FEATURED

പൂവിളി പൂവിളി പൊന്നോണമായി...; പൂക്കളമൊരുക്കാനും അറിഞ്ഞിരിക്കണം

തുമ്പ, മുക്കുറ്റി, കണ്ണാന്തളി, മന്ദാരം, ശംഖുപുഷ്പം... നാടന്‍ പൂക്കളായിരുന്നു കളത്തിന് ഭംഗി പകര്‍ന്നിരുന്നത്.

Author : ന്യൂസ് ഡെസ്ക്


ഓണത്തിന്റെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളില്‍ സവിശേഷമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തി എന്നൊരു ചൊല്ലുമുണ്ട്. മുറ്റത്താണ് പൂക്കളമിടുക. മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ മണ്‍തറയും ഒരുക്കാറുണ്ട്. അതില്‍ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന്‍ ചാണക ഉരുളയും വെയ്ക്കും. നാടന്‍ പൂക്കളായിരുന്നു കളത്തിന് ഭംഗി പകര്‍ന്നിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം പൂക്കളങ്ങളില്‍ നിറയും. ഇന്ന് നിലമൊരുക്കലും ചാണകം മെഴുകലുമൊക്കെ കുറവാണെങ്കിലും പൂക്കളത്തിന് കുറവൊന്നുമില്ല. നാട്ടിന്‍പുറത്തെ പൂക്കള്‍ക്കുപകരം ജമന്തിയും ബന്തിയും ചെണ്ടുമല്ലിയുമൊക്കെയാണ് കളത്തിന് മാറ്റൊരുക്കുന്നത്. പൂക്കളമൊരുക്കുന്നതിനും ചില ചിട്ടകളുണ്ട്. ഉപയോഗിക്കേണ്ട പൂക്കള്‍, നിരകള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കാം.

അത്തം
ഓണാഘോഷത്തിന്റെ ആദ്യ ദിനം. അത്തം നാളിലാണ് പൂക്കളം ഇട്ടുതുടങ്ങുന്നത്. ഒറ്റനിരയില്‍ തുമ്പപ്പൂക്കള്‍ മാത്രമാണ് പൂക്കളമിടാന്‍ ഉപയോഗിക്കുന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷത്തിനും തുടക്കമാകും.

ചിത്തിര
ചിത്തിരയിലും തുമ്പപ്പൂപോലെ വെള്ള പൂക്കള്‍ ഉപയോഗിക്കണമെന്നാണ് പറയാറ്. ഇപ്പോള്‍ രണ്ടാം ദിനം മുതല്‍ രണ്ടുനിരയിലായി രണ്ട് തരം പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്. തുളസി ഉപയോഗിക്കണമെന്നാണ് പറയാറ്. അതേസമയം, ചുവന്ന പൂക്കള്‍ ഉപയോഗിക്കാറില്ല. ഓരോ ദിവസവും നിര കൂടുന്നതനുസരിച്ച് കളവും വലുതായിക്കൊണ്ടിരിക്കും.

ചോതി
മൂന്നാം നാള്‍ മുതല്‍ മൂന്നുനിരയില്‍ മൂന്നുതരം പൂക്കള്‍ ഉപയോഗിക്കാം. ചെത്തി, ചെമ്പരത്തി ഉള്‍പ്പെടെ ചുവന്ന പൂക്കള്‍ ഉപയോഗിക്കുന്നത് ചോതി നാള്‍ മുതലാണ്. ഓണക്കോടി വാങ്ങുന്ന ദിനം കൂടിയാണ് ചോതി.

വിശാഖം
ഓണത്തിന്റെ ഏറ്റവും ഐശ്വര്യമുള്ള ദിവസമായി കണക്കാക്കപ്പെടുന്നു. വിശാഖത്തിന് ശോകമില്ലാ പൂക്കള്‍ വേണമെന്നാണ് ചൊല്ല്. ഓണസദ്യയുടെ ഒരുക്കം തുടങ്ങുന്നത് ഈ ദിവസമാണ്. പണ്ട് ചന്തയില്‍ വിളവെടുപ്പ് വില്‍പ്പന ആരംഭിക്കുന്നതും വിശാഖ നാളിലായിരുന്നു.

അനിഴം
ഓണാഘോഷത്തിന്റെ ആദ്യ പകുതി. അഞ്ചാം ദിനത്തില്‍ അഞ്ച് നിരയില്‍ അഞ്ച് നിറത്തിലുള്ള പൂക്കള്‍ ഉപയോഗിക്കാം. ചെമ്പരത്തിയും മറ്റു പൂക്കളും ഈര്‍ക്കിലില്‍ കോര്‍ത്തെടുത്ത കുട പൂക്കളത്തിന്റെ മുന്നിലായി കുത്തും. ആറന്മുള ഉത്രട്ടാതി വള്ളംകളിയും അനിഴം നാളിലാണ്.

തൃക്കേട്ട
ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്ന ദിവസം. ആറ് വരെ പൂക്കള്‍ ഉപയോഗിച്ച് ആറ് നിരയിലായി വേണം പൂക്കളമൊരുക്കാന്‍. പൂക്കളത്തിന് നാല് ദിക്കിലേക്കും വലുപ്പം കൂട്ടാം.

മൂലം
മൂലത്തിന് ചതുരത്തിലാണ് പൂക്കളമിടേണ്ടത്. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ തീര്‍ക്കുന്നവരും ഉണ്ട്. പരമ്പരാഗത ഓണ സദ്യയുടെ ചെറിയ പതിപ്പുകള്‍ പലയിടത്തും ആരംഭിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും ഈ ദിവസം മുതല്‍ പ്രത്യേക സദ്യകള്‍ നടത്താറുണ്ട്. പുലികളി, ഊഞ്ഞാലാട്ടം, കൈകൊട്ടി കളി എന്നിവയും നടത്തപ്പെടുന്നു.

പൂരാടം
കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. വീടുകള്‍ വൃത്തിയാക്കി മാവേലിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കും. പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും. അരിമാവ് കൊണ്ട് കളം വരച്ച് പലകയുടെ മേലാണ് മാതേവരെ വെയ്ക്കുക. പൂരാട ഉണ്ണികള്‍ എന്ന പേരില്‍ കുട്ടികളെ ഒരുക്കുന്നതും ഈ ദിവസമാണ്.

ഉത്രാടം
ഏറ്റവും വലിയ പൂക്കളം ഉത്രാടത്തിനാണ്. വിവിധ നിറത്തില്‍, ഇഷ്ടമുള്ള പൂക്കള്‍ ഉപയോഗിക്കാം. ഓണത്തലേന്നായതിനാല്‍ സദ്യക്കും മറ്റുമായി പച്ചക്കറികളും പഴങ്ങളുമൊക്കെ വാങ്ങുന്ന ദിവസം കൂടിയാണ്. മാവേലിയെ വരവേല്‍ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉത്രാടനാളില്‍ പൂര്‍ത്തിയാകണം. അതുകൊണ്ട് തിരക്കിട്ടുള്ള ഓട്ടത്തിന് ഉത്രാടപ്പാച്ചില്‍ എന്നാണ് പറയാറ്.

തിരുവോണം
ഓണാഘോഷത്തിന്റെ അവസാന ദിവസം. തുമ്പ മാത്രമാണ് പൂക്കളത്തിന് ഉപയോഗിക്കേണ്ടത്. തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമുടല്‍ നടത്തണമെന്നാണ് ചൊല്ല്. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. ഇപ്പോള്‍ ഇതൊന്നും ആരും നോക്കാറില്ല, പത്ത് നിറത്തിലുള്ള പൂക്കളിലാണ് കളമൊരുക്കാറുള്ളത്. ആദ്യ ദിനങ്ങളിലൊന്നും പൂക്കളമിടാത്തവര്‍ പോലും പത്താംനാള്‍ കളമിടാറുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ. തിരുവാതിരകളി, കുമ്മാട്ടികളി, പുലികളി, ഊഞ്ഞാലാട്ട എന്നിങ്ങനെ പോകും ഓണാഘോഷം.

SCROLL FOR NEXT