Curious case of Imhotep NEWS MALAYALAM 24X7
FEATURED

The Mummy Returns | വില്ലനോ നായകനോ?

ഈ സിനിമ ഒരുവട്ടമെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്, അതിലെ വില്ലനായ ഇംഹോടെപ്പിനെ അവതരിപ്പിച്ച അര്‍നോള്‍ഡ് വോസ്ലൂ..

Author : നസീബ ജബീൻ

പണ്ട് സ്റ്റാര്‍ മൂവീസിലും എച്ച്ബിഒയിലുമൊക്കെ കണ്ട ഹോളിവുഡ് സിനിമകളുടെ ഒരു മാജിക് ലോകം ഉണ്ടായിരുന്നു... നമ്മള്‍ 90 സ് കിഡ്സിന് മാത്രം അവകാശപ്പെടാവുന്ന ഒന്ന്. ഇന്ന് ലോക സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനെ കുറിച്ചൊന്നും അറിയാതെ, ഒരു വലിയ ചരിത്രത്തിന്റെ ഭാഗമായവരാണ് നമ്മളില്‍ പലരും.

അങ്ങനെ കണ്ട സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദി മമ്മി റിട്ടേണ്‍സ്. നമ്മുടെ പ്രിയപ്പെട്ട റോക്ക് എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍ ആദ്യമായി അഭിനയിച്ച സിനിമ. അതുവരെ WWE താരമായി നമ്മള്‍ കണ്ട റോക്കിനെ സിനിമയിലെ സ്‌കോര്‍പിയന്‍ കിങ്ങായി കണ്ടപ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടു. ഈ സിനിമയിലെ ബിജിഎമ്മും സീനുകളും നമുക്ക് മനപാഠമാണ്. ഈ സിനിമ ഒരുവട്ടമെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്, അതിലെ വില്ലനായ ഇംഹോടെപ്പിനെ അവതരിപ്പിച്ച അര്‍നോള്‍ഡ് വോസ്ലൂ..

ആ മുഖം കാണുമ്പോള്‍ ഇരച്ചു കയറുന്ന ഭയം അന്നും ഇന്നും ഒരുപോലെ തന്നെ. ഏറ്റവും ക്രൂരനായ വില്ലന്‍... ഇംഹോടെപ്പ് എന്ന വില്ലനെ അത്രമേല്‍ നമ്മുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് അര്‍നോള്‍ഡ് വോസ്ലൂ എന്ന നടന്റെ അപരാമായ അഭിനയമാണ്.

സമാധാനം കൊണ്ടുവരുന്നയാള്‍ എന്നാണ് ഇംഹോടെപ് എന്നതിന്റെ അര്‍ത്ഥം. സിനിമയില്‍ പിശാചിന്റെ പ്രതിരൂപമായി കാണിച്ച ഇംഹോടെപ്പ് എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ പ്രാചീന ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്. പക്ഷെ, ചിത്രത്തില്‍ അവതരിപ്പിച്ചതു പോലെ ദുഷ്ടനും ക്രൂരതയുടെ പര്യായവുമായിരുന്നില്ല. മറിച്ച്, ബുദ്ധിശാലിയായ ബഹുമുഖ പ്രതിഭയായിരുന്നു.

സിനിമയില്‍ സേറ്റി ഒന്നാമന്‍ ഫറവോയുടെ പുരോഹിതനായാണ് ഇംഹോടെപ്പിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനുമെത്രയോ മുമ്പ് ഈജിപ്തിലെ പ്രാചീന രാജവംശമായ മൂന്നാം സാമ്രാജ്യത്തിലെ ഫറവോയായിരുന്ന ജോസറിന്റെ കാലത്തായിരുന്നു ഇംഹോടെപ്പ് ജീവിച്ചിരുന്നത്. ലോകത്തെ ആദ്യ എന്‍ജിനീയറും ആര്‍ക്കിടെക്റ്റും ഡോക്ടറും ഇദ്ദേഹമാണെന്ന അഭിപ്രായം പോലും ഈജിപ്തിലുണ്ട്. ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ശിലാ പിരമിഡായ സഖാറയിലെ സ്റ്റെപ് പിരിമിഡിന്റെ ബുദ്ധികേന്ദ്രം ഇംഹോടെപ് ആണ്.

ഈജിപ്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഇംഹോടെപ് തന്റെ ബുദ്ധിശക്തിയും കഴിവും കൊണ്ട് രാജവംശത്തിലെ നിര്‍ണായക സാന്നിധ്യമായി മാറുകയായിരുന്നു. ജോസര്‍ ഫറവോയുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകന്‍ കൂടിയായിരുന്നു ഇംഹോടെപ്. ഇതിനെല്ലാം പുറമെ, ഈജിപ്തിലെ പ്രധാന വൈദ്യശാസ്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞാന്‍, ഫിലോസഫര്‍, പുരോഹിതന്‍ അങ്ങനെയെല്ലാം ഇദ്ദേഹമായിരുന്നു.

വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഹിപ്പോക്രാറ്റസ് ആണ്. എന്നാല്‍, ഇംഹോടെപ് അസ്ഥികള്‍ ഒടിയുന്നതിനും മറ്റും ഫലപ്രദമായ ചികിത്സാരീതികള്‍ വികസിപ്പിച്ചിരുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് അല്ല, അദ്ദേഹത്തെക്കാളും 2000 വര്‍ഷങ്ങള്‍ക്ക് ജീവിച്ച ഇംഹോടെപ് ആണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

ഈജിപ്തില്‍ ജോസറിന്റെ ഭരണകാലത്ത് ന്യായ വ്യവസ്ഥ, ധനകാര്യം, യുദ്ധം, കാര്‍ഷികം, പൊതുജന കാര്യങ്ങള്‍ അങ്ങനെ സുപ്രധാനമായ എല്ലാ വകുപ്പും ഇംഹോടെപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം ഈജിപ്തിന്റെ ഭരണത്തലപ്പത്ത് എത്തിയതിന്റെ രേഖകളൊന്നും ലഭ്യമല്ല.

ഇംഹോടെപ്പിനെ കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളെക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ അമാനുഷിക കഥകള്‍ക്കാണ് ഏറെ പ്രചാരം. ജലക്ഷാമത്തില്‍ വലഞ്ഞ ഈജ്പിതില്‍ ഇംഹോടെപ്പിന്റെ ഇടപെടലിലൂടെ മഴ പെയ്യിച്ചു എന്നൊക്കെയുള്ള കഥകളുണ്ട്. ഇംഹോടെപ്പിനെ മനുഷ്യനായി കാണുന്നതിനേക്കാള്‍ ദൈവത്തിന്റെ പ്രതിപുരുഷനായി അവതരിപ്പിക്കാനായിരുന്നു താത്പര്യമെന്ന് മനസ്സിലാക്കിത്തരുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മരണ ശേഷം ഉണ്ടായ സംഭവങ്ങള്‍.

ജീവിച്ചിരുന്ന കാലത്തേക്കാള്‍ മരിച്ചതിനു ശേഷമാണ് അദ്ദേഹം ആഘോഷിക്കപ്പെട്ടത്. ജോസറിന്റെ കാലത്തിനു ശേഷം ഈജിപ്തിന്റെ പതിനെട്ട്, പത്തൊന്‍പത്, ഇരുപത് രാജവംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂ കിങ്ഡം എന്നറിയപ്പെടുന്ന കാലത്തും ഇംഹോടെപ്പിന്റെ ഖ്യാതി വളര്‍ന്നു. അക്കാലത്തെ പാപ്പിറസ് രേഖകളിലും ശിലാഫലകങ്ങളിലുമൊക്കെ ഇംഹോടെപ്പിന്റെ പേര് എഴുതിയിട്ടുള്ളത് ഇതിനു തെളിവാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അദ്ദേഹത്തെ ദൈവമായി പോലും അവരോധിക്കപ്പെട്ടു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഗ്രീക്കുകാര്‍ ഈജിപ്ത് കീഴടക്കിയതിനു ശേഷമുണ്ടായത്. ഈജിപ്തിന്റെ ബൃഹത്തായ സംസ്‌കാരം കണ്ട് അത്ഭുതപ്പെട്ട ഗ്രീക്കുകാര്‍ ഇംഹോടെപ്പിന്റെ ചരിത്രവും പാരമ്പര്യവും പഠിച്ചു. വൈദ്യശാസ്ത്രത്തിന്റെ ദൈവമായി ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്ന അസ്‌ക്ലീപിയോസിന് തുല്യനായി കരുതുകയും ഇംഹോടെപ്പിനു വേണ്ടി ദേവാലയങ്ങള്‍ പണിയുകയും പൂജകള്‍ നടത്തുകയും ചെയ്തു.

ഈജിപ്തിന്റെ അവസാന കാലഘട്ടത്തിലും, എ.ഡി. ഏഴാം നൂറ്റാണ്ട് വരെയും ക്ലാസിക്കല്‍ കാലഘട്ടത്തിലും ഇംഹോടെപ്പിനെ ദൈവമായി ആരാധിക്കപ്പെട്ടിരുന്നു. പുരാതന ഈജിപ്തിന്റെ തലസ്ഥാനമായിരുന്ന മെമ്ഫിസിലും ഫിലായിലും അദ്ദേഹത്തിനു വേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ഇവിടെയെത്തിയാല്‍ ഇംഹോട്ടിപ്പിന്റെ അത്ഭുത ഫലം ലഭിക്കുമെന്നായിരുന്നു വിശ്വാസം.

ഇതൊക്കെ പുരാതന കാലത്തെ കഥകള്‍, ആധുനിക കാലത്തും ഇംഹോടെപ്പിനെ കുറിച്ചുള്ള തീയറികള്‍ പലതുമുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഒന്നുമില്ലാതിരുന്ന കാലത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇംഹോടെപ് യഥാര്‍ത്ഥത്തില്‍ മനുഷ്യനല്ല എന്നാണ് അതിലൊന്ന്. ഇംഹോടെപ് ഒരു ഏലിയനാണെന്ന മട്ടിലുള്ള ചര്‍ച്ചകളും ഒരു വഴിക്ക് നടക്കുന്നു. ഇംഹോടെപ്പിന്റെ ശവകുടീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. സഖാറയിലെ ജോസര്‍ ഫറവോയുടെ സ്‌റ്റെപ് പിരമിഡിന് സമീപത്ത് എവിടെയോ ആണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് എന്നാണ് കരുതുന്നത്.

ഇംഹോടെപ്പിനെ കുറിച്ചുള്ള അമാനുഷിക കഥകളെല്ലാം മാറ്റിവെക്കാം, അദ്ദേഹം പ്രാചീന ഈജിപ്തില്‍ കൊണ്ടുവന്ന മാറ്റങ്ങളുടെയും കണ്ടെത്തലുകളേയും ചരിത്ര രേഖകള്‍ മാത്രം നമുക്കെടുക്കാം, ഈജിപ്തിലെ ഒരു സാധാരണ ആര്‍കിടെക്ടിന്റെ മകനായി ജനിച്ച ഇംഹോടെപ്, താന്‍ എവിടെ നിന്ന് വന്നുവെന്നല്ല ലോകത്തെ ഓര്‍മിപ്പിക്കുന്നത്, മറിച്ച് കഴിവും അവസരങ്ങളും ഒരു മനുഷ്യനെ എവിടെ വരെ എത്തിക്കുമെന്നാണ്.

SCROLL FOR NEXT