FEATURED

രാഷ്ട്രീയ കളംമാറ്റം, രണ്ടായി തിരിഞ്ഞ സാഹിത്യ ലോകം, ചേരിയില്ലാതെ അന്‍വര്‍; നിലമ്പൂരില്‍ കണ്ട പൊളിറ്റിക്കല്‍ ഡ്രാമ

മുന്‍വിധിക്കോ പ്രവചനങ്ങള്‍ക്കോ പിടികൊടുക്കാത്ത ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് തീര്‍ച്ച.

Author : സോന ബാബു സി.പി.

ആവേശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി അങ്കത്തട്ട് ഒരുങ്ങിയിരിക്കുകയാണ് നിലമ്പൂരില്‍. സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ വളരെ പ്രസക്തമായ തെരഞ്ഞെടുപ്പെന്ന് നിസംശയം അടയാളപ്പെടുത്താവുന്ന ഒന്നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മുന്നണികളെല്ലാം തന്നെ കരുത്തരായ സ്ഥാനാര്‍ഥികളെയാണ് പോരിനിറക്കിയിരിക്കുന്നത്. മുന്‍വിധിക്കോ പ്രവചനങ്ങള്‍ക്കോ പിടികൊടുക്കാത്ത ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് തീര്‍ച്ച.

എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത് , പി.വി. അൻവർ എന്നിവർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

രാജിവെച്ച ഇടതു സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വര്‍ ഒരു പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിക്കാതെ സ്വതന്ത്രനായി ജനവിധി തേടാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പിതാവ് ആര്യാടന്റെ മണ്ണില്‍ വേരൂന്നാന്‍ ഷൗക്കത്തിന് ലഭിക്കുന്ന സുവര്‍ണാവസരം, നിലമ്പൂര്‍ നിലനിര്‍ത്താന്‍ സിപിഐഎം വര്‍ഷങ്ങള്‍ക്കു ശേഷം എം. സ്വരാജിലൂടെ പാര്‍ട്ടി ചിഹ്നത്തില്‍ പോരിനിറങ്ങിയിരിക്കുകയാണ്. ബിജെപിയുടെ മോഹന്‍ ജോര്‍ജ്ജും എസ്ഡിപിഐയുടെ സാദിഖ് നടുത്തൊടിയും കൂടി കളത്തിലിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ അങ്കത്തിന് ചൂടേറുകയാണ്. ഭരണവിരുദ്ധ വികാരമളന്ന് മൂന്നാം ഭരണം ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി ഈ തെരഞ്ഞെടുപ്പു മാറുന്നുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രത്യേകതകളേറെയുള്ള ഉപതെരഞ്ഞെടുപ്പാണിത്.

കളം മാറ്റക്കളികളും വിവാദങ്ങളും തമ്മില്‍ തമ്മിലുള്ള ചളിവാരിയെറിയലുകളുമില്ലാതെ എന്ത് തെരഞ്ഞെടുപ്പ്, അല്ലേ? അതെ, പതിവുപോലെ തന്നെ ഈ തെരഞ്ഞെടുപ്പിലും ഇതെല്ലാം വളരെ പ്രകടമായിരുന്നു.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ തുടങ്ങിയ വിവാദങ്ങള്‍ കലാശക്കൊട്ടിനോടടുക്കുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അന്‍വറിന്റെ രാജിയെ തുടര്‍ന്നാണ് നിലമ്പൂരില്‍ പുതിയൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടം മുതല്‍ തുടങ്ങുകയായി വിവാദങ്ങളും നാടകങ്ങളും.

സ്ഥാനാര്‍ഥി പ്രഖ്യാപനവും വിവാദങ്ങളും

പി.വി. അന്‍വറിന്റെ പടിയിറങ്ങലും അതിനോട് ചേര്‍ന്നു കൊളുത്തിവിട്ട രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പിന് നിലമ്പൂരില്‍ കളമൊരുങ്ങിയത്. അതുകൊണ്ട് തന്നെ സിപിഐഎം ഈ തെരഞ്ഞടുപ്പിനെ രാഷ്ട്രീയമായി തന്നെയാണ് നേരിടാനൊരുങ്ങിയതും. അന്‍വറിന് നിലമ്പൂരുണ്ടായിരുന്ന ജനപിന്തുണയെ മറികടക്കുന്ന ഒരു സ്ഥാനാര്‍ഥിയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെയാകാം സിപിഐഎം എം. സ്വരാജിലേക്കെത്തിയതും.

ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വൈകാതെ തന്നെ യുഡിഎഫ് അവരുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതിപക്ഷത്തുനിന്നടക്കം പരിഹാസം കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് പുറമെ എന്തുകൊണ്ട് എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിക്കൂടെന്ന ചോദ്യവും രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെയാണ്, സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന എല്‍ഡിഎഫിന്റെ കുറച്ചുകാലമായുള്ള കീഴ്‌വഴക്കത്തെ തള്ളി പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥിയിലേക്ക് എത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ടെത്തുകയും അവിടെ ക്യാംപ് ചെയ്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വികസന നേട്ടങ്ങള്‍ വേദികളില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. അന്‍വറിനെ ഒന്നിലധികം തവണ വഞ്ചകനെന്ന് വിളിച്ചു. പ്രതിപക്ഷത്തെയും ജമാഅത്തെ ഇസ്ലാമിയെയും നിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും എം. സ്വരാജും തമ്മിലുള്ള ആത്മബന്ധം കൂടി വിളിച്ചോതുന്ന തരത്തിലായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ''നിങ്ങള്‍ സ്വരാജിനെ നിയമസഭിയലേക്ക് അയക്കൂ, ഞങ്ങള്‍ അവിടെ കാത്തിരിക്കുകയാണ്'' എന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞത്.

എം സ്വരാജും മുഖ്യമന്ത്രിയും എൽഡിഎഫ് കൺവെൻഷനിൽ

ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, പിതാവായ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പിന്തുടര്‍ന്ന രാഷ്ട്രീയ പാതയിലൂടെയാണ്. പിതാവിന്റെ ജനപ്രീതിയും നിലമ്പൂരിനോടുള്ള ആത്മബന്ധവും ഷൗക്കത്തിന് ശക്തിയായ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ പി.വി. അന്‍വര്‍ നേരത്തെ മുതല്‍ തന്നെ ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും നിലപാടില്‍ ഒരു തരി മാറാതെ കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്ത് എന്ന പേരില്‍ ഉറച്ചു നിന്നു. പി.വി. അന്‍വര്‍ യുഡിഎഫിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുമ്പോഴും ആദ്യഘട്ടത്തില്‍ ആര്യാടനെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് മയപ്പെടുത്തിയിരുന്നില്ല. പിന്നീട് മറ്റു വഴികളില്ലാതെ യുഡിഎഫിനൊപ്പമെങ്കില്‍ ആര്യാടനെക്കുറിച്ച് മൗനം പാലിക്കാമെന്ന നിലയിലേക്ക് എത്തുകയായിരുന്നു അന്‍വര്‍. എന്നാല്‍ ആ അടവും വിലപ്പോയില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം! യുഡിഎഫ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയുടെ നേരിട്ടുള്ള പങ്കാളിത്തമാണ് മറ്റൊരു പ്രത്യേകത. പ്രിയങ്ക ഗാന്ധി നേരിട്ട് പങ്കെടുത്ത റോഡ്ഷോകളും പൊതുയോഗങ്ങളും യുഡിഎഫിന് കൂടുതല്‍ ഊര്‍ജം പകരുന്നതായിരുന്നു.

ആര്യാടൻ ഷൗക്കത്തിന്‍റെ പ്രചരണ വേളയിൽ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു. തുടക്കം മുതല്‍ക്ക് തന്നെ 'മത്സരിക്കുമോ, ഇല്ലയോ' എന്നതില്‍ അനിശ്ചിതത്വം നിറഞ്ഞ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫില്‍ കയറിപ്പറ്റുക എന്നത് തന്നെയായിരുന്നു പി.വി. അന്‍വറിന്റെ ആത്യന്തിക ലക്ഷ്യം.

കോണ്‍ഗ്രസിനുള്ളിലെ പ്രതികരണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്‍വറിനെ തള്ളാതെയും സ്വീകരിക്കാതെയും തണ്ണീരില്‍ തടി പോലെ നില്‍ക്കുമ്പോള്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതിന് അനുകൂലമായ നിലപാടെടുത്തു. ഏറെ വൈകാതെ പി.വി. അന്‍വര്‍ എന്നത് അടഞ്ഞ അധ്യായമാണെന്ന് വി.ഡി. സതീശന്‍ തുറന്നടിച്ചു.

ഇതിനിടയില്‍ കോണ്‍ഗ്രസില്‍ വലിയ രാഷ്ട്രീയ നാടകങ്ങളും നടന്നു. അതില്‍ ഒന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി അന്‍വറിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയാണ്. ഇത് കോണ്‍ഗ്രസിനുള്ളിലും പൊതുവില്‍ യുഡിഎഫിലും ശക്തമായ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാര്‍ട്ടി നേതൃത്വമറിയാതെ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു അന്‍വര്‍.

പി.വി. അൻവർ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ

നിലമ്പൂര്‍ തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും കച്ച മുറുക്കിയപ്പോളും ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം പോലും നടത്തിയിരുന്നില്ല. നിലമ്പൂരില്‍ ബിഡിജെഎസിന് മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു ആദ്യഘട്ടത്തില്‍ ബിജെപി ചെയ്തത്. എന്നാല്‍ ബിഡിജെഎസ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ബിജെപി മത്സരരംഗത്തേക്ക് എത്തുകയായിരുന്നു. ബിജെപി മുന്നോട്ട് വെച്ച സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ആയിരുന്നു. 47 വര്‍ഷം കേരള കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് മോഹന്‍ ജോര്‍ജ്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ രാഷ്ട്രീയ നിലപാടും സാന്നിധ്യവും പ്രകടിപ്പിക്കുക എന്നതാണ് ബിജെപി മുന്നോട്ട് വെച്ചത്.

മോഹൻ ജോർജ്

രാഷ്ട്രീയ വിവാദ നായകനാകുന്ന പി.വി. അന്‍വര്‍

സ്ഥാനാര്‍ഥികള്‍ ഒട്ടേറെയുണ്ടെങ്കിലും അന്‍വര്‍-മുഖ്യമന്ത്രി പോരിന്റെ വേദികൂടിയായാണ് ആളുകള്‍ ഇതിനെ നോക്കിക്കാണുന്നത്. ആദ്യഘട്ടത്തില്‍ വന്ന പിവി അന്‍വറിന്റെ തുടരെ തുടരെയുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ ആഭ്യന്തരവകുപ്പിനെയും പൊലീസ് സേനക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരായിരുന്നു. ആ ഘട്ടത്തില്‍ പിണറായി എനിക്ക് പിതൃസ്ഥാനീയനാണെന്ന് പറഞ്ഞു. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങളെ സര്‍ക്കാരോ എല്‍ഡിഎഫോ കണക്കിലെടുക്കാതെ വന്നപ്പോള്‍ പ്രധാന എതിരാളി മുഖ്യമന്ത്രിയായി മാറി. വാര്‍ത്താസമ്മേളന പരമ്പരയ്ക്ക് പിന്നാലെ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചു. ഒരു മുന്നണിയിലേക്കുമില്ലെങ്കില്‍ പിന്നെങ്ങോട്ട് എന്ന ചിന്തയില്‍ 'ഡിഎംകെ' എന്ന പേരില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍ ആ പേരില്‍ പാര്‍ട്ടി പ്രഖ്യാപിക്കാനാവാതെ വന്നപ്പോള്‍ അതിനെ സാമൂഹിക സംഘടന എന്ന നിലയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ ഡിഎംകെയും അന്‍വറിനെ തള്ളിപ്പറഞ്ഞു. പിന്നാലെയാണ് തൃണമൂലിലേക്കുള്ള കൂടുമാറ്റം.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തില്‍, അന്‍വറിന്റെ നീക്കങ്ങള്‍ കൂടുതല്‍ നാടകീയമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായുള്ള വിമര്‍ശനങ്ങളും ആന്റി പിണറായിസത്തോടുള്ള വാദങ്ങളും, കൂടാതെ താന്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം നില്‍ക്കുന്നു എന്ന് പറഞ്ഞും പിന്നീട് അത് മാറ്റിപ്പറഞ്ഞും വീണ്ടും അത് തിരുത്തി നോമിനേഷന്‍ കൊടുത്തുകൊണ്ടുള്ള അന്‍വറിന്റെ പ്രവര്‍ത്തി കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. വിജയക്കൊടി പാറിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റു മുന്നണികളുടെ വോട്ടുകള്‍ തന്റെ പെട്ടിയിലാക്കാനുള്ള വഴികളാണ് അന്‍വര്‍ ശ്രമിക്കുന്നത്.

പി.വി. അൻവർ

ഇതിനിടെ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് കര്‍മ്മപരിപാടി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മേല്‍പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട ഒരു സംഭവം തെരഞ്ഞെടുപ്പ് സമയത്ത് നടക്കുകയുണ്ടായി. വഴിക്കടവില്‍ പന്നി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തു. അതിനാല്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അന്‍വര്‍ പടച്ചുവിട്ട വിവാദങ്ങളില്‍ ചിലത് ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ചര്‍ച്ചയായെന്നും യാദൃച്ഛികം.

ജമാഅത്തെ ഇസ്ലാമിയും നിലമ്പൂര്‍ ഇലക്ഷനിലെ ഇരട്ടത്താപ്പ് നയങ്ങളും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പറയുന്ന സിപിഐഎം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കത്തെ യുഡിഎഫിനെതിരെ ഇറക്കാനുള്ള ഏറ്റവും ശക്തിയുള്ള കാര്‍ഡാക്കി മാറ്റുകയായിരുന്നു.

ജമാഅത്തെ ഇസ്ലാമി പ്രത്യേക വര്‍ഗീയ ശക്തികളോ മതരാഷ്ട്രീയ വാദികളോ അല്ലെന്നും യുഡിഎഫ് അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വി.ഡി. സതീശൻ

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ പിന്തുണയെച്ചൊല്ലി വലിയ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായി. യുഡിഎഫിനെതിരെ എല്‍ഡിഎഫ് മുന്നണി ഇത് ഒരായുധമായി ഉപയോഗിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി മുന്‍പും ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും തന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നും പിണറായി വിജയന്‍ 2011-ല്‍ വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പറഞ്ഞുവെന്ന് ഓര്‍മിപ്പിച്ച് സതീശന്‍ വിമര്‍ശിക്കുകയുണ്ടായി. കൂടാതെ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതെന്നും സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ മതേതരവാദികളായി വിശേഷിപ്പിക്കപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി, യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദികളാകുന്നതെങ്ങനെയെന്നുമുള്ള ചോദ്യങ്ങളുമായി വി.ഡി. സതീശന്‍ മുന്‍ നിരയിലെത്തി. കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന് കിട്ടിയതില്‍ പരിഭവിക്കുന്നവര്‍ക്ക് പിഡിപിയുടെ പിന്തുണ സിപിഐഎം സ്ഥാനാര്‍ഥിക്ക് കിട്ടിയതില്‍ ഒരു പരിഭവവുമില്ലല്ലോ എന്ന പരിഹാസ ചോദ്യവും സിപിഐഎമ്മിനെതിരായി ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രതിപക്ഷ നേതാവ് തന്റെ അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഈ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്നത് പ്രിയങ്കാഗാന്ധി വ്യക്തമാക്കണമെന്നും പറഞ്ഞുകൊണ്ട് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ല.

ജനങ്ങളോടൊപ്പം നിന്നുകൊണ്ട് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട നേതാക്കള്‍ വിരലിലെണ്ണാവുന്ന തവണകള്‍ മാത്രം മണ്ഡലത്തിലേക്ക് അതിഥികളെപ്പോലെ വരുന്ന രീതി ശരിയാണോ എന്ന ആരോപണവും ഈ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ഉയരുന്നു. ഇവയെല്ലാം വികസന വാചകങ്ങളോടൊപ്പം തന്നെ എല്‍ഡിഎഫ് സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം, പി.ഡി.പി ശക്തമായി എല്‍.ഡി.എഫിനെതിരെ നിലപാടെടുത്തതും, ആ നിലപാട് ശരിവെച്ച് നടത്തിയ പ്രസ്താവനകളും തെരഞ്ഞെടുപ്പിലെ പോളറൈസേഷനു ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പരമ്പരാഗത എല്‍.ഡി.എഫ് പിന്തുണാ വളയങ്ങളില്‍ ഭിന്നത ഉണ്ടാകാനുള്ള സാധ്യതയും രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉയര്‍ത്തുന്നു.

ഈ ഘട്ടത്തില്‍, മത-പക്ഷീയ കൂട്ടുകെട്ടുകള്‍ക്കുമെതിരേ എന്‍.ഡി.എയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മതാധിഷ്ഠിതമാവുമ്പോള്‍ ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് അപമാനമാകുന്നതെന്ന് പറഞ്ഞ് ബിജെപി നേതാക്കളും സ്ഥാനാര്‍ഥിയും രംഗത്തെത്തി. സമുദായപിന്തുണയില്‍ അകറ്റപ്പെടുകയാണെങ്കിലും, നിലമ്പൂരില്‍ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കാന്‍ എന്‍ഡിഎ തന്ത്രപരമായ പ്രചാരണവും ഉറച്ച നിലപാടുമാണ് സ്വീകരിച്ചിരിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ വോട്ടര്‍മാര്‍ക്കായുള്ള കൈക്കൂലിയോ ?

നിലമ്പൂര്‍ ഇലക്ഷന്‍ സമയത്ത് വന്ന മറ്റൊരു വിഷയമായിരുന്നു ക്ഷേമപെന്‍ഷന്‍. അനുവദിക്കുന്ന പെന്‍ഷന്‍ തുകയുടെ കുടിശ്ശിക ഈ തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യുന്നത്, യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.സി. വേണുഗോപാല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് വലിയ രാഷ്ട്രീയ വാദങ്ങളിലേക്ക് വഴി തെളിയിച്ചു. ''വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്ന രീതിയിലാണ് ഇവര്‍ പെന്‍ഷന്‍ വിതരണം നടത്തുന്നത്,'' എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രസ്താവന. 'കൈക്കൂലി ' എന്ന വാക്ക് പ്രയോഗിച്ചതിലൂടെയാണ് വിവാദം ശക്തമായത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. 62 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1600 രൂപയുടെ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയെ കൈക്കൂലിയായി ചിത്രീകരിച്ചുവെന്നത് അവഹേളനമാണെന്നാണ് സിപിഐഎം നേതൃത്വം വിലയിരുത്തിയത്. സര്‍ക്കാര്‍ നടത്തിയ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനങ്ങള്‍ക്കുപോലും രാഷ്ട്രീയ നിറം കൊടുക്കുന്ന പ്രവണതയാണ് യുഡിഎഫ് സ്വീകരിക്കുന്നത് എന്നതായിരുന്നു അവരുടെ നിലപാട്. സാമൂഹിക സുരക്ഷിതത്വത്തിന്റെ ഭാഗമായ 1600 രൂപയുടെ പെന്‍ഷന്‍ തുക, പതിവ് നടപടിക്രമങ്ങളോടെയാണ് വിതരണം ചെയ്തതെന്നും, സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കിയ പദ്ധതിയെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതുപക്ഷ നേതാക്കള്‍ ശക്തമായാണ് പ്രതികരിച്ചത്. അതേസമയം, കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്സില്‍ വലിയ അഭിപ്രായഭിന്നതയും രൂപപ്പെട്ടു. ചില മുതിർന്ന നേതാക്കള്‍ തന്നെ 'കൈക്കൂലി' എന്ന പദം വേണ്ടിയിരുന്നില്ല എന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വേണുഗോപാലിനെ പിന്തുണച്ചു. 'പെന്‍ഷന്‍ വിതരണം ചെയ്യേണ്ടത് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് അനുവദിച്ചത് നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ച നടപടിയാണ്. സര്‍ക്കാര്‍ സ്വന്തം ധനകാര്യ ബുദ്ധിമുട്ടുകള്‍ മറക്കാനും രാഷ്ട്രീയ നേട്ടം നേടാനുമുള്ള നീക്കമാണിതെന്നായിരുന്നു വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് വി.ഡി. സതീശന്‍ പറഞ്ഞത്.

പാളിപ്പോയ പെട്ടി വിവാദം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു പെട്ടി വിവാദം ആദ്യമായി ചര്‍ച്ചകളില്‍ നിറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വകാര്യ ഹോട്ടലില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിലും ജ്യോതികുമാര്‍ ചാമക്കാലയും സംസാരിച്ചു നില്‍ക്കുന്നതിനിടെ പിറകിലൂടെ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ നില്‍ക്കുന്നതിന്റെയും മുറിയിലേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ പെട്ടി പരിശോധിച്ചപ്പോള്‍ അതില്‍ വസ്ത്രങ്ങളായിരുന്നു കണ്ടത്. ഇതിന് സമാനമായിരുന്നു നിലമ്പൂരും ഉയര്‍ന്ന പെട്ടിവിവാദം.

രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂരില്‍ പ്രചാരണത്തിനായി സഞ്ചരിച്ച എം.പി. ഷാഫി പറമ്പിലിന്റെയും എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനങ്ങള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി, വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെട്ടി കാണുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ അത് തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയത്തിന് സിനിമാതുല്യമായ നാടകീയതയും മാധ്യമക്കാഴ്ചയുമേറി.

സംഭവം വലുതാകുന്നത് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും നിലപാട് വ്യക്തമാക്കേണ്ടി വന്നു. തെരഞ്ഞെടുപ്പ് സമയത്ത് സാധാരണമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വാഹനം തടഞ്ഞതെന്നും, പെട്ടിയിലുണ്ടായിരുന്നത് പ്രചാരണ സാമഗ്രികളായിരുന്നുവെന്നും, വിഷയത്തില്‍ ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ സംഭവത്തെ നിയമപരമായി തുടര്‍നടപടികള്‍ക്ക് വിധേയമാക്കാന്‍ ആവശ്യകതയില്ലെന്ന് വ്യക്തമാവുകയായിരുന്നു.

ഇതിനിടെ വലതുപക്ഷം, സംഭവത്തെ കള്ളപ്പണ വിവാദമായി ഉയര്‍ത്തിപ്പിടിച്ചു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയത്തിന് ഇത് തെളിവാണെന്നായിരുന്നു അവരുടെ വിമര്‍ശനം. എന്നാല്‍ യുഡിഎഫ് ഉടനെ പ്രതികരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരായൊന്നും ചെയ്തിട്ടില്ലെന്നും, പെട്ടിവിവാദം രാഷ്ട്രീയമായി ആളി കത്തിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നുമാണ് അവകാശപ്പെട്ടത്.

ആര്യാടന്‍ ഷൗക്കത്തിനെ മതവിരുദ്ധനാക്കുന്ന അന്‍വര്‍

ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥകള്‍ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ സിനിമകള്‍ വീണ്ടും വിമര്‍ശനച്ചൂടില്‍ അകപ്പെട്ടതും ഇതിനിടെയാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല, കലാകാരനെന്നും സിനിമാപ്രവര്‍ത്തനെന്നും അറിയപ്പെടുന്ന ഷൗക്കത്തിന്റെ സിനിമാസൃഷ്ടികള്‍ക്ക് നേരത്തെ മുതല്‍ തന്നെ വിലയിരുത്തലുകളും വിവാദങ്ങളുമുണ്ടായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം ഈ സിനിമകള്‍ വീണ്ടും വാര്‍ത്തകളിലേക്കും, സംശയങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിയൊരുക്കി.

പി.വി. അന്‍വര്‍ ആണ് ആദ്യം ഈ വിഷയം ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. പാഠം ഒന്ന് ഒരു വിലാപത്തിന് ഷൗക്കത്തിന് ദേശീയ അവാര്‍ഡ് കിട്ടിയത് സമുദായത്തെ മോശമാക്കി ചിത്രീകരിച്ചതുകൊണ്ടാണെന്നാണ് അന്‍വറിന്റെ വാദം. ഒരു വിശ്വാസി സമൂഹത്തെ അതിനകത്ത് നിന്ന് ചോദ്യം ചെയ്താല്‍ ആരും അത് അംഗീകരിച്ചുകൊടുക്കില്ലെന്നാണ് പി.വി. അന്‍വര്‍ പറയുന്നത്. ആര്യാടന്‍ ഷൗക്കത്ത് മതവിരുദ്ധനാണെന്നും അന്‍വര്‍ പറഞ്ഞു. നേരത്തെ തന്നെ ഷൗക്കത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും.

സാഹിത്യ-സാംസാകാരിക പ്രവര്‍ത്തകര്‍ പക്ഷം പിടിക്കുന്നത് തെറ്റോ?

ഇതിനിടെയാണ് സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരുടെ രാഷ്ട്രീയ ചായ്‌വ് ചര്‍ച്ചയായത്. വിവാദത്തിന് തുടക്കമിട്ടത് എഴുത്തുകാരന്‍ വൈശാഖന്‍ ആയിരുന്നു. സ്വരാജിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാഹിത്യകാരന്മാര്‍ സ്വരാജിനായി ഒത്തുകൂടുന്നത് അധികാരത്തിന്റെ അപ്പകഷണത്തിന് വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു വൈശാഖന്റെ പ്രതികരണം. സാഹിത്യകാരന്മാര്‍ ബുദ്ധിയുള്ളവരാണെന്നും എന്തിനെ പിന്തുണയ്ക്കണമെന്ന് അവര്‍ക്ക് അറിയാമെന്നുമായിരുന്നു വൈശാഖന്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ കല്‍പ്പറ്റ നാരായണന്‍ രംഗത്തെത്തി. എഴുത്തുകാരുടെ ചുമതല വഹിക്കാന്‍ വൈശാഖനെ ആരാണ് ഏര്‍പ്പെടുത്തിയത് എന്നായിരുന്നു കല്‍പ്പറ്റ നാരായണന്‍ ചോദിച്ചത്. വൈശാഖന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്നും അതിനാലാണ് സാഹിത്യ അക്കാദമി അടക്കമുള്ള രംഗങ്ങളില്‍ എത്തിയത് എന്നും അദ്ദേഹം വിശദീകരിച്ചു. നിലമ്പൂരില്‍ സ്വരാജിന് വോട്ടുതേടി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടി. അപ്പോഴും സാഹിത്യ ലോകത്ത് വിവാദങ്ങള്‍ കത്തി തന്നെ നിന്നു. എതിര്‍പ്പുമായി പിഎഫ് മാത്യൂസ് രംഗത്തെത്തിയപ്പോള്‍, സ്വരാജിനായി സാഹിത്യകാരന്മാര്‍ എത്തുന്നതിനെ അനുകൂലിച്ച് അശോകന്‍ ചരുവില്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.

രാഷ്ട്രീയരംഗത്ത് നടക്കുന്ന ശക്തമായ മത്സരത്തിനൊപ്പം സാംസ്‌കാരിക രംഗത്ത് സംഭവിക്കുന്ന ഈ ഭിന്നതകളും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ കൂടുതല്‍ ശക്തമാക്കുന്നു. മത്സരഭൂമിയാകുന്നത് വെറും രാഷ്ട്രീയമല്ല, ആശയങ്ങളുടെ പോരാട്ടവും കൂടിയാണ്.

കോണ്‍ഗ്രസ് മറന്ന വി.വി. പ്രകാശിന്റെ വീട്ടില്‍ എം. സ്വരാജ് എത്തുമ്പോള്‍

ഇതിനിടെയാണ് എം. സ്വരാജ് അന്തരിച്ച കോണ്‍ഗ്രസ് നേതാവായ വി.വി. പ്രകാശിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനം വ്യക്തിപരമാണെന്നത് സ്വരാജ് വ്യക്തമാക്കിയെങ്കിലും, രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രസക്തി വേറെയാകുമെന്നായിരുന്നു എതിരാളികള്‍ ചൂണ്ടിക്കാട്ടിയത്. എം. സ്വരാജിന്റെ സന്ദര്‍ശനം കോണ്‍ഗ്രസില്‍ തന്നെ അപ്രതീക്ഷിതമായ ഒന്നായി കണക്കാക്കപ്പെട്ടു. ആര്യാടന്‍ ഷൗക്കത്ത് വിവി പ്രകാശിന്റെ വീട്ടില്‍ പോകാതിരുന്നതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതിന് കാരണമായി.

അതേസമയം, സ്വരാജിന്റെ നടപടിയില്‍ മനുഷ്യത്വത്തിന്റയും സ്നേഹവായ്പും പഴയ രാഷ്ട്രീയ സൗഹൃദങ്ങളുടെയും ആധികാരികതയുമുണ്ടെന്നു പറയുന്നവരും രാഷ്ട്രീയരംഗത്തുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നണികളും, സോഷ്യല്‍ മീഡിയയും ഈ സന്ദര്‍ശനത്തെ രാഷ്ട്രീയ തന്ത്രം കാണിക്കാനുള്ള ഒരു നീക്കമായാണ് കാണുന്നത്.

സ്ഥാനാര്‍ത്ഥികളുടെ ഉറക്കമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലശാവും അവസാനിച്ചു. വിവാദങ്ങള്‍ക്കും, ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ നിലമ്പൂര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. നിലമ്പൂര്‍ മാത്രമല്ല, കേരളക്കര ഒന്നാകെ കാത്തിരിക്കുകയാണ് നിലമ്പൂരിന്റെ സാരഥി ആരെന്നറിയാന്‍.

SCROLL FOR NEXT