World Cup 2026

ഹാട്രിക്കുമായി തിളങ്ങി ഡെംബെലെ; നോർവെയെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കളായി ഫ്രഞ്ച് പട

ഉസ്മാൻ ഡെംബെലെയുടെ മിന്നും പ്രകടനമാണ് ഫ്രാൻസിൻ്റെ വിജയത്തിൽ നിർണായകമായത്.

Author : ന്യൂസ് ഡെസ്ക്

ഫോക്സ്‌ബറോ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐയിലെ സൂപ്പർ ക്ലാഷിൽ മുൻ ചാംപ്യന്മാരായ ഫ്രാൻസ് നോർവെയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ആദ്യപകുതിയിൽ ഹാട്രിക് നേടിയ സ്ട്രൈക്കറും ബാലൺ ഡി ഓർ ജേതാവുമായ ഉസ്മാൻ ഡെംബെലെയുടെ മിന്നും പ്രകടനമാണ് ഫ്രാൻസിൻ്റെ വിജയത്തിൽ നിർണായകമായത്.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഫ്രാൻസ് 9 പോയിൻ്റുമായി റൗണ്ട് ഓഫ് 32വിൽ എത്തി. അതേസമയം ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച നോർവെയും നേരത്തെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഹാലണ്ട് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. നോർവെ യുവതാരങ്ങളെ അണിനിരത്തി 4-3-3 ഫോർമേഷനിൽ മത്സരത്തിന് ഇറങ്ങിയപ്പോൾ, ഫ്രാൻസ് പതിവ് ശൈലിയായ 4-1-3-2 ഫോർമേഷനിൽ തന്നെയാണ് കളിച്ചത്.

പരിശീലകൻ ദിദിയർ ദെഷാംപ്സിൻ്റെ അസാന്നിധ്യത്തിൽ കളിച്ച ഫ്രാൻസ് ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തി. എംബാപ്പെയുടെ കാലിൽ നിന്നും പന്ത് സ്വീകരിച്ച ഡെംബെലെ അനായാസേന ടീമിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന് സമാനമായി 20ാം മിനിറ്റിൽ എംബാപ്പെയുടെ പാസ് സ്വീകരിച്ച ഡെംബെലെ വീണ്ടും പന്ത് നോർവെയുടെ വലയിലെത്തിച്ചു.

ഇതിന് പിന്നാലെ നോർവേയും ശക്തമായി തിരിച്ചടിച്ചു. ഹാലൻഡിൻ്റെ അഭാവത്തിൽ നോർവീജിയൻ ആക്രമണം നയിച്ച വിംഗർ തെലോ ആസ്ഗാർഡ് ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിൻ്റെ പാസ് വലയിലെത്തിച്ചു. എന്നാൽ നോർവേക്ക് തിരിച്ചുവരാനുള്ള അവസരം നിഷേധിച്ച് ഡെംബെലെ 32ാം മിനിറ്റിൽ ഹാട്രിക് തികച്ചു. ഓറേലിയൻ ചൗമേനിയിൽ നിന്നും പന്ത് സ്വീകരിച്ച താരം ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക് കയറ്റി. ഇതോടെ 2026 ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക് എന്ന നേട്ടം താരം സ്വന്തമാക്കി.

പിന്നീടും തിരിച്ചടിക്കാൻ നോർവെ പലകുറി ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ജോർജൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയത് ഉൾപ്പെടെ നിരവധി അവസരങ്ങൾ അവർ പാഴാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അധികസമയത്ത് ബ്രാഡ്‌ലി ബാർകോളയുടെ ക്രോസ് ഹെഡ്ഡറിലൂടെ ഡെസിരെ ഡൗ നോർവീജിയൻ വല വീണ്ടും കുലുക്കി.

SCROLL FOR NEXT