FEATURED

ബോംബുകളും മിസൈലുകളുമല്ല ! യൂറോപ്പിനെ വിറപ്പിച്ച് ഹാക്കർമാർ

ലോകം ഏറെ ഞെട്ടലോടെ നോക്കി കാണുന്ന വിഷയങ്ങളിലൊന്നായി യൂറോപ്പിലെ സംഭവ വികാസങ്ങൾ മാറുകയാണ്. അത് സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഹാക്കിങ്ങും സൈബർ ആക്രമണവുമാണ്.

Author : പ്രിയ പ്രകാശന്‍

ഭക്ഷ്യസുരക്ഷ ഉറപ്പുള്ള രാജ്യത്തിനേ ശക്തവും സമാധാനപരവുമായ ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ. ഒരു രാജ്യത്തെ സംബന്ധിച്ച്., അവിടുത്തെ ഭക്ഷ്യസുരക്ഷ എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റ് സുരക്ഷ സംവിധാനങ്ങൾക്ക് നൽകുന്ന തുല്യ പ്രധാന്യമാണ് ഭക്ഷ്യസുരക്ഷയ്ക്കുമുള്ളത്. അതൊരു സത്യമാണെന്ന് ഇരിക്കെ ലോകം ഏറെ ഞെട്ടലോടെ നോക്കി കാണുന്ന വിഷയങ്ങളിലൊന്നായി യൂറോപ്പിലെ സംഭവ വികാസങ്ങൾ മാറുകയാണ്. അത് സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഹാക്കിങ്ങും സൈബർ ആക്രമണവുമാണ്.

എന്താണ് യൂറോപ്പിൽ നടക്കുന്നത് ?

സാധാരണ റഫ്രിജറേറ്റർ തുറക്കുന്ന ഒരാളുടെ ശരീരത്തിലേക്ക് തണുത്ത കാറ്റ് വീശുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ നിന്നും ചൂട് കാറ്റ് പുറത്തേക്ക് വമിച്ചാലോ., അതും ചെറിയ ചൂടൊന്നും അല്ല, 50-ഡിഗ്രി സെൽഷ്യസ്‌ വരെ ഉയരുന്ന അസഹനീയമായ ചൂട്. ഇതാണ് യൂറോപ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളെ വിറപ്പിക്കുന്ന ഹാക്കിങ്. പാൽ,മത്സ്യ മാംസങ്ങൾ, തുടങ്ങി തണുപ്പിച്ച് സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

കട തുറന്ന് കട അടക്കുന്നതുവരെ ഒന്നിലും അസ്വാഭാവിക ഇല്ല. എല്ലാം സാധരണപോലെ. രാത്രിയിൽ കട അടച്ചിടുന്നതോടെ ഹാക്കർമാർ പണി തുടങ്ങും. ശീതീകരണ സംവിധാനങ്ങളുടെ കൺട്രോളറുകളിലേക്ക് ഇന്റർനെറ്റ് വഴി കടന്നുകയറുന്ന ഹാക്കർമാർ വൻതോതിൽ താപനില ഉയർത്തുന്നു. മൈനസ് 27 ഡിഗ്രി സെൽഷ്യസ്‌വരെ ശീതീകരിച്ചു പ്രവർത്തിച്ചിരുന്ന ഫ്രീസറുകളിലെ താപനില ഇരട്ടിയിലധികമായി ഉയർത്തുന്ന സ്ഥിതി വിശേഷം. ചില അവസരങ്ങളിൽ തണുപ്പ് കൂടിയാൽ റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കൾ നശിച്ചുപോകുന്നത് നമ്മളിൽ ചിലരെങ്കിലും നേരിട്ട് കണ്ടിട്ട് ഉണ്ടാകും. ഇതിൽ നിന്നും വ്യത്യസ്തമാണ് തണുപ്പ് കുറഞ്ഞാലുള്ള അവസ്ഥ. വെറുതെ കുറയുന്ന തണുപ്പല്ല. വസ്തുക്കൾ ഉരുകി ഒലിക്കുന്ന തരം ചൂട്.. ഫ്രാൻസ്, ബെൽജിയം, അയർലൻഡ്, ലക്സംബർഗ്, സ്വീഡൻ, നെതർലൻഡ്‌സ്, എസ്റ്റോണിയ, തുടങ്ങി ഏഴിലധികം യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ റെഫ്രിജറേറ്ററുകൾക്കുനേരെ നടക്കുന്നത് ഇത്തരത്തിലുള്ള ആക്രമണമാണ്.

ഹാക്കർമാർ കടന്നുകയറിയതെങ്ങനെ?

ഇന്റർനെറ്റുമായി ബന്ധിപ്പിച്ച റഫ്രിജറേഷൻ കൺട്രോൾ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ച ഹാക്കർമാർ, ഫ്രീസറുകളുടെ താപനിലയിൽ മാറ്റം വരുത്തിയെന്നാണ് റിപ്പോർട്ട്. കേന്ദ്രീകൃതമായി താപനില ക്രമീകരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളെല്ലാം ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളിൽ സജ്ജമായിരുന്നു. എന്നിട്ടും, ഈ വലിയ അപകടത്തെ തടഞ്ഞുനിർത്താൻ ഈ സംവിധാനങ്ങൾ ഉപകാരപ്പെട്ടിട്ടില്ല.

സാങ്കേതിക വിദ്യയെ അടച്ചങ്ങ് കുറപ്പെടുത്താനും പറ്റില്ല. കാരണം എന്തെന്നുവച്ചാൽ അവ പേരിന് മാത്രമുള്ള സംവിധാനങ്ങളായിരുന്നു. മിക്കയിടത്തും വർഷങ്ങളായി ഉപയേീാഗിക്കുന്നതും അപ്ഡേറ്റ് ചെയ്യാത്തതുമായ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷാപാച്ചുകൾ ഇൻസ്റ്റാൾ ചെയ്യാതിരുന്നതും പലയിടത്തും ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റാതിരുന്നതും ഹാക്കർമാർക്ക് പണി എളുപ്പമാക്കി കൊടുത്തു. ഹാക്ക് ചെയ്യപ്പെടുമ്പോൾ മുഴങ്ങേണ്ട മുന്നറിയിപ്പ് സംവിധാനങ്ങൾ പോലും നിശബ്ദമായി.

ആക്രമണത്തിൻ്റെ ഫലം

ഇത്തരത്തിൽ താപനിലയിൽ മാറ്റം വന്നാൽ ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ കേടാവുകയും, അവയിൽ നിന്നുള്ള ദുർഗന്ധം കാരണം അവ, നശിപ്പിക്കേണ്ടാതായും വരും. ഇത്തരത്തിൽ സ്ഥാപനങ്ങൾക്ക് വൻ തുകയാണ് നഷ്ടം സംഭവിച്ചത്. ഹാക്കർമാരുടെ ആക്രമണത്തോടെ ഒരൊറ്റ സൂപ്പർ മാർക്കറ്റിനുമാത്രം ഏകദേശം 1.2 കോടി രൂപ വരെ നേരിട്ടു നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതൊന്നും അറിയാതെ രാവിലെ ജാേലിക്കെത്തുന്ന ജീവനക്കാ‍‍ർ റഫ്രിജറേറ്ററുകൾ തുറന്നാലുള്ള കാഴ്ച കണ്ട് ഞെട്ടിനിൽക്കുന്നതും, കേടുവന്ന ടൺ കണക്കിന് ഭക്ഷ്യവസ്തുക്കൾ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി തെരുവിലെ ട്രാഷ് ബിന്നുകളിലേക്ക് നീക്കം ദൃശ്യങ്ങളും ലോകജന ശ്രദ്ധ പിടിച്ചുപറ്റി.

പ്രകൃതി ദുരന്തങ്ങളൊന്നും കൊണ്ടല്ല, ഇത്തരത്തിൽ നാശം സംഭവിച്ചത് എന്നതിനാൽ കമ്പനികൾക്കേറ്റ ഇൻഷുറൻസ് പോലും ലഭിച്ചേക്കില്ല. ഷെൽഫുകൾ ശൂന്യമായതോടെ കടകൾക്കു മുന്നിൽ ഉടമകൾക്ക് ബോർഡുകൾ സ്ഥാപിക്കേണ്ടി വന്നു.."സൈബർ ആക്രമണം കാരണം ശീതീകരിച്ച ഉത്പന്നങ്ങൾ ലഭ്യമായിരിക്കില്ല, ഉപഭോക്താക്കൾ ദയവായി സഹകരിക്കുക." മുമ്പും സമാനമായ രീതിയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലക്ഷ്യം പണം അല്ലെങ്കിൽ പിന്നെ?

ഇത്തരം കേസുകളിൽ പൊതുവേ ഹാക്കർമാർ കമ്പനികളിൽ നിന്നും വൻ തോതിൽ സാമ്പത്തികം ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ ആക്രമണത്തിൽ ഒരു കോണിൽ നിന്നുപോലും സാമ്പത്തികം ആവശ്യപ്പെട്ട് കൊണ്ട് ഒരു ഫോൺകോൾ പോലും വന്നില്ല എന്നതും ശ്രദ്ധേയം. ഇതാണ് ദുരൂഹതകൾക്ക് വഴി തുറക്കുന്നത്. ഇത് കേവലം പണം ലക്ഷ്യം വച്ച് കൊണ്ടുള്ള ഒരു കുറ്റകൃത്യമല്ല, മറിച്ച് ഇത് അട്ടിമറിയിലേക്കാണ് വിരൽചൂണ്ടുന്നത്. പൊതു ഭക്ഷ്യസുരക്ഷ ഭീഷണിയിലാണെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്താനും, സർക്കാരിനെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്താനുമുള്ള ആസൂത്രിത ശ്രമം. തങ്ങളുടെ ഡിജിറ്റൽ ശക്തി തെളിയിക്കാനോ സ്ഥാപനങ്ങളുടെ സുരക്ഷാവീഴ്ചകൾ ലോകത്തിന് മുന്നിൽ എടുത്ത് കാണിച്ചുകൊടുക്കാനോ ശ്രമിക്കുന്ന ഹാക്കർമാരാകാം ഇതിനുപിന്നിലെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.

ഒരു രാജ്യത്തെ തകർക്കാൻ ബോംബുകളും മിസൈലുകളും മാറി മാറി ഉപയോ​ഗിക്കപ്പെടുന്ന സമാകാലിക ലോകത്ത്, കേവലം വിരൽത്തുമ്പുകൾ ചലിപ്പിച്ച് കൊണ്ട് ഒരു രാജ്യത്തിൻ്റെ സാമ്പത്തികവും സാങ്കേതികവുമായ ശേഷിയെ തകർത്ത്, ആ രാജ്യത്തെ ലോകത്തിന് മുന്നിൽ സംശയത്തിൻ്റെ നിഴലിലാക്കുന്ന കാഴ്ചയ്ക്കാണ് നാം ഇന്ന് സാക്ഷിയാകുന്നതെന്നും ശ്രദ്ധേയം.

SCROLL FOR NEXT