ഇന്ദ്രനീലിമയിലെ മിന്നലാട്ടക്കാരൻ വരുന്നു... ആറാമത്തേയും അവസാനത്തേയും ലോകകപ്പിന് അയാൾ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ ഗ്യാലറികളിൽ ആവേശം ഉച്ചസ്ഥായിയിലേക്കുയരും. അയാളുടെ ഓരോ ടച്ചിനും ലോകകപ്പ് വേദികൾ ആർത്തിരമ്പും! ഇനിയും കണ്ടുകൊതിതീരാത്ത മാജിക്കിൻ്റെ അക്ഷയപാത്രം... പ്രിയപ്പെട്ട ലിയോ നിങ്ങൾക്ക് ചുറ്റും എന്നും ദൈവതുല്യമായ പ്രഭാവലയമുണ്ട്! നിങ്ങൾ ഈ ലോകത്തെ കോടിക്കണക്കിന് കാൽപന്തു കളി ആരാധകരുടെ ഉടയോനാണ്... അവരുടെ ഏറ്റവും പ്രിയപ്പെട്ട മിശിഹയാണ്... !!
യുഎസിലെ സുപരിചിതമായ പുൽമൈതാനങ്ങളിൽ നീലക്കടലിൻ്റെ രാജാവ്.... ഫുട്ബോളിലെ ഇന്ദ്രജാലക്കാരൻ വീണ്ടും പന്തു തട്ടാനിറങ്ങുമ്പോൾ... കരിയറിലെ അവസാന ലോകകപ്പ് വേട്ടയ്ക്കിറങ്ങുമ്പോൾ ആൽബിസെലെസ്റ്റുകൾ വാനോളം പ്രതീക്ഷയിലാണ്. ഇക്കുറിയും അസാധ്യമായത് തന്നെ സംഭവിക്കും... ഈ ലോകകപ്പും നമ്മൾ തൂക്കും!
ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോൾ ഏറെ സമ്പന്നമായൊരു പ്രതാപകാലം അർജൻ്റീനയ്ക്ക് അവകാശപ്പെടാനുണ്ട്. മരിയോ കെംപസ്, ഡാനിയേൽ പസറെല്ല, ഡീഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഹാവിയർ സാനെറ്റി, ഹെർനൻ ക്രെസ്പോ, യുവാൻ റോമൻ റിക്വൽമി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസ്സി... ഒൻപത് പതിറ്റാണ്ടുകൾക്കിടയിൽ അങ്ങനെ എത്രയെത്ര ഇതിഹാസ താരങ്ങളാണ് നീലക്കടലിനെ പുളകം കൊള്ളിച്ചത്! കാലചക്രം ഒരു നൂറ്റാണ്ടിലേക്ക് പിന്നോട്ടുരുളുമ്പോൾ... വിധി നിരന്തരം തോൽപ്പിച്ചുകൊണ്ടിരുന്ന ആ ജനതയെ സന്തോഷിക്കാൻ പഠിപ്പിച്ചത്... ഫുട്ബോൾ എന്ന മാജിക്കായിരുന്നു... !! ഫുട്ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിന് നിരവധി ഇതിഹാസങ്ങളെ സംഭാവന ചെയ്ത ലാറ്റിനമേരിക്കൻ രാജ്യം... ദി വൺ ആൻഡ് ഒൺലി 'അർജൻ്റീന'...
അന്താരാഷ്ട്ര ഫുടബോളിൽ 23 കിരീട നേട്ടങ്ങളെന്ന ലോക റെക്കോർഡ് ഇന്നും നീലപ്പടയ്ക്ക് സ്വന്തമാണ്. 16 കോപ്പ അമേരിക്ക കിരീടങ്ങളാണ് അവർ സ്വന്തമാക്കിയത്. ലോകകിരീടം നിലനിർത്താൻ ഇക്കുറി പരിക്ക് വലയ്ക്കുന്ന ടീമുമായാണ് അർജൻ്റീന യുഎസിലേക്ക് വന്നിട്ടുള്ളത്. പരിക്കിൽ നിന്നും മോചിതനായി ഫുൾ പവറിലെത്തുന്ന മെസ്സി ടീമിനെ ഇക്കുറിയും നയിക്കും. ഈ വരുന്ന ജൂൺ 24ന് ലിയോണൽ ആന്ദ്രെസ് മെസ്സിയെന്ന ഫുട്ബോൾ മജീഷ്യൻ്റെ 39ാം ജന്മദിനമാണ്. പ്രായം ഇന്നും ആ പോരാളിയെ തളർത്തിയിട്ടില്ല!
അർജൻ്റീനയെ കുറിച്ച് പറയുമ്പോൾ... 3 വിശ്വകിരീടങ്ങൾ കൊണ്ട് തിലകക്കുറി ചാർത്തിയ... അൽബിസെലെസ്റ്റെയുടെ ഇതിഹാസ താരങ്ങളെ ഓർക്കാതെ പോകുന്നതെങ്ങനെ? അർജൻ്റൈൻ ജനത അനുഭവിച്ച രാഷ്ട്രീയ തിരിച്ചടികളേയും അടിച്ചമർത്തലുകളുടെ കറുത്ത ഭൂതകാലചരിത്രവും മറക്കുന്നത് എങ്ങനെയാണ്?ഫുട്ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിനെ സ്നേഹിക്കുന്നവർക്ക് ഈ ജേഴ്സിയെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെ?
1930ൽ ഫിഫ ചരിത്രത്തിലാദ്യമായി ലോകകപ്പ് സംഘടിപ്പിച്ചപ്പോൾ ചാംപ്യന്മാരായത് യുറുഗ്വെ ആയിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം 1934ൽ നടന്ന ലോകകപ്പിൽ പക്ഷേ ആദ്യ റൗണ്ടിൽ തന്നെ അർജൻ്റീനയ്ക്ക് പുറത്താകേണ്ടി വന്നു. പിന്നീട് വർഷങ്ങളോളം നീണ്ടു രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾ മൂലം 1938, 1950, 1954 എന്നീ ലോകകപ്പുകളിൽ ടീമിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ ഇതിഹാസമായ സാക്ഷാൽ ഇതിഹാസമായിരുന്ന ആൽഫ്രെഡോ സ്റ്റെഫാനോ മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കാൻ തീരുമാനിച്ചു.
പിന്നീട് നടന്ന 1958, 1962 എന്നീ ലോകകപ്പുകളിൽ അർജൻ്റീന പങ്കെടുത്തിരുന്നെങ്കിലും ഗ്രൂപ്പ് ഘട്ടം മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. 1966 ലോകകപ്പിലും അവർക്ക് ക്വാർട്ടർ ഫൈനലിൽ തോറ്റ് മടങ്ങേണ്ടി വന്നു. പിന്നീട് അർജൻറീന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ ലഭിക്കാതെ പോയ ഏക ലോകകപ്പ് ആയിരുന്നു 1970ലേത്. എന്നാൽ 1974 ലോകകപ്പിൽ അർജൻ്റീന ഒരിക്കൽ കൂടി തിരിച്ചെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ അവർക്ക് പുറത്താകേണ്ടി വന്നു.
1978ൽ പട്ടാള ഭരണത്തിന് കീഴിലാണ് അർജൻ്റീനയിൽ വച്ച് ലോകകപ്പ് നടന്നത്. ഫൈനലിൽ ടോട്ടൽ ഫുട്ബോളിൻ്റെ വക്താക്കളായ നെതർലൻഡ്സിനോട് ആയിരുന്നു അർജൻ്റീനയ്ക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. മത്സരത്തിന് മുന്നോടിയായി ലോക ഫുട്‌ബോളിലെ ഏക്കാലത്തേയും വലിയ ഇതിഹാസങ്ങളിൽ ഒരാളായ നെതർലൻഡ് സൂപ്പർ താരം യൊഹാൻ ക്രൈഫ് പിൻവാങ്ങി. വിദേല ഭരണകൂടത്തിൻ്റെ സ്വേഛാധിപത്യ നിലപാടിനോടുള്ള ക്രൈഫിൻ്റെ എതിർപ്പാണ് ഈ പിൻമാറ്റത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ തനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉണ്ടായതിനെ തുടർന്നാണ് അന്ന് കളിക്കാതിരുന്നതെന്ന് താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു..
ജനറൽ ജോർജ് വിദേലയുടെ പട്ടാള ഭരണത്തിൻകീഴിൽ... സമാനതകൾ ഇല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂട അടിച്ചമർത്തലുകളും അർജൻ്റീനൻ ജനത വീർപ്പുമുട്ടിയിരുന്ന കാലമായിരുന്നു അത് (1976 മുതൽ 1984 വരെ). മെസ്സിക്കും മാറഡോണയ്ക്കും മുൻപ് അർജൻ്റീനൻ ജനതയുടെ കാൽപന്ത് കനവുകൾക്ക് ചിറക് മുളപ്പിച്ച, കന്നി ലോകകിരീടം സമ്മാനിച്ചൊരു കാൽപന്ത് മാന്ത്രികനുണ്ടായിരുന്നു! അസാമാന്യ വേഗം കൊണ്ട് എതിരാളികളെ വിറപ്പിച്ചിരുന്ന ഇതിഹാസത്തെ ആദരവോടെ "എൽ മറ്റഡോർ" എന്ന ചെല്ലപ്പേരിട്ടാണ് ആൽബിസെലെസ്റ്റെ ആരാധകർ വിളിച്ചിരുന്നത്...
നാല് വർഷങ്ങൾക്ക് ശേഷമുള്ള നീലപ്പടയുടെ തിരിച്ചുവരവ് അതി ഗംഭീരമായിരുന്നു... അർജൻ്റീന ഫുട്ബോൾ ഇതിഹാസമായ മരിയോ കെംപസ് പിറവിയെടുത്ത ലോകകപ്പായിരുന്നു അത്. കെംപസിൻ്റേയും ക്യാപ്റ്റനായ പസറെല്ലയുടേയും മികവിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ അർജൻ്റീന കന്നി ലോകകപ്പ് കിരീടാരോഹണം നടത്തി. 1978 ഫൈനലിൽ രണ്ട് തവണ നെതർലൻഡ്സിൻ്റെ ഗോൾവല കുലുക്കി അർജൻ്റീനയെ ആദ്യമായി വിശ്വകിരീടം ചൂടിച്ച ആ പ്രതിഭയുടെ പേര് മരിയോ കെംപസ് എന്നായിരുന്നു.
ക്യാപ്റ്റൻ ഡാനിയേൽ പസറെല്ലയ്ക്ക് അർജൻ്റീനയുടെ വെള്ളയും നീലയുമുള്ള വരയൻകുപ്പായത്തിലേക്ക് ആദ്യമായി ലോകകപ്പ് ചേർത്തുപിടിക്കാൻ സുവർണാവസരമൊരുക്കിയ ലെജൻഡ് ആണയാൾ. ടൂർണമെൻ്റിൽ ആകെ 6 ഗോളുകൾ നേടി ടോപ്പ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയ കെംപസ്. ആ നേട്ടം മറ്റു രണ്ട് പേർക്ക് കൂടിയേ അവകാശപ്പെടാനുള്ളൂ. ബ്രസീൽ ഇതിഹാസം ഗരിഞ്ചയ്ക്കും ഇറ്റാലിയൻ ഇതിഹാസമായ പോളോ റോസിക്കും...
എന്നാൽ 1982 ലോകകപ്പിൽ നിർഭാഗ്യവശാൽ മുൻ ചാംപ്യന്മാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. പക്ഷേ ആ ലോകകപ്പിലെ ക്ഷീണം അവർ നാല് വർഷങ്ങൾക്കു ശേഷമാണ് തീർത്തത്. 1986ൽ മെക്സിക്കോയിൽ വച്ച് നടന്ന ലോകകപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയെന്ന ഫുട്ബോൾ ദൈവം അവതരിച്ചു. നീലപ്പടയുടെ ആരാധകരെ സംബന്ധിച്ച് ലോകമുള്ളിടത്തോളം നാൾ അവർക്ക് ഓർക്കാവുന്ന ത്രസിപ്പിക്കുന്ന അനവധി നിമിഷങ്ങൾ സമ്മാനിച്ച ഒരു ലോകകപ്പായിരുന്നു അത്.
മറഡോണയുടെ 'ദൈവത്തിൻ്റെ കയ്യൊപ്പ്' പതിഞ്ഞ ഗോളും... ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നൂറ്റാണ്ടിൻ്റെ ഗോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലെജൻഡ് ഡീഗോയുടെ ചിറകിലേറി... അക്കാലത്ത് ഡബിൾ സ്ട്രോങ്ങായിരുന്ന പശ്ചിമ ജർമനിയെ 3-2ന് കൊമ്പുകുത്തിച്ചാണ്... 8 വർഷങ്ങൾക്കിപ്പുറം ആൽബിസെലെസ്റ്റകൾ രണ്ടാം ലോകകപ്പിൽ മുത്തമിട്ടത്!
1990 ലോകകപ്പ് ഫൈനൽ... തൊട്ടുമുമ്പത്തെ 86 ലോകകപ്പിൻ്റെ തനിയാവർത്തനമായിരുന്നു. പക്ഷേ ഇക്കുറി ജർമനി അതിനെല്ലാം മധുരപ്രതികാരം വീട്ടിയപ്പോൾ ആൽബിസെലെസ്റ്റെകൾക്ക് കലാശപ്പോരിൽ തലകുനിക്കേണ്ടി വന്നു. പിന്നീട് നടന്ന 1994 ലോകകപ്പിലും 1998 ലോകകപ്പിലും പ്രീ ക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും അർജൻ്റീന തോറ്റ് പുറത്തായി. 1998ലും 2002ലും സ്വർണ തലമുടിക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയിൽ അർജൻ്റീന ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ചെങ്കിലും സൂപ്പർ താരത്തിന് അവസരത്തിനൊത്ത് ഉയരാനായില്ല. 2006ൽ കരുത്തുറ്റ സ്ക്വാഡ് തന്നെയായിരുന്നു അർജൻ്റീനയ്ക്ക് ഉണ്ടായിരുന്നത്. ക്രെസ്പോ, ക്യാംപിയാസോ, ടെവസ്, റിക്വൽമി, മെസ്സി എന്നിങ്ങനെ നീളുന്നു ആ നിര. പക്ഷേ കാര്യമായ നേട്ടമൊന്നും ലോകകപ്പിൽ നേടിയെടുക്കാൻ സാധിച്ചില്ല.
ഡീഗോ മറഡോണ പരിശീലക സ്ഥാനം ഏറ്റെടുത്തപ്പോൾ ഏറ്റവും വലിയ പ്രതീക്ഷകളായിരുന്നു 2010 ലോകകപ്പിൽ അർജൻ്റീനൻ ഫാൻസിന് ഉണ്ടായിരുന്നത്. ബാലൻഡ്യോർ നേട്ടം കൈവരിച്ച ലയണൽ മെസ്സി സ്ക്വാഡിൽ ഉണ്ടായിട്ടും തൃപ്തികരമായ പ്രകടമായിരുന്നില്ല ടീമിന് കാഴ്ചവയ്ക്കാനായത്. ക്വാർട്ടർ ഫൈനലിൽ അവർക്ക് ജർമനിയോട് തോറ്റു പുറത്തായിരുന്നു. 2014 ലോകകപ്പിൽ ലയണൽ മെസ്സി ബ്രസീൽ മണ്ണിൽ അത്ഭുത പ്രകടനമാണ് നടത്തിയത്. മെസ്സിയുടെ ചിറകിലേറി ഫൈനലിലേക്ക് അർജൻ്റീന കുതിച്ചെങ്കിലും ഫൈനലിൽ ജർമനിയോട് ഒരു ഗോളിന് തോൽവി വഴങ്ങി.
2018 ലോകകപ്പിൽ അർജൻ്റീന പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായി. എന്നാൽ 2014ൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ലോകകിരീടം 2022ൽ ഖത്തർ ലോകകപ്പിൽ മെസ്സിപ്പട മാറോടണച്ചു. മെസ്സിയുടെ നേതൃത്വത്തിൽ അർജൻ്റീന 36 വർഷത്തെ കിരീട വരൾച്ചയ്ക്കാണ് വിരാമമിട്ടത്. സൗദി അറേബ്യയോടുള്ള ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെങ്കിലും, ലിയോ മാജിക് അക്ഷരാർഥത്തിൽ നീലപ്പടയെ ഫൈനലിലേക്ക് നയിച്ചു. കലാശപ്പോരിൻ്റെ ഫുൾടൈമിൽ 3-3 എന്ന നിലയിൽ സമനിലയായിരുന്നു ഫലം.. ശേഷം.. നിലവിലെ ചാംപ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി, മെസ്സി ഖത്തറിൽ ഇതിഹാസ തുല്യമായ കിരീടാരോഹണം നടത്തി. ടൂർണമെൻ്റിലെ മികച്ച താരമായും മെസ്സി മാറിയിരുന്നു.
തുടർച്ചയായി രണ്ട് തവണ ലോകകപ്പ് നേടിയ ടീമുകൾ ഇറ്റലിയും ബ്രസീലും മാത്രമാണ്. ഇറ്റലി 1934, 1938 ലോകകപ്പുകളിൽ കിരീടം നേടിയപ്പോൾ.. ബ്രസീൽ 1958ലും 1962ലുമാണ് വിശ്വകിരീടത്തിൽ തുടർച്ചയായി മുത്തമിട്ടു. ഇതിന് ശേഷം ആർക്കും ഈ നേട്ടം സ്വന്തമായിട്ടില്ല. 2018ലെ ചാംപ്യന്മാരായ ഫ്രാൻസ് 2022ലെ ലോകകപ്പിൽ ഫൈനൽ വരെയെത്തിയിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ മെസ്സിപ്പടയോട് തോറ്റു മടങ്ങി. ഫുട്ബോൾ ലോകകപ്പിൽ തുടർച്ചയായി രണ്ട് കിരീടമെന്നത് 1962ന് ശേഷം ടീമുകൾക്ക് ഒരിക്കലും സാധിക്കാത്ത നേട്ടമാണ്. ഇത്തവണ അർജൻ്റീനയ്ക്ക് അത് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ലയണൽ സ്കലോണിയെന്ന മഹാമാന്ത്രികന് കീഴിൽ ആൽബിസെലെസ്റ്റെകൾ വീണ്ടും ലോകകപ്പ് നിലനിർത്താനിറങ്ങുമ്പോൾ ഫാൻസിന് അതൊരു അഭിമാന പോരാട്ടമാണ്... മറ്റൊരു ലോകകിരീടം കൂടി സമ്മാനിച്ച് മെസ്സിയെ തലയുയർത്തി യാത്രയയക്കാനാണ് നീലപ്പട കണക്കുകൂട്ടുന്നത്. 2021ലെ കോപ്പ അമേരിക്ക കിരീടം 2024ൽ നിലനിർത്തിയ സ്കലോണിപ്പടയ്ക്ക് ഇതൊന്നും അത്ര പുത്തരിയല്ല! ലോകകിരീടം നിലനിർത്താൻ ഇക്കുറി പരിക്ക് വലയ്ക്കുന്ന ടീമുമായാണ് കോച്ച് വരുന്നത്. പരിക്കിൽ നിന്നും മോചിതനായി ഫുൾ പവറിലെത്തുന്ന മെസ്സി തന്നെ ടീമിനെ നയിക്കും. എമിലിയാനോ മാര്‍ട്ടീനസും ഹൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും അടക്കം 2022 ലോകകപ്പ് ടീമിലെ 17 പേര്‍ ഇക്കുറിയും സ്ക്വാഡിൽ ഉള്‍പ്പെട്ടിട്ടുണ്ട്.
മെസ്സിക്ക് നിറഞ്ഞു കളിക്കാൻ അവസരം നൽകുന്ന 4-3-3 എന്ന ഫോർമേഷനിലാണ് പൊതുവെ അർജൻ്റീന കളിക്കാറുള്ളത്. അത് എതിരാളികളെ അനുസരിച്ച് മാറുക പതിവാണ്. ഏറെ ഫിസിക്കലായ എതിരാളികൾ ആകുമ്പോഴോ, വിങ്ങർമാരിലൂടെ എതിർ ടീം ആക്രമണം കടുപ്പിക്കുകയോ ചെയ്യുമ്പോൾ 3-5-2 എന്ന ഫോർമേഷനിലേക്ക് നീലപ്പട മാറാറുണ്ട്...
എമിലിയാനോ മാര്‍ട്ടീനസും ജെറോനിമോ റൂലിയും ജുവാന്‍ മൂസ്സോയുമാണ് ഗോള്‍ കീപ്പര്‍മാര്‍. പരിക്ക് ഭേദമാകാത്ത ദിബുവിന് പകരമായി വാന്‍ മൂസ്സോയാണ് ആദ്യ ഇലവനിൽ കളിക്കുക. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ നിർണായക സാന്നിധ്യമാകുന്ന മാർട്ടിനസ് കൂടി മടങ്ങിയെത്തിയാൽ അർജൻ്റീന അജയ്യരാകും...
സെൻ്റർ ബാക്കുകളായ ക്രിസ്റ്റ്യൻ റൊമേറോയുടെയും ലിസാൻഡ്രോ മാർട്ടിനെസിൻ്റേയും അഗ്രസീവും വേഗമേറിയതുമായ ഇടപെടലുകൾ ബോക്സിനകത്ത് നീലപ്പടയ്ക്ക് സുരക്ഷിതത്വ ബോധമേകുന്നുണ്ട്. റൈറ്റ് ബാക്കായി നഹുവേല്‍ മൊളീനയും... ലെഫ്റ്റ് ബാക്കായി നിക്കോളാസ് ടഗ്ലിയാഫിക്കോയും കോട്ട കാക്കാൻ നിലയുറപ്പിക്കും. നിക്കോളാസ് ഒട്ടാമെന്‍ഡി, ലിയനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, ഫക്കുണ്ടോ മെഡിന എ്നിവരും അർജൻ്റൈൻ പ്രതിരോധമതിലിന് ശക്തിതീർക്കും.
ഡീപോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നീ ത്രയങ്ങൾ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും ഒത്തിണക്കമുള്ള "എലൈറ്റ് മിഡ് ഫീൽഡാണ്" അർജൻ്റീനയ്ക്ക് സമ്മാനിക്കുന്നത്. റൈറ്റ് സെൻട്രൽ മിഡ് ഫീൽഡറായി ഡീപോളും... ലെഫ്റ്റ് സെൻട്രൽ മിഡ് ഫീൽഡറായി അലക്സിസ് മാക് അലിസ്റ്ററുമെത്തുമ്പോൾ... ഡിഫൻസീവ് മിഡ് ഫീൽഡറായി എൻസോ ഫെർണാണ്ടസ് കളിമെനയും. പകരക്കാരായി മധ്യനിരയില്‍ ലിയാന്‍ഡ്രോ പാരേഡ്‌സ്, വാലെൻ്റി ബാര്‍കോ, ജിയാവാനി ലോ സെല്‍സോ, എക്സിക്വേല്‍ പലാസിയോസ് എന്നിവർ കൂടിയെത്തുമ്പോൾ സ്കലോണിയുടെ ടീമിൻ്റെ ആക്രമണങ്ങൾക്ക് കരുത്ത് വർധിക്കും...
റൈറ്റ് വിങ്ങറായും സ്വതന്ത്ര സ്ട്രൈക്കറായും വിഹരിക്കുന്ന 38കാരൻ ലയണല്‍ മെസ്സി നയിക്കുന്ന മുന്നേറ്റനിരയിലേക്ക് എക്സ്‌പ്ലോസീവ് ശേഷിയുള്ള ഒരുപിടി യുവതാരങ്ങൾ കൂടി ചേരുന്നതോടെ സ്കലോണിപ്പട ടൂർണമെൻ്റിൻ്റെ തുടക്കത്തിലേ നേരെ ടോപ് ഗിയറിലേക്ക് കേറും. 21 വയസ് മാത്രം പ്രായമുള്ള നിക്കോ പാസും... 23കാരൻ ജുലിയാനോ സിമിയോണിയും ഈ ലോകകപ്പിലൂടെ പുത്തൻ താരോദയങ്ങളായി മാറുമെന്ന് ഉറപ്പാണ്. 25നും 28നും ഇടയിലാണ് മറ്റു മുന്നേറ്റനിരക്കാരുടെ പ്രായം. ലൗട്ടാരോ മാര്‍ട്ടിനസ്, ഹൂലിയന്‍ അല്‍വാരസ്, നിക്കൊളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജോസ് മാനുവല്‍ ലോപസ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.