FEATURED

വിദ്യാധനം സര്‍വധനാല്‍ പ്രധാനം; ഇന്ന് ലോക സാക്ഷരതാ ദിനം

ദേശീയ സാക്ഷരതാനിലവാരവും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രകടനവും പരിശോധിക്കേണ്ട സമയം കൂടിയാണെന്ന് സാക്ഷരത ദിനം ഓർമ്മിപ്പിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ന് ലോക സാക്ഷരതാ ദിനമാണ്. ബഹുഭാഷാ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കി, സമാധാനത്തിനും പരസ്പരധാരണയ്ക്കുമുള്ള സാക്ഷരത കെെവരിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ദേശീയ സാക്ഷരതാ നിലവാരവും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രകടനവും പരിശോധിക്കേണ്ട സമയം കൂടിയാണെന്ന് സാക്ഷരത ദിനം ഓർമ്മിപ്പിക്കുന്നു.

2018 ലെ ജനസംഖ്യാ കണക്കുപ്രകാരം, ഇന്ത്യയുടെ സാക്ഷരത 74.4% ശതമാനമായിരുന്നു. അതില്‍ സ്ത്രീകളുടേത് 65.8% ശതമാനവും, പുരുഷന്മാരുടേത് 82.4% ശതമാനവും. ഗവേഷക സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ പഠനത്തില്‍ 2022 ല്‍, രാജ്യത്തിന്‍റെ സാക്ഷരതാ നിരക്ക് 76.32 ശതമാനമായി ഉയർന്നിട്ടുണ്ട്. സ്ത്രീകളുടേത് 69. 1 ശതമാനമായി ഉയർന്നപ്പോള്‍, പുരുഷന്മാരിലെ സാക്ഷരത നിരക്ക് 76.3 ശതമാനത്തിലേക്ക് ഇടിഞ്ഞു എന്നാണ് കണക്ക് . വലിയതോതിലുള്ള ലിംഗ അസമത്വം സാക്ഷരതയില്‍ നിലനില്‍ക്കുമ്പോഴും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പങ്കാളിത്തത്തില്‍ ഗണ്യമായ പുരോഗതി കഴിഞ്ഞ വർഷങ്ങളിലുണ്ടായി എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെ സാക്ഷരതയിലും നഗര -ഗ്രാമ മേഖലകളിലും വലിയ തോതിലുള്ള അന്തരം നിലനില്‍ക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 96.2% ശതമാനമാണ് കേരളത്തിന്‍റെ സാക്ഷരതാനിരക്ക്. തൊട്ടുപിന്നില്‍ 92.3% ശതമാനം സാക്ഷരതയുള്ള ലക്ഷദ്വീപും 91.6% ശതമാനം സാക്ഷരതയുള്ള മിസോറാമുമാണ്.

അതേസമയം, ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ആന്ധ്രാപ്രദേശാണ്, 66.4 ശതമാനം. രാജസ്ഥാന്‍ 69.7 ശതമാനം, ബിഹാർ 70.9 ശതമാനം എന്ന നിരക്കില്‍ നിരക്ഷരതാ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നു. ശരാശരി സാക്ഷരതാനിരക്ക് പ്രകാരം, നഗരങ്ങളില്‍ 84.11 ശതമാനവും ഗ്രാമീണ ഇന്ത്യയില്‍ 67.77 ശതമാനവുവുമാണ് സാക്ഷരത.

SCROLL FOR NEXT