'എന്റെ വിജയം നോക്കി എന്നെ വിലയിരുത്തരുത്... ഞാൻ എത്ര തവണ വീണു, വീണ്ടും എഴുന്നേറ്റു എന്നത്തിന്റെ അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തണം'. സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം കൊണ്ട് നെൽസൺ മണ്ടേല എത്തിച്ചേർന്നത് ദക്ഷിണാഫ്രിക്കയുടെ മോചനത്തിലേക്ക് മാത്രമല്ല, ലോകത്തിലെ തന്നെ ബഹുസ്വര ജനാധിപത്യ നേതാവിലേക്ക് കൂടിയാണ്.
1994 ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റായി ജനാതിപത്യ രീതിയിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപെടുന്നതിനു എത്രയോ മുന്നേ തന്നെ രാജ്യത്തെ വർണ വിവേചനത്തിനും, മനുഷ്യാവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നിലനിന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം ജയിലിൽ കഴിഞ്ഞ മറ്റൊരു നേതാവ് ലോകത്തില്ല.
സ്വാതന്ത്ര്യവും സാമൂഹിക നീതിയും ഉറപ്പാക്കാനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മണ്ടേല നടത്തിയ പോരാട്ടത്തിനുള്ള ആധാര സൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18 ഐക്യരാഷ്ട്ര സഭ കൊണ്ടാടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ വർണവിവേചനമായിരുന്നു ആഫ്രിക്കയിലേത്. അതിലും ഭീകരമായിരുന്നു ദക്ഷിണാഫ്രിക്കയിൽ നിലനിന്നത്.
തൊലി കറുത്തതുകൊണ്ട് മാത്രം ആ മനുഷ്യർ നേരിട്ട ക്രൂരതകൾ ലോകത്തിലെ മറ്റൊരു ജനവിഭാഗത്തിനും നേരിടേണ്ടിവന്നുകാണില്ല. ചെറിയ കുട്ടികൾ മുതൽ അനുഭവിച്ചുപ്പോന്നതൊക്കെയും ഒന്നിനും പകരം വയ്ക്കാൻ കഴിയാത്തതായിരുന്നു. ആ കെട്ടക്കാലത്താണ് നെൽസൺ മണ്ടേല എന്ന ലോക നേതാവ് ഉയർന്ന വരുന്നത്. മഹാത്മാ ഗാന്ധിയുടെ സമര മാർഗങ്ങൾ പിന്തുടർന്ന മണ്ടേല അങ്ങനെ ദക്ഷിണാഫ്രിക്കയുടെ ഗാന്ധിയായി.
കറുത്തവർക്ക് വേണ്ടി സംസാരിക്കാനായി സമാധാനപരമായ മാർഗങ്ങളിൽ കൂടി മാത്രം പോരാടാൻ വേണ്ടി മണ്ടേല രൂപീകരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് പല സമയത്തും സായുധപരമായ രീതികൾ തെരഞ്ഞെടുക്കേണ്ടി വന്നു. എന്നാൽ അതിനെയും വളരെ വികൃതമായാണ് വെള്ളക്കാർ നേരിട്ടത്. ശാരീരികമായും മാനസികമായും നിരന്തരം തകർക്കാൻ ശ്രമിച്ചിട്ടും തളരാത്ത പോരാട്ട വീര്യമായിരുന്നു അന്നും മണ്ടേലയിൽ കണ്ടത്.
മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടിയതിന്റെ പേരിൽ 27 വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന്റെ അവസാനം അദ്ദേഹത്തെ വിട്ടയയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും ഭരണകൂടത്തിനില്ലായിരുന്നു. 1990 ൽ അദ്ദേഹം ജയിൽ മോചിതനായി പുറത്തിറങ്ങിയപ്പോൾ നീങ്ങിത്തുടങ്ങിയത് അതുവരെ ആഫ്രിക്കയിൽ നിഴലിച്ച വർണവെറിയാണ്.
1994 ൽ ദക്ഷിണ ആഫ്രിക്കയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോഴും തുടർന്ന് അഞ്ച് വർഷത്തിനിപ്പുറം ഭരണത്തിൽ നിന്നും രാഷ്ട്രീയ ജീവിതത്തിൽ നിന്നും പടിയിറങ്ങിയപ്പോഴും അധികാരത്തിനായല്ല താൻ നിലനിക്കുന്നതെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാനും തയ്യാറായ നെൽസൺ മണ്ടേലയെ അല്ലാതെ മറ്റാരെയാണ് നാം ഈ ദിനത്തിൽ ആഘോഷിക്കേണ്ടത്.