരുന്ന ചില ബാഗുകള്‍ നരീറ്റാ വിമാനത്താവളത്തില്‍ വെച്ച് പൊട്ടിത്തെറിച്ചു. വിമാനത്താവള ജീവനക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ട് അപകടങ്ങളും തമ്മില്‍ കൂട്ടിവായിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല.
കാനഡയുടെ അന്വേഷണത്തില്‍ എല്‍. സിങ്, എ. സിങ് എന്നീ രണ്ടുപേർ ഇരുവിമാനങ്ങളിലേക്കും ടിക്കറ്റെടുത്തതായും ലഗ്ഗേജ് എത്തിച്ചതായും കണ്ടെത്തി. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി സർക്കാർ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് പ്രതികാരമായി, ഖലിസ്ഥാൻ ഭീകരവാദ സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് വ്യോമാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ കനിഷ്ക ദുരന്തം വലിയ വിള്ളൽ വീഴ്ത്തി . ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ ആയിരുന്നു അന്നത്തെ കാനഡ പ്രധാനമന്ത്രി. വ്യോമാക്രമണത്തിന് മൂന്നു വർഷം മുമ്പ്- 1982-ൽ തൽവിന്ദർ സിങ് പർമാറിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പിയറി ട്രൂഡോ വഴങ്ങിയില്ല. ഖലിസ്ഥാനി സംഘടനകള്‍ ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതായി കാനഡയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സൂചന ലഭിച്ചിരുന്നു. എന്നാൽ ഇത് അവഗണിക്കപ്പെട്ടു. കാനഡയിലെ ഗുരുതര സുരക്ഷാവീഴ്ചകളാണ് അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നു. സ്ഫോടക വസ്തുക്കള്‍ കടത്തിയ ബാഗുകള്‍ വിമാനത്താവളത്തിലെ സുരക്ഷയെ മറികടന്ന് വിമാനത്തിലെത്തി. എയർപോർട്ടിലെ സ്കാനറുകള്‍ തകരാറിലായിരുന്നു എന്നാണ് കാനഡ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ വീഴ്ചകളില്‍ 25 വർഷത്തിന് ശേഷം കാനഡ സര്‍ക്കാര്‍ മാപ്പുപറഞ്ഞു.
എന്നാല്‍ 20 വർഷം നീണ്ട കനേഡിയന്‍ സർക്കാരിന്‍റെ അന്വേഷണത്തില്‍ ശിക്ഷവിധിച്ചത് ഒരാള്‍ക്ക് മാത്രം. ബോംബുണ്ടാക്കിയെന്ന് കണ്ടെത്തിയ ഇന്ദ്രജിത്ത് സിങ് റയാത്തിനാണ് ശിക്ഷ ലഭിച്ചത്. തെളിവില്ലെന്ന കാരണത്താല്‍ മുഖ്യ ആസൂത്രകരായ തൽവീന്ദർ സിംഗ് പർമർ, റിപുദമൻ സിംഗ് മാലിക് അടക്കമുള്ളവരെ കനേഡിയന്‍ സർക്കാർ വെറുതെ വിട്ടു. വർഷങ്ങള്‍ക്കിപ്പുറം ഖലിസ്ഥാനി തീവ്രവാദികള്‍ക്ക് കാനഡ വിളനിലമാകുന്നു എന്ന ഇന്ത്യയുടെ ആരോപണത്തിന് ശക്തികൂട്ടി- കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി ഹർദ്ദീപ് സിംഗ് നിജ്ജാറിന് വേണ്ടി ഒരു മിനിറ്റ് നിശബ്ദമായി കനേഡിയന്‍ പാർലമെന്‍റ്. ഇതിന് മറുപടിയായി, വാൻകൂവറിലെ സ്റ്റാൻലി പാർക്കിലുള്ള എയർ ഇന്ത്യ മെമ്മോറിയലില്‍ ഇന്ന് അനുസ്മരണം നടത്തുമെന്ന് ഇന്ത്യന്‍ സർക്കാർ അറിയിച്ചു.