മധ്യപ്രദേശിലെ ഗ്വാളിയർ മൃഗശാലയിൽ കടുവകളുടെ എണ്ണം ഒൻപതായി. കഴിഞ്ഞ ദിവസം മൃഗശാലയിലെ ദുർഗയെന്ന പെൺകടുവയ്ക്ക് മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നതോടെയാണ് എണ്ണം ഒൻപതായത്.
വെള്ളിയാഴ്ച രാത്രിയാണ് ഗ്വാളിയർ ഗാന്ധി പ്രാണി ഉദ്യാനിൽ, ദുർഗ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സവിശേഷതയെന്തെന്നാൽ, കൂട്ടത്തിലൊരാൾക്ക് വെള്ള നിറമാണ്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുഞ്ഞുങ്ങളും അവയുടെ അമ്മയും ഐസൊലേഷനിൽ നിരീക്ഷണത്തിലാണെന്ന് മൃഗശാലയുടെ ചുമതലയുള്ള ഉപേന്ദ്ര യാദവ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വർഷവും ദുർഗ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗശാലയിൽ ഇപ്പോൾ പ്രായപൂർത്തിയായ ആറ് കടുവകളുണ്ട്. നാല് ആണും, രണ്ട് പെണ്ണും.