NEWS MALAYALAM 24x7  
FEATURED

ഗുംനാമി ബാബയോ നേതാജിയോ? ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യം

ഗുംനാമി ബാബ എന്ന അപരനാമത്തിൽ ഉത്തര്‍പ്രദേശിലെ ഫൈസലാബാദില്‍ നേതാജി ജീവിച്ചിരുന്നോ?

Author : നസീബ ജബീൻ

1945 ഓഗസ്റ്റ് 18, ഇംപീരിയല്‍ ജാപ്പനീസ് ക്വാണ്ടുങ് ആര്‍മിയിലെ ലെഫ്റ്റനന്റ് ജനറല്‍ സുനമാസ ഷിഡെയും സംഘവുമായി തായ്‌വാനിലെ തെയ്ഹോകുവില്‍ നിന്ന് മിസ്ബുഷി കീ 21 എന്ന ബോംബര്‍ വിമാനം പറന്നുയര്‍ന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ എഞ്ചിന് തകരാറുള്ളതായി സംശയിച്ചിരുന്നെങ്കിലും അധികൃതര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ അത് തകര്‍ന്നു വീണു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്, കോ പൈലറ്റ്, സുനമാസ എന്നിവര്‍ തത്ക്ഷണം കൊല്ലപ്പെട്ടു, ആളിക്കത്തുന്ന ബോംബറില്‍ നിന്ന് പെട്രോളില്‍ കുളിച്ച് ഒരു മനുഷ്യന്‍ അവശനായി പുറത്തു വരുന്നു. തീഗോളങ്ങള്‍ക്കിടയിലൂടെ പുറത്തുവന്ന അയാള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീജ്വാലയായി മാറി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മരിക്കാത്ത പോരാളി നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അത്. ഗുരുതരമായി പൊള്ളലേറ്റ നേതാജിയെ തെയ്ഹോകുവിലെ നന്‍മോന്‍ മിലിട്ടറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചീഫ് സര്‍ജനായിരുന്ന ഡോ. തനേയോഷി യോഷിമിയുടെ നേതൃത്വത്തില്‍ ആറ് മണിക്കൂറോളം വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കോമയിലേക്ക് പോയ നേതാജി ഓഗസ്റ്റ് 18 ന് രാത്രി ഒമ്പതിനും പത്തിനും ഇടയില്‍ മരണത്തിന് കീഴടങ്ങി. നേതാജിക്കൊപ്പം ബോംബര്‍ ഫ്ളൈറ്റില്‍ ഒപ്പമുണ്ടായിരുന്ന സഹായി കേണല്‍ ഹബീബുറഹ്‌മാന്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

വിമാനാപകടം നടന്ന് രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് 20 ന് സുഭാഷ് ചന്ദ്രബോസിന്റെ മൃതദേഹം തായ്‌ഹോകു ശ്മശാനത്തില്‍ സംസ്‌കരിച്ചതായാണ് രേഖകള്‍. ജപ്പാനീസ് ന്യൂസ് ഏജന്‍സിയായ ഡോമി ബോസിന്റേയും ഷിഡേയുടേയും മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 7 ന് ജാപ്പനീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ടാറ്റ്സുവോ ഹയാഷിദ ബോസിന്റെ ചിതാഭസ്മം ടോക്കിയോയിലേക്ക് കൊണ്ടുപോയി, പിറ്റേന്ന് രാവിലെ അത് ടോക്കിയോ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രസിഡന്റ് രാമമൂര്‍ത്തിക്ക് കൈമാറി.

സെപ്റ്റംബര്‍ 14 ന് ടോക്കിയോയില്‍ ബോസിനായി ഒരു അനുസ്മരണ ചടങ്ങ് നടന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചിതാഭസ്മം ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിലെ ബുദ്ധ പുരോഹിതന് ചിതാഭസ്മം സമര്‍പ്പിച്ചു. അന്നുമുതല്‍ അവര്‍ അവിടെ തുടരുന്നു.

ഇത്രയുമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. എന്നാല്‍, കഥ ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയിലുള്ള സുഭാഷ് ചന്ദ്രബോസിന്റെ അനുയായികളില്‍ പലരും പ്രത്യേകിച്ച് ബംഗാളിലുള്ളവര്‍ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള ഈ വിശദീകരണം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഫലമായി അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പല സിദ്ധാന്തങ്ങളും ഉത്ഭവിച്ചു. അത് ഇപ്പോഴും തുടരുന്നു കൊണ്ടിരിക്കുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും സംശയങ്ങളും വ്യാപകമായി ഉയര്‍ന്നതോടെ പല അന്വേഷണങ്ങളും നടന്നിരുന്നു. അപകടത്തെ കുറിച്ച് നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവരെല്ലാം അന്വേഷിച്ചു. ഇവരെല്ലാം കണ്ടെത്തിയത് സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് തന്നെയാണ്. എന്നാല്‍, മൊറാര്‍ജി ദേശായിയുടെ കാലത്ത് ഈ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളഞ്ഞു, കാരണം, പാര്‍ലമെന്റ് അഗംങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധവും.

1999 ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന മുഖര്‍ജി കമ്മീഷന്‍ കണ്ടെത്തലുകള്‍ മുന്‍ നിലപാടുകളില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു. 1945 ല്‍ അങ്ങനെയൊരു വിമാനാപകടം ഉണ്ടായിട്ടില്ലെന്നും സുഭാഷ് ചന്ദ്രബോസ് മരണപ്പെട്ടിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്‍. ബാസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അദ്ദേഹം റഷ്യയിലേക്ക് കടന്നിരിക്കാമെന്നുമാണ് മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍. വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഈ റിപ്പോര്‍ട്ട് പക്ഷെ, മന്‍മോഹന്‍ സിങ് ഗവണ്‍മെന്റ് തള്ളിക്കളഞ്ഞു.

ഇതിനിടയില്‍ പല കഥകള്‍ സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് പ്രചരിച്ചു, അതില്‍ ഏറ്റവും കൗതുകമുണ്ടാക്കിയത് ഗുംനാമി ബാബ എന്ന അപര നാമധേയത്തില്‍ ഉത്തര്‍പ്രദേശിലെ ഫൈസലാബാദില്‍ അദ്ദേഹം ജീവിച്ചിരുന്നു എന്ന കഥയാണ്. 1985 ലാണ് സന്യാസിയായിരുന്ന ഗുംനാമി ബാബ മരിക്കുന്നത്. നേതാജിയുമായുള്ള രൂപ സാദൃശ്യവും ദുരൂഹമായ ജീവിത രീതികളുമായിരുന്നു സംശയങ്ങള്‍ക്ക് ബലം കൂട്ടിയത്. ശിഷ്യന്‍മാര്‍ ഭഗവാന്‍ജി എന്ന് വിളിച്ചിരുന്ന ഗുംനാമി ബാബയുടെ ജീവിതം വളരെയധികം രഹസ്യാത്മകായിരുന്നുവത്രേ. മരണ ശേഷം ഇദ്ദേഹത്തിന്റെ വസ്തുക്കള്‍ അടങ്ങുന്ന 25 മരപ്പെട്ടികള്‍ ഫൈസാബാദ് ജില്ലാ ട്രഷറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഗുംനാബി ബാബ എന്ന വാദങ്ങള്‍ ബലപ്പെട്ടതോടെ ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ഏകാംഗ കമ്മീഷനേയും നിയോഗിച്ചിരുന്നു. ഫൈസാബാദ് ജില്ലാ ട്രഷറിയിലെ അദ്ദേഹത്തിന്റെ പെട്ടികളില്‍ നിന്നും നേതാജിയുടെ കുടുംബചിത്രങ്ങളും നേതാജി ഉപയോഗിച്ചതായ കരുതപ്പെടുന്ന ചില വസ്തുക്കളും കണ്ടെത്തിയതോടെയാണ് വാദങ്ങള്‍ ബലം കൂടിയത്.

നേതാജിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍, അദ്ദേഹം ഉപയോഗിച്ചിരുന്നതിനു സമാനമായ വട്ടക്കണ്ണടയും വാച്ചും മാത്രമല്ല, ബ്രിട്ടിഷ് നിര്‍മിത ടൈപ്‌റൈറ്റര്‍, രണ്ടാം ലോകമഹായുദ്ധകാലത്തു ജര്‍മന്‍ സൈനികര്‍ ഉപയോഗിച്ചിരുന്ന ഒരു ബൈനോക്കുലര്‍ എന്നിവയും ബാബയുടെ പെട്ടിയില്‍ നിന്നു കണ്ടെത്തി. ഒരു സന്യാസിക്ക് എന്തിനാണ് സൈനികര്‍ ഉപയോഗിക്കുന്ന ബൈനാക്കുലര്‍ എന്ന് സ്വാഭാവികമായും സംശയം തോന്നാം. ഇതു മാത്രമായിരുന്നില്ല, സൂചനകള്‍, ബാബ ജീവിച്ചിരുന്ന കാലത്ത് നേതാജിയുടെ കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നതായി രേഖകളുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ മുന്‍ ഐഎന്‍എ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന പബിത്ര മോഹന്‍ റോയി, സുനില്‍കാന്ത് ഗുപ്ത എന്നിവര്‍ ബാബയ്ക്ക് അയച്ച ടെലിഗ്രാമുകളും പെട്ടിയില്‍നിന്നും ലഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലുള്ള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം, നിരവധി ഇന്ത്യന്‍, വിദേശ മാസികകള്‍, പത്രങ്ങള്‍, പ്രധാനപ്പെട്ട ചില രാഷ്ട്രീയ, ദേശീയ നേതാക്കളുടെ കത്തുകള്‍, ഭൂപടങ്ങള്‍, ചില ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്മരണികകള്‍ എന്നിവയും അവയില്‍ ഉണ്ടായിരുന്നു.

സംശയങ്ങള്‍ ഇത്രയുമൊക്കെയായി ബലപ്പെട്ടതോടെ, ഗുംനാബി ബാബ തന്നെയാണോ സുഭാഷ് ചന്ദ്രബോസ് എന്നറിയാന്‍ ശാസ്ത്രീയമായ പരിശോധനകളും നടന്നു. കൊല്‍ക്കത്തയിലെ ഫോറന്‍സിക് ലാബില്‍ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എയും നേതാജിയുടെ പിന്‍മുറക്കാരുടെ പല്ലിന്റെ ജനിതക ഡിഎന്‍എയും പരിശോധിച്ചു. പക്ഷേ, ഫലം നെഗറ്റീവായിരുന്നു. ഡി.എന്‍.എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദൂരൂഹതയെക്കുറിച്ച് അന്വേഷിച്ചിരുന്ന ജസ്റ്റിസ് എം.കെ.മുഖര്‍ജി കമ്മിഷന്‍ നേതാജിയും ഗുംനാമി ബാബയും രണ്ട് വ്യക്തികളാണെന്ന നിഗമനത്തില്‍ തന്നെയായിരുന്നു എത്തിച്ചേര്‍ന്നത്.

പക്ഷേ, ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം നടത്തിയ അന്വേഷണത്തില്‍ ഗുംനാനി ബാബ സുഭാഷ് ചന്ദ്രബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകള്‍ ലഭിച്ചിരുന്നു. കൈയക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാല്‍ നടത്തിയ പരിശോധനയില്‍ സന്ന്യാസിയുടേയും ബോസിന്റേയും കൈയക്ഷരം ഒന്നുതന്നെയാണെന്നും തെളിഞ്ഞിരുന്നു.

1985 സെപ്റ്റംബര്‍ 16 ന് മരിച്ച ഗുംനാനി ബാബയുടെ മൃതദേഹം സംസ്‌കരിക്കുന്നത് രണ്ട് ദിവസത്തിനു ശേഷമാണ്. അതിശയമെന്തെന്നാല്‍, അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ ആ ദിവസം അങ്ങനെയൊരാള്‍ മരിച്ചതിന് ഔദ്യോഗിക രേഖകളൊന്നും നിലവിലില്ല എന്നതാണ്.

സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്, അതിലെ ഒരു രേഖയില്‍ പറയുന്നത്, 1963 ല്‍ പശ്ചിമ ബംഗാളിലെ ഷാലുമാറി ആശ്രമത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നുവെന്ന് നെഹ്രു സര്‍ക്കാര്‍ സംശയിച്ചിരുന്നതായാണ്. ആശ്രമത്തിലെ അന്തേവാസി കെ.കെ. ഭണ്ഡാരി നേതാജി ആണോയെന്ന് സര്‍ക്കാര്‍ സംശയിച്ചിരുന്നുവെന്നുമാണ് രേഖകളില്‍ പറയുന്നത്.

വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ടിനു പിന്നാലെ, വെളിപ്പെടുത്തലെന്നോ ആരോപണമെന്നോ വിശേഷിപ്പിക്കാവുന്ന മറ്റൊന്നു കൂടി സംഭവിച്ചിരുന്നു, വിമാനാപകടത്തില്‍ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യന്‍ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സ്റ്റാലിന്‍ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ല്‍ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊന്നുവെന്ന സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തലായിരുന്നു അത്.

SCROLL FOR NEXT