World Cup 2026

ചരിത്രം കുറിക്കുമോ അർജൻ്റീന? ആവേശത്തിരയിൽ ആരാധകർ

ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ നേട്ടമാണ് ഇത്തവണ മെസ്സിയുടെ അർജൻ്റീനയുടെ ലക്ഷ്യം.

Author : ന്യൂസ് ഡെസ്ക്

ബ്യൂണസ് ഐറിസ്: ഇത്തവണ കിരീടം കാക്കാനിറങ്ങുന്ന ലയണൽ മെസ്സിക്കും അർജൻ്റീനയ്ക്കും മുന്നിൽ വിലങ്ങുതടിയായി ഒരു ചരിത്രമുണ്ട്. ആറരപ്പതിറ്റാണ്ട് കാലമായി ഒരു ടീമും ലോകകപ്പിൽ തുടർച്ചയായി കിരീടം നേടിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ നേട്ടമാണ് ഇത്തവണ മെസ്സിയുടെയും അർജൻ്റീനയുടേയും ലക്ഷ്യം.

16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലയണൽ മെസ്സി ദോഹയിൽ കിരീടം ഉയർത്തിയത്. നാല് വർഷത്തിന് ഇപ്പുറം കിരീടം നിലനിർത്താൻ മെസ്സിയും സംഘവും തയ്യാറെടുക്കുമ്പോൾ മുന്നിൽ ലോകചാംപ്യൻമാർക്കുള്ള ശാപത്തിൻ്റെ കഥകളാണ് വെല്ലുവിളിയാകുന്നത്. 1962 മുതൽ ആർക്കും സാധ്യമാകാത്ത നേട്ടമാണ് അർജൻ്റീനയ്ക്ക് മുന്നിലുള്ളത്.

1934ലും 1938ലും കിരീടമുയർത്തിയ ഇറ്റലിയാണ് ആദ്യമായി ലോകകിരീടം നിലനിർത്തിയ സംഘം. അതിന് ശേഷം വീണ്ടും രണ്ട് തവണ കിരീടം നേടിയെങ്കിലും തുടർച്ചയായ നേട്ടത്തിലെത്താൻ ഇറ്റലിക്കായില്ല. 1958ലും 1962ലും സാക്ഷാൽ പെലെയുടെ ബ്രസീലും ഇറ്റലിയുടെ നേട്ടത്തിന് ഒപ്പമെത്തി. എന്നാൽ പിന്നീടൊരിക്കലും ഒരു ടീമിനും ലോകകപ്പിൽ തുടരെ കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ 64 വർഷത്തിനിടെ പലരും തുടരെ ഫൈനലിലെത്തിയെങ്കിലും കിരീടം നിലനിർത്താൻ ഒരു ടീമിനും സാധിച്ചില്ല.

1986ൽ ജർമനിയെ തോൽപ്പിച്ച് കിരീടം നേടിയ മറഡോണയുടെ അർജൻ്റീന 1990ൽ ഫൈനലിലെത്തിയെങ്കിലും ജർമനിയോട് തന്നെ തോറ്റു. 1982 മുതൽ 1990 വരെ തുടരെ മൂന്ന് ഫൈനൽ കളിച്ചെങ്കിലും ജർമനിക്ക് കിരീടം നേടാനായത് ഒന്നിൽ മാത്രം. പിന്നാലെ ബ്രസീലിൻ്റെ ഊഴം. 1994 മുതൽ 2002 വരെ മൂന്ന് ഫൈനലും കളിച്ച ബ്രസീൽ രണ്ട് കിരീടം നേടി. 1994ലും 2002ലും രണ്ട് തവണയും തുടർച്ചയായി കിരീടം നേടാനുള്ള അവസരം പാഴായി.

2018ൽ കിരീടം നേടിയ ഫ്രാൻസ് കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും അർജൻ്റീനയോട് തോറ്റു. നെതർലാൻഡ്‌സ് ആകട്ടെ 1974,1978 ലോകകപ്പിൽ ഫൈനലിൽ എത്തിങ്കിലും കിരീടം നേടാനായില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നടന്ന ആറ് ലോകകപ്പുകളിലാകട്ടെ വ്യത്യസ്ത ചാംപ്യൻമാരാണ് ഉണ്ടായത്. 2002ൽ ബ്രസീൽ, 2006ൽ ഇറ്റലി, 2010ൽ സ്പെയിൻ, 2014ൽ ജർമനി, 2018ൽ ഫ്രാൻസ്, 2022ൽ അർജൻ്റീന, ഇറ്റലിക്കും ബ്രസീലിനും മാത്രം സാധ്യമായ സ്വപ്നം അർജൻ്റീന സ്വന്തമാക്കുമോ എന്ന ആകാംഷയാണ് ആരാധക്കിടയിലുള്ളത്.

SCROLL FOR NEXT