FEATURED

മരണമില്ലാത്ത വിപ്ലവകാരി; ഇന്ന് ചെഗുവേരയുടെ 96ാം ജന്മദിനം

അമേരിക്കൻ ചരിത്രം മാറ്റി കുറിച്ച ഏണസ്റ്റോ ചെഗുവേരയുടെ ഓർമകളിലൂടെ..

Author : ന്യൂസ് ഡെസ്ക്

"ഓരോ അനീതിയിലും നിങ്ങൾ രോഷം കൊണ്ട് വിറയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങൾ എൻ്റെ സഖാവാണ്."

- ചെ ഗുവേര

ക്യൂബൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ഫിദൽ കാസ്ട്രോയുടെ പദ്ധതിയിൽ സഹായത്തിനായി ഒരു മെഡിക്കൽ വിദ്യാർത്ഥിയെത്തി. മുതലാളിത്വവും സാമ്രാജ്യത്വവുമായിരുന്നു ആ യുവനേതാവിൻ്റെ പ്രധാന ശത്രുക്കൾ. പിന്നീടാ ചെറുപ്പക്കാരൻ ഫിദൽ കാസ്ട്രോയെ അമ്പരപ്പിച്ചു. തൻ്റെ മനക്കരുത്തുകൊണ്ടും പ്രത്യയശാസ്ത്രങ്ങൾ കൊണ്ടും ലക്ഷകണക്കിനാളുകളെ ആരാധകരാക്കി മാറ്റിയ, ക്യൂബയിലുടനീളം വിപ്ലവം സൃഷ്ടിച്ച അയാളെ ലാറ്റിൻ അമേരിക്കക്കാർ കോമ്രേഡ് ചെ ഗുവേരയെന്ന് വിളിച്ചു. ചെ യെ കൊന്നുകളഞ്ഞാൽ വിപ്ലവവും തീരുമെന്നത് ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ വ്യാമോഹം മാത്രമായിരുന്നു. മരണം തോൽവിയല്ലെന്ന് ലോകത്തിന് മുന്നിലേക്ക് വിളിച്ച് പറഞ്ഞ ഏണസ്റ്റോ ഗുവേര ഡി ലാ സെർസേനയെന്ന വിശ്വ വിപ്ലവകാരിയുടെ ജന്മദിനമാണ് ഇന്ന്.

ക്യൂബൻ വിപ്ലവത്തിനെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു ചെ. ദാരിദ്ര്യവും അനീതികളും കൊടികുത്തി വാണ ലാറ്റിൻ അമേരിക്കയിലുടനീളം നടത്തിയ യാത്രകൾ മുതലാളിത്തതിനും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാൻ ചെ ഗുവേരയെ പ്രേരിപ്പിച്ചു.അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രങ്ങൾ ക്യൂബക്കും ബൊളീവിയക്കുമിപ്പുറം ആയിരകണക്കിന് കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. അനീതിക്കെതിരെ പോരാടിയ ചെ യുടെ സഖാവാകാൻ ലക്ഷക്കണക്കിന് ആളുകളെത്തി. ആ പ്രത്യയശാസ്ത്രങ്ങൾക്ക് പതിറ്റാണ്ടുകളോളം ആയുസ്സുണ്ടായിരുന്നു. ഇന്ന് ചെ ഗുവേരയുടെ ചിത്രമില്ലാത്ത ഒരു ക്യാമ്പസ് പോലും കേരളത്തിലുണ്ടാവില്ല.

1928 ജൂൺ പതിനാലിന് അർജൻ്റീനയിലെ റൊസാരിയോയിൽ സീലിയ ദെ ലാ സെർന ലോസയുടെയും ഏണസ്റ്റോ ഗുവേര ലിഞ്ചിൻ്റെയും അഞ്ച് മക്കളിൽ മൂത്തവനായാണ് ഏണസ്റ്റോ ഗുവേര ഡി ലാ സെർസേനയെന്ന ചെ ഗുവേര ജനിക്കുന്നത്.കുടുംബത്തിൽ ഇടതുപക്ഷ ചായ്‌വുള്ളതിനാൽ തന്നെ ചെറുപ്പം മുതൽക്കേ ചെ ഗുവേര മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അടുത്തു നിന്നിരുന്നു. 3000ത്തിലധികം പുസ്തകങ്ങൾക്കിടയിലായിരുന്നു‌ അദ്ദേഹം തൻ്റെ ബാല്യം ചിലവഴിച്ചത്. 1948ൽ ചെ മെഡിക്കൽ പഠനത്തിനായി ബ്യൂണസ് അയേഴ്സ് സർവ്വകലാശാലയിൽ പ്രവേശിച്ചു. തൻ്റെ സുഹൃത്തായ ആൽബട്ടോ ഗ്രനാഡോക്കൊപ്പം ഇരുപതാം വയസ്സിൽ തെക്കൻ അമേരിക്കയിലുടനീളം നടത്തിയ ഒമ്പത് മാസത്തെ മോട്ടോർ സൈക്കിൾ യാത്ര ചെ ഗുവേരയുടെ ജീവതത്തെ മാറ്റി മറിച്ചു.

യാത്രകളിലുടനീളം കണ്ട സമൂഹിക സാമ്പത്തിക അസമത്വത്തിനുള്ള പ്രതിവിധി വിപ്ലവം മാത്രമാണെന്ന് ചെ മനസ്സിലാക്കി. മുതലാളിത്ത ചൂഷണത്തെ കുറിച്ചും ബൂർഷാ ചിന്താഗതിക്കാരെ കുറിച്ചും ലാറ്റിൻ അമേരിക്കയിലുടനീളം അദ്ദേഹം പ്രസംഗിച്ചു, പുസ്തകങ്ങളെഴുതി. ക്യൂബയിലെ പോരാട്ട വിജയത്തിന് ശേഷം കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു ചെ ​ഗുവേര.

ഇതോടെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പേടിസ്വപ്നമായി ചെ ഗുവേര മാറി. ഗറില്ലാ യുദ്ധത്തിന് നേതൃത്വം നൽകിയ സഖാവിനെ കൊലപ്പെടുത്തുകയെന്നതായിരുന്നു അവരുടെയെല്ലാം ആത്യന്തിക ലക്ഷ്യം.1967 ഒക്ടോബർ ഒൻപതിന് ബൊളീവിയൻ പട്ടാളം സിഐഎയുടെ സഹായത്തോടെ ചെ ഗുവേരയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. "വെടിവെക്കരുത്, ഞാൻ ചെ ഗുവേരയാണ് എനിക്ക് ജീവനോടെയാണ് വില" എന്നായിരുന്നു തനിക്ക് നേരെ പാഞ്ഞെത്തിയ സൈന്യത്തോട് ചെഗുവേര പറഞ്ഞത്. സിഐഎക്ക് വിട്ടു നൽകിയാൽ ചെ ഗുവേര വീണ്ടും ഭയത്താൽ ബൊളീവിയൻ സൈന്യം അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. മരണമുഖത്തിലും താൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് പറഞ്ഞ ചെ ഗുവേര തൻ്റെ 39ാം വയസ്സിൽ മരണത്തിന് കീഴടങ്ങി.

ലോകമെമ്പാടുമുള്ള ചെ ആരാധകർ ആ വിപ്ലവവീര്യത്തിൻ്റെ ഓ‍ർമക്കായി ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സെമിനാറുകൾ മുതൽ സിനിമാ പ്രദർശനങ്ങൾ വരെ ഇന്ന് നടക്കുന്നു. മരണമില്ലാത്ത പ്രത്യയശാസ്ത്രത്തിലൂടെ ജീവിക്കുന്ന ചെ ഗുവേരക്ക് ജന്മദിനാശംസകൾ.

SCROLL FOR NEXT