അദിത്രി 
FEATURED

പത്ത് വയസുകാരി എഴുതുന്നു; "പെണ്ണുങ്ങൾക്കും ഓടാനും ചാടാനും ഫുട്ബോൾ കളിക്കാനുമൊക്കെ ആഗ്രഹമുണ്ടാകും; പക്ഷേ ചിലർ വീട്ടിലടച്ചു പഠിപ്പിക്കും, കളിക്കാൻ വിടില്ല"

കേരളത്തില്‍ വനിതാ ഫുട്ബോള്‍ ടീമുകള്‍ തിരിച്ചുവരുന്നു എന്ന പത്രവാര്‍ത്തയെ ആധാരമാക്കി, പാഠപുസ്തകത്തിലെ സമാനഭാഗവുമായി ബന്ധപ്പെടുത്തി അഭിപ്രായ കുറിപ്പ് എഴുതുക എന്ന ചോദ്യത്തിനാണ് അദിത്രിയുടെ ചിന്തനീയമായ ഉത്തരം

Author : ന്യൂസ് ഡെസ്ക്



കുട്ടികള്‍ ലോകത്തെ കാണുന്നത് അവരുടെ കാഴ്ചപ്പാടിലൂടെയാകും. അതില്‍ കുസൃതിയും കളികളും തമാശകളുമൊക്കെ ഉണ്ടാകും. ചിലപ്പോള്‍ ആരെയും അതിശയപ്പെടുത്തുന്ന കണ്ടെത്തലുകളും നിരീക്ഷണങ്ങളും ഉണ്ടാകും. കണ്ടും കേട്ടും മനസില്‍ പതിഞ്ഞവയ്ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളും അവരില്‍ നിന്നുണ്ടാകും. അത്തരമൊരു കാഴ്ചപ്പാടും, അതിന്റെ വിവരണവുമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ ഭൂമിയില്‍ ആണും പെണ്ണും തമ്മില്‍ ഒരിക്കലും വേര്‍തിരിവ് ഉണ്ടാവാന്‍ പാടില്ല, വേര്‍തിരിവ് നല്ലതുമല്ലെന്ന് തുറന്നെഴുതുകയാണ് ഒരു പത്ത് വയസുകാരി. പെണ്ണുങ്ങൾക്കും ഓടാനും ചാടാനും ഫുട്ബോൾ കളിക്കാനുമൊക്കെ ആഗ്രഹമുണ്ടാകും. പക്ഷേ ചിലർ പെണ്ണുങ്ങളെ വീട്ടിലടച്ചു പഠിപ്പിക്കും. അവരെ കളിക്കാൻ വിടില്ല എന്നെഴുതിയത് മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അദിത്രിയാണ്.

"ഈ ഭൂമിയിൽ ആണും പെണ്ണും തമ്മിൽ ഒരിക്കലും വേർതിരിവ് ഉണ്ടാവാൻ പാടില്ല. വേർതിരിവ് നല്ലതുമല്ല. ഫുട്ബോൾ, ക്രിക്കറ്റ് ഇതൊക്കെ ആൺകുട്ടികളാണ് കൂടുതലും കളിക്കാറ്. പക്ഷേ, ഇതൊക്കെ പെൺകുട്ടികൾക്കും കളിക്കാൻ പറ്റില്ലേ? ഇന്ന് ഈ ഭൂമിയിൽ പെണ്ണുങ്ങൾക്ക് ടൂർണമെന്റ് ഒക്കെയുണ്ട്. അത് കുറച്ച് ആണുങ്ങൾ അറിയാവൂ. ബാക്കി പ്രകാശനെ പോലെ ആണ് ചിന്തിക്കുന്നത്. ഈ ലോകത്ത് പെണ്ണുങ്ങൾക്കും പി.ടി ഉഷയെ പോലെ ഒക്കെ ആവണമെന്നുണ്ട്. പക്ഷേ സമൂഹം പറയും "പെണ്ണുങ്ങൾ അങ്ങനെ കളിക്കാൻ പാടില്ല, ഒന്നല്ലെങ്കിലും നീയൊരു പെൺകുട്ടിയല്ലേ" എന്ന്. ഇത് ഒരിക്കലും ഒരു നല്ല കാര്യമല്ല. പെണ്ണുങ്ങൾക്കും ഓടാനും ചാടാനും ഫുട്ബോൾ കളിക്കാനുമൊക്കെ ആഗ്രഹമുണ്ടാകും. പക്ഷേ ചിലർ പെണ്ണുങ്ങളെ വീട്ടിലടച്ചു പഠിപ്പിക്കും. അവരെ കളിക്കാൻ വിടില്ല..."

കേരളത്തില്‍ വനിതാ ഫുട്ബോള്‍ ടീമുകള്‍ തിരിച്ചുവരുന്നു എന്ന പത്രവാര്‍ത്തയെ ആധാരമാക്കി, പാഠപുസ്തകത്തിലെ സമാനഭാഗവുമായി ബന്ധപ്പെടുത്തി അഭിപ്രായ കുറിപ്പ് എഴുതുക എന്ന ചോദ്യത്തിനാണ് അദിത്രിയുടെ ചിന്തനീയമായ ഉത്തരം. ബാങ്കുദ്യോഗസ്ഥയായ വിനിതയുടെയും ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനായ രാംദാസ് കടവല്ലൂരിന്റെയും മകളാണ് അദിത്രി. "മലയാളത്തിൽ മാർക്കൊക്കെ ഇത്തിരി കുറവാണ്. എഴുതിയതിൽ നിറയെ അക്ഷരത്തെറ്റും ഉണ്ട്. എന്നാലും ഈ ഒരൊറ്റ ഉത്തരം കൊണ്ട് ഞാനവളെ കെട്ടിപ്പിടിച്ചു" എന്ന കുറിപ്പോടെ രാംദാസ് തന്നെയാണ് മകളുടെ അഭിപ്രായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

SCROLL FOR NEXT