പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ ശിക്ഷ എന്ത് 
FEATURED

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ ശിക്ഷ എന്ത്.. അറിയാം നിയമവശങ്ങൾ

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് പിടിക്കപ്പെടുകയോ അപകടമുണ്ടാക്കുകയോ ചെയ്താൽ, അതിൻ്റെ പൂർണ ഉത്തരവാദിത്തം കുട്ടിക്ക് വണ്ടി നൽകിയ മാതാപിതാക്കൾക്കോ അല്ലെങ്കിൽ ആ വാഹനത്തിൻ്റെ ഉടമയ്‌ക്കോ ആയിരിക്കും.

Author : ജിഷ ഓമനക്കുട്ടൻ

കേരളത്തിൽ കൗമാരപ്രായക്കാരുടെ അമിത വേഗതത്തിലുള്ള മത്സരയോട്ടവും അതേതുടർന്ന് ഉണ്ടായ അപകടവും അടുത്തിടെ കേരളജനത ആവേശത്തോടെയാണ് ചർച്ച ചെയ്തതാണ്. ഈ ചർച്ചകൾക്ക് ഫുൾസ്റ്റോപ്പ് ഇടുന്നതിന് മുൻപ് തന്നെ മറ്റൊരു ദുരന്തത്തിനും കൊച്ചി സാക്ഷ്യം വഹിച്ചു. ഒക്ടോബർ 11.. പുലർച്ചെ 1.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്ത് 150 കലോമീറ്റർ വേഗതയിൽ പാഞ്ഞെടുത്തിയ മിനി കൂപ്പർ വാഹനം കവർന്നത് മൂന്ന് ജീവനുകളാണ്. അതിൻ്റെ ഞെട്ടലിൽ നിന്ന് കരകയറുംമുൻപെ ഒക്ടോബർ 25ന് പുലർച്ച 2.20ന് ചേരാനല്ലൂരിലെ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്ത യുവാവ് ഓടിച്ച ആഡംബരവാഹനമായ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ്റെ ജീവനും എടുത്തു.

ഇതിന് ആരാണ് ഉത്തരവാദി..അമിത വേഗതയിലെത്തിയ വാഹനമോ...വാഹനത്തിൻ്റെ സ്റ്റിയറിങ് പിടിച്ചയാളോ... അതോ പ്രായപൂർത്തിയാകാത്ത മകൻ്റെ കയ്യിൽ വാഹനം നൽകിയ മാതാപിതാക്കളോ....ഇവിടെ പ്രതിസ്ഥാനത്ത് നിന്ന് നിൽക്കുന്നത് മൂന്ന് കാരണങ്ങളാണ് അമിതവേഗതയും പ്രായത്തിൻ്റെ ചോരത്തിളപ്പും. പിന്നെ മാതാപിതാക്കളും. നെടുമ്പാശേരി വാഹനാകേസിലെ പ്രതി പ്രായപൂർത്തിയായിരുന്നുവെങ്കിലും അമിത മദ്യലഹരിയിലുള്ള വാഹനം ഓടിക്കലാണ് അപകടം ക്ഷണിച്ചുവരുത്തിയത്. പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്തിരുന്ന മൂന്ന് പേരുടെ സ്വപ്നമാണ് നടുറോഡിൽ തകർന്ന് വീണത്. എന്നാൽ രണ്ടാമത്തെ കേസായ ചേരാനല്ലൂർ കേസിൽ വില്ലനായത് ലൈസൻസ് പോലുമില്ലാത്ത പ്രായപൂർത്തിയാകാത്ത മകൻ്റെ കൈയിൽ വാഹനത്തിൽ വളയം പിടിപ്പിച്ച മാതാപിതാക്കളാണ്. ഇതിലെ വിരോധാഭാസം എന്തെന്ന് വച്ചാൽ നിയമങ്ങൾ കൊണ്ട് അമ്മാനം ആടുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയാണ് വാഹനത്തിൻ്റെ ഉടമയെന്നതാണ്. രണ്ട് അപകടങ്ങളിലും പ്രതിഫലിച്ചത് പണക്കൊഴുപ്പും, ഉന്നത ഇടപെടലുമാണ്.

നിയമത്തിൻ്റെ നൂലാമാലകൾ മാതാപിതാക്കൾ നോക്കുമെന്ന കുട്ടികളുടെ ധാർഷ്ട്യവും അഹങ്കാരവും സത്യത്തിൽ കേരളക്കരയെ ഞെട്ടിച്ചു. പ്രശ്നം വന്നാൽ എൻ്റെ വാപ്പ നോക്കുമെന്ന സുഹൈലിൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ മാധ്യമങ്ങളെ പോലും ഭയപ്പെടുത്തി. കേരളത്തിലെ റോഡുകളെ ചോരക്കളമാക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കേണ്ടത് ആരാണ്. മാതാപിതാക്കൾ തന്നെയാണ്. മക്കളുടെ വാശിക്ക് മുന്നിൽ ആഡംബര വാഹനങ്ങളുടെ താക്കോൽ എടുത്തു കൊടുക്കുന്ന ഓരോ മാതാപിതാക്കൾക്കുമുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ രണ്ട് വാഹനാപകടങ്ങളും

ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിച്ച് അപകടത്തിൽപ്പെട്ടാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് ആരാണ്?

കുട്ടികള്‍ വണ്ടിയെടുത്താല്‍ മാതാപിതാക്കൾ ജയിലിലാകുമോ?

പ്രായപൂർത്തിയാകാത്ത (18 വയസ്സിൽ താഴെയുള്ള) കുട്ടികൾ വാഹനമോടിച്ച് പിടിക്കപ്പെടുകയോ അപകടമുണ്ടാക്കുകയോ ചെയ്താൽ, അതിൻ്റെ പൂർണ ഉത്തരവാദിത്തം കുട്ടിക്ക് വണ്ടി നൽകിയ മാതാപിതാക്കൾക്കോ അല്ലെങ്കിൽ ആ വാഹനത്തിൻ്റെ ഉടമയ്‌ക്കോ ആയിരിക്കും. ചേരനല്ലൂർ അപകടത്തിൽ കാർ ഉടമയായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ 199 A ചുമത്തി പൊലീസ് കേസെടുത്തത് ഇതിനാലാണ്. കുറ്റകൃത്യത്തിൻ്റെ തീവ്രത അനുസരിച്ച് 3 വർഷം വരെ തടവ് ശിക്ഷയും 25,000 രൂപ പിഴയും രക്ഷിതാവിന്/ഉടമയ്ക്ക് ലഭിക്കാം എന്നതാണ് നിയമം പറയുന്നത്.

എന്താണ് 199 എ

മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 199 A പ്രകാരം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മോട്ടോർ വാഹന നിയമപ്രകാരം എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ (അപകടമുണ്ടാക്കുകയോ അല്ലെങ്കിൽ വെറുതെ വാഹനമോടിക്കുകയോ ചെയ്താൽ), അതിൻ്റെ പൂർണ ഉത്തരവാദിത്തം കുട്ടിയുടെ മാതാപിതാക്കൾക്കോ/രക്ഷാകർത്താവിനോ അല്ലെങ്കിൽ ആ വാഹനത്തിൻ്റെ ഉടമയ്‌ക്കോ ആയിരിക്കും. നിയമത്തിന് മുന്നിൽ അവർ കുറ്റക്കാരായി കണക്കാക്കപ്പെടും. ഈ വകുപ്പ് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ കുട്ടിയുടെ രക്ഷിതാവിനോ അല്ലെങ്കിൽ വാഹന ഉടമയ്‌ക്കോ 3 വർഷം വരെ തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാം.

വണ്ടി രക്ഷിതാവിൻ്റെ പേരിലല്ലെങ്കിൽ, വണ്ടിയുടെ യഥാർഥ ഉടമയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കും എന്നാൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് വാഹനം കൈകാര്യം ചെയ്യാൻ പാകത്തിൽ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് കുട്ടിയുടെ മാതാപിതാക്കൾക്കും/രക്ഷാകർത്താവിനും ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ട്. കോടതിയിൽ വിചാരണ വേളയിൽ കുട്ടിയുടെ സംരക്ഷകനായ രക്ഷിതാവിനെ ഇതിലേക്ക് കക്ഷി ചേർക്കാൻ നിയമപരമായി സാധിക്കും

എപ്പോഴാണ് രക്ഷപ്പെടാൻ സാധിക്കുക?

തൻ്റെ അറിവോടുകൂടിയല്ല കുട്ടി വാഹനമെടുത്തതെന്നും, കുട്ടി വണ്ടിയെടുക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും താൻ സ്വീകരിച്ചിരുന്നു എന്നും മാതാപിതാക്കൾക്ക് കോടതിയിൽ തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഇതിൽ നിന്നും നേരിയ തോതിലെങ്കിലും രക്ഷപ്പെടാൻ സാധിക്കൂ. അതിന് സാധ്യത കുറവാണ്.

വണ്ടിയുടെ ഉടമസ്ഥൻ രക്ഷിതാവിനെ കുടുക്കും

രക്ഷിതാവിൻ്റെ പേരിലല്ലാത്ത ഒരു വണ്ടിയാണ് കുട്ടി ഓടിച്ചതെങ്കിൽ. ഉദാഹരണത്തിന് സുഹൃത്തിൻ്റെയോ, അയൽവാസിയുടെയോ, ബന്ധുവിൻ്റേയോ വണ്ടി തൻ്റെ അനുവാദമില്ലാതെയാണ് കുട്ടി വണ്ടി എടുത്തതെന്ന് വണ്ടിയുടെ ഉടമയ്ക്ക് തെളിയിക്കാൻ കഴിഞ്ഞാൽ, വണ്ടി എടുക്കാൻ കുട്ടിയെ അനുവദിച്ച സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. "കുട്ടിക്ക് വണ്ടി എടുത്തു നൽകാൻ കൂട്ടുനിന്നു" അല്ലെങ്കിൽ "കുട്ടിയുടെ മേൽനോട്ടത്തിൽ വീഴ്ച വരുത്തി" എന്ന പേരിൽ മാതാപിതാക്കൾക്കെതിരെ കേസ് വരും. ഇതിനുപുറമേ, അപകടമുണ്ടാക്കിയ ആഡംബര വാഹനത്തിൻ്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും. കുറ്റക്കാരനായ കുട്ടിക്ക് 25 വയസ് തികയുന്നത് വരെ ഡ്രൈവിങ്‌ ലൈസൻസിനോ ലേണേഴ്സ് ലൈസൻസിനോ അപേക്ഷിക്കാൻ പോലും സാധിക്കില്ല.

ജഡ്‌ജിക്ക് പരിരക്ഷയുണ്ടോ?

ജഡ്‌ജിയല്ല, ഉപരാഷ്‌ട്രപതി ആണെങ്കിലും എത്ര ഉന്നത നേതാക്കളാണെങ്കിലും ഇത്തരം കേസുകളില്‍ യാതൊരു പരിരക്ഷ. നിയമത്തിൻ്റെ മുന്നിൽ എല്ലാ തുല്യരാണെന്ന് ഇതിലൂടെ വ്യക്തം. ഗവര്‍ണര്‍, പ്രസിഡൻ്റ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമാണ് പരിരക്ഷയുള്ളത്. ബാക്കിയുള്ള ഒരു പൗരനും യാതൊരു വിധത്തിലുമുള്ള പരിഗണന ലഭിക്കില്ല. പ്രായപൂർത്തിയാകാത്ത മകൻ ആഡംബര കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരമുള്ള 3 വർഷം വരെ തടവും 25,000 രൂപ പിഴയും അടക്കമുള്ള ശിക്ഷാ നടപടികൾ ജഡ്ജിക്കും നേരിടേണ്ടി വരും. ഒരു ജഡ്ജിയാണ് എന്നത് കൊണ്ട് മാത്രം ഈ ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാകാൻ നിയമം അനുവദിക്കുന്നില്ല. സാധാരണ ക്രിമിനൽ പ്രതികളെപ്പോലെ ഒരു ജഡ്ജിയെ പെട്ടെന്ന് പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിയില്ല. ജില്ലാ ജഡ്ജി റാങ്കിലുള്ള ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ മുൻകൂർ അനുമതിയോ അറിവോ ഉണ്ടായിരിക്കണം. എന്നാൽ, ഇത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ആനുകൂല്യമല്ല, മറിച്ച് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ പൊലീസ് ദുരുപയോഗം തടയുന്നതിനുള്ള ഒരു ഭരണഘടനാപരമായ മുൻകരുതൽ മാത്രമാണ്. വിചാരണ ഘട്ടത്തിൽ ശിക്ഷിക്കുന്നതിന് ഇത് തടസമല്ല

ഇൻഷുറൻസ് നഷ്ടപരിഹാരം രക്ഷിതാക്കൾ തന്നെ നൽകേണ്ടി വരും

വണ്ടി ആരുടെ പേരിലായാലും ലൈസൻസില്ലാത്ത കുട്ടി ഓടിച്ച് അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് കമ്പനി ഒരു പൈസ പോലും നഷ്ടപരിഹാരം നൽകില്ല. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് മോട്ടോർ ആക്സിഡൻ്റ്‌ ക്ലെയിംസ് ട്രിബ്യൂണൽ ലക്ഷങ്ങളോ കോടികളോ നഷ്ടപരിഹാരം വിധിച്ചാൽ, വണ്ടിയുടെ ഉടമയ്‌ക്കൊപ്പം ആ തുക ഈടാക്കാൻ കോടതി ഉത്തരവിടുന്നത് കുട്ടിയുടെ മാതാപിതാക്കളുടെ സ്വത്തുക്കളിൽ നിന്നായിരിക്കുമെന്ന് നിയമ വിദഗ്‌ധൻ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT