World Cup 2026

ഗരിഞ്ച, ബലോഗന്‍... ലോകകപ്പിലെ രണ്ട് ചുവപ്പു കാര്‍ഡുകള്‍; വിവാദം, ദുരൂഹത

ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 190 ചുവപ്പു കാർഡുകളാണ് പിറന്നിട്ടുള്ളത്.

Author : എസ്. ഷാനവാസ്

ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 190 ചുവപ്പു കാർഡുകളാണ് പിറന്നിട്ടുള്ളത്. 1930 ലോകകപ്പില്‍ പെറുവിന്റെ പ്ലാസിഡോ ഗലിൻഡോ ആണ് ചുവപ്പു കാര്‍ഡ് കിട്ടുന്ന ആദ്യ താരം. ഏറ്റവും ഒടുവില്‍ ചുവപ്പു കാര്‍ഡ് കിട്ടിയ കളിക്കാരന്‍ യുഎസിന്റെ ഫോളറിന്‍ ബലോഗന്‍ ആണ്. ഈ ലോകകപ്പില്‍ ബോസ്‌നിയ ഹെര്‍സെഗോവിനയ്‌ക്കെതിരായ മത്സരത്തിലായിരുന്നു കാര്‍ഡ്. ഏറ്റവും ഒടുവില്‍ ചുവപ്പുകാര്‍ഡ് ലഭിച്ചത് അര്‍ജന്റീനയ്ക്കെതിരായ മത്സരത്തിനിടെ ഈജിപ്ത് ഗോള്‍ കീപ്പിങ് കോച്ചിനാണ്. അര്‍ജന്റീന താരത്തിന്റെ ഫൗള്‍ ചോദ്യം ചെയ്ത് റഫറിയോട് തട്ടിക്കയറിയതിനാണ് സഫാന്‍ എല്‍ സഗീറിന് ചുവപ്പുകാര്‍ഡ് കിട്ടിയത്. ഇക്കാലത്തിനിടെ രണ്ടേ രണ്ടു തവണയാണ് ചുവപ്പുകാര്‍ഡിനു പിന്നാലെയുള്ള മത്സര വിലക്ക് പിന്‍വലിച്ചിട്ടുള്ളത്. ആദ്യത്തേത് ബ്രസീല്‍ ഇതിഹാസതാരം ഗരിഞ്ചയുടേതായിരുന്നു. രണ്ടാമത്തേത്, ബലോഗന്റെയും. രണ്ടും വിവാദ വിഷയമാണ്, ഒന്നിന് അല്പം ദുരൂഹതയുമുണ്ട്.

ഫിഫയെ വെട്ടിയ ട്രംപ് കാര്‍ഡ്

ബോസ്‍നിയ ഹെര്‍സെഗോവിനയ്‌ക്കെതിരായ മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ബോസ്നിയ താരം താരിക് മുഹറെമോവിച്ചിനെ ഫൗള്‍ ചെയ്തതിനു പിന്നാലെ, വാര്‍ പരിശോധനയിലാണ് താരത്തിനെതിരെ റഫറി ചുവപ്പു കാര്‍ഡ് കാണിച്ചത്. തൊട്ടടുത്ത മത്സരത്തിന് വിലക്ക് എന്നതാണ് സ്വഭാവിക ശിക്ഷാ രീതി. അതോടെ, ബെല്‍ജിയത്തിനെതിരായ മത്സരം ബലോഗന് നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. എന്നാല്‍, ചുവപ്പു കാര്‍ഡ് ശിക്ഷ താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ ഫിഫ തീരുമാനിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ചുവപ്പു കാര്‍ഡിനുള്ള വിലക്ക് പിന്‍വലിച്ചതെന്ന ചോദ്യത്തിനു അപ്പോള്‍ ഉത്തരം ഇല്ലായിരുന്നു. പക്ഷേ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ദുരൂഹതയുടെ കെട്ടഴിച്ചുവിട്ടു. "ശരിയായ കാര്യം ചെയ്തതിനും, വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി" -എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ബാക്കിപത്രമാണ് ഫിഫയുടെ നടപടിയെന്ന പ്രതികരണങ്ങള്‍ പിന്നാലെ വന്നുതുടങ്ങി.

ഇത്തരം രാഷ്ട്രീയ ഇടപെടല്‍ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന്റെ ഇന്റഗ്രിറ്റിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്ന് വിമര്‍ശനങ്ങള്‍ കടുത്തു. ക്രൂരമായ ഫൗളുകള്‍ ലോക ഫുട്ബോളില്‍ എല്ലാക്കാലത്തും സംഭവിച്ചിട്ടുണ്ട്. അതില്‍ ചുവപ്പു കാര്‍ഡ് കിട്ടിയവരും, യാതൊരു ശിക്ഷാ നടപടികളും നേരിടാത്തവരുമൊക്കെയുണ്ട്. എന്നാല്‍, വാര്‍ പോലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുള്ള കാലത്ത് നല്‍കിയ ചുവപ്പു കാര്‍ഡ് പിന്‍വലിച്ചത് എന്തിനായിരുന്നെന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റ് സ്വന്തം രാജ്യത്തിനുവേണ്ടി തന്നെ ഇടപെട്ടുവെന്നതും ഗൗരവം വര്‍ധിപ്പിച്ചു. ഏതെങ്കിലും രാജ്യത്തിനുവേണ്ടിയല്ല, കാല്‍പ്പന്തിന്റെ ഇന്റഗ്രിറ്റിയെയും എത്തിക്സിനെയുമാണ് ഫിഫ പ്രതിരോധിക്കേണ്ടതെന്ന് ബെല്‍ജിയം ഫുട്ബോള്‍ ഫെഡറേഷന്‍ നടപടിയെ വിമര്‍ശിച്ചു. ഫിഫ ഓഫീസിൽ ജൂലൈ അഞ്ചാണ് ഏപ്രിൽ ഫൂളെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ബെൽജിയം പരിശീലകൻ റൂഡി ഗാർഷ്യ പരിഹസിച്ചു. ഫിഫ നടപടിയെ ചോദ്യം ചെയ്ത് യുവേഫയും രംഗത്തെത്തി. പക്ഷേ കാര്യമുണ്ടായില്ല. വിലക്ക് മാറിയ ബലോഗന്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിച്ചു. പക്ഷേ, മത്സരം യുഎസ് 1-4ന് തോറ്റു.

ഇതുവരെയുണ്ടായ മറ്റേതൊരു ഫൗളിലും എന്ന പോലെ, ബലോഗന്റെ കാര്യത്തിലും രണ്ടു പക്ഷമുണ്ട്. ബലോഗന്‍ മനപൂര്‍വം ചെയ്തത് ആണെന്നും അല്ലെന്നുമുള്ള അഭിപ്രായമുണ്ട്. ചുവപ്പു കാര്‍ഡ് കൊടുത്തത് ശരിയായെന്നും, അല്ല യെല്ലോ കാര്‍ഡ് മതിയായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. അതൊക്കെ എക്കാലത്തും അങ്ങനെ തന്നൊണ്. ഫൗളിനും, പെനാല്‍റ്റിയിലുമൊക്കെ രണ്ടു പക്ഷം ഉണ്ടാവാറുണ്ട്. എന്നാല്‍, ആ തീരുമാനം പിന്‍വലിക്കപ്പെടുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്. മത്സരത്തിനിടെ പെട്ടെന്നല്ല റഫറി ബലോഗന് ചുവപ്പുകാര്‍ഡ് നല്‍കിയത്. വാര്‍ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ നടപടി. ചുവപ്പുകാര്‍ഡ് നല്‍കേണ്ട തരത്തിലുള്ള ഫൗളായിരുന്നില്ലെന്ന് യുഎസ് പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, തീരുമാനം പിന്‍വലിക്കാന്‍ കഴിയുമോയെന്ന് ട്രംപ് ഇന്‍ഫാന്റിനോയെ നേരിട്ടു വിളിച്ച് തിരക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബലോഗന്റെ ഭാഗത്തു നീതി ഉണ്ടായിരുന്നതു കൊണ്ടല്ല ഫിഫ വിലക്ക് നീക്കിയതെന്ന സംശയം ജനിപ്പിക്കുന്നതാണ് ട്രംപിന്റെ വാക്കുകള്‍.

ഇന്‍ഫാന്റിനോയുടെ ട്രംപ് പ്രേമം പണ്ടേ പ്രസിദ്ധമാണ്. ട്രംപ് രണ്ടാം തവണ അധികാരമേറിയപ്പോള്‍, ഒരുമിച്ച് നാം അമേരിക്കയെ മാത്രമല്ല, ലോകത്തെയാകെ വീണ്ടും മഹത്തരമാക്കും എന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈജിപ്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഗാസ സമാധാന ഉച്ചകോടിയിലും ഇന്‍ഫാന്റിനോയുടെ സാന്നിധ്യമുണ്ടായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആഗ്രഹിച്ച് കിട്ടാതിരുന്ന ട്രംപിന്, ഫിഫയുടെ ആദ്യ സമാധാന പുരസ്കാരം നല്‍കി ആദരിച്ചയാള്‍ കൂടിയാണ് ഇന്‍ഫാന്റിനോ. മാത്രമല്ല, 2022ലെ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമായി ഉയര്‍ന്നുകേട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങി 2034 ലോകകപ്പ് ആതിഥ്യം സൗദി അറേബ്യക്ക് നല്‍കിയതിന് ഉള്‍പ്പെടെ വിമര്‍ശനങ്ങളും കേള്‍ക്കുന്നുണ്ട്. അതിനിടെയാണ് ബലോഗന്റെ ചുവപ്പു കാര്‍ഡ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദം. ഈ ലോകകപ്പിൽ ചുവപ്പു കാര്‍ഡ് കിട്ടിയ കളിക്കാര്‍ക്കെല്ലാം ഫിഫ കൃത്യമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് യുഎസ് താരത്തിനു മാത്രം ഇളവ് നല്‍കിയതെന്ന ചോദ്യം അതുകൊണ്ടു തന്നെ യുക്തിസഹമാണ്. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണോ ഫിഫ കളിനിയമങ്ങള്‍ നടപ്പാക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

ഗരിഞ്ചയ്ക്ക് വേണ്ടി രണ്ടു പ്രസിഡന്റുമാര്‍

1962ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു ഗരിഞ്ചയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത്. സെമി ഫൈനല്‍ മത്സരത്തിനിടെ ചിലി താരത്തെ ചവിട്ടിയതിനായിരുന്നു ഗരിഞ്ചയ്ക്ക് കാര്‍ഡ് കിട്ടിയത്. സെമി പോരാട്ടം ജയിച്ച ബ്രസീലിന് ഫൈനലില്‍ ഗരിഞ്ചയെ നഷ്ടമാകുന്ന സ്ഥിതിയായി. ഫൗള്‍ മനപ്പൂര്‍വം അല്ലായിരുന്നുവെന്ന് ഗരിഞ്ച പറഞ്ഞിരുന്നു. മത്സരത്തിലുടനീളം തന്നെ നിരന്തരം ഫൗൾ ചെയ്തതിന്റെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്നും പറഞ്ഞ താരം ചിലി ജനതയോടു പരസ്യമായി ക്ഷമയും ചോദിച്ചിരുന്നു. ആ ചവിട്ട് അത്രത്തോളം ഗുരുതരമായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇന്നത്തെ പോലെ ചുവപ്പു കാർഡ് കിട്ടിയാൽ അടുത്ത മത്സരം സ്വമേധയാ നഷ്ടമാകുന്ന നിയമം അന്നുണ്ടായിരുന്നില്ല. ഓരോ സംഭവവും ഫിഫയുടെ ശാസനാ സമിതി (disciplinary committee) പ്രത്യേകം പരിശോധിക്കുകയായിരുന്നു പതിവ്. അതിനുശേഷമായിരുന്നു കളിവിലക്ക് ഉള്‍പ്പെടെ തീരുമാനിച്ചിരുന്നത്. ഗരിഞ്ചയ്ക്ക് സസ്പെന്‍ഷന്‍ ലഭിക്കുമെന്നും, ഫൈനല്‍ നഷ്ടമാകുമെന്നും തന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഗരിഞ്ചയ്ക്ക് താക്കീത് മാത്രം, സസ്പെന്‍ഷന്‍ ഇല്ല! ഫൈനലില്‍ കളിച്ച ഗരിഞ്ച ചെക്കോസ്ലാവാക്യയെ 3-1ന് പരാജയപ്പെടുത്തി ബ്രസീലിന് കിരീടവും നേടിക്കൊടുത്തു.

ഗരിഞ്ചയുടെ വിലക്ക് എങ്ങനെ ഒഴിവായി എന്ന ചോദ്യം ഉത്തരം തേടിക്കൊണ്ടിരുന്നു. അതിന് പല വിശദീകരണങ്ങളും പിന്നീടുണ്ടായി. രണ്ട് രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഗരിഞ്ചയ്ക്കു വേണ്ടി ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അതുപക്ഷേ, ബ്രസീലില്‍ നിന്നായിരുന്നില്ല. സെമി ഫൈനലില്‍ ബ്രസീലിനോടു തോറ്റ, ചിലിയുടെ പ്രസിഡന്റ് ആയിരുന്ന ജോർജ് അലസാന്ദ്രി തന്നെ ഗരിഞ്ചയെ ഫൈനലിൽ കളിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ചിലിയിലെ ജനങ്ങള്‍ ഗരിഞ്ചയുടെ കാല്‍പ്പന്തിനെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു എന്നതായിരുന്നു കാരണം. പെറു പ്രസിഡന്റ് ആയിരുന്ന മാനുവൽ പ്രാഡോ ഉഗാർടെച്ചെ ആയിരുന്നു ഗരിഞ്ചയ്ക്കുവേണ്ടി ഇടപെട്ട മറ്റൊരു നേതാവ്. മത്സരം നിയന്ത്രിച്ച പെറുവിയൻ റഫറി അര്‍തുറോ യമാസാകിയെ വിളിച്ച്, ഫൗള്‍ അത്ര ഗുരുതരമല്ലായിരുന്നെന്ന രീതിയിൽ ഗരിഞ്ചയ്ക്ക് അനുകൂലമായി മൊഴി നൽകാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കഥകള്‍ അവിടെയും തീര്‍ന്നില്ല. ഗരിഞ്ചയ്ക്ക് ചുവപ്പു കാർഡ് നൽകാൻ കാരണമായത് ലൈന്‍സ്‍മാന്‍ ഉറുഗ്വേക്കാരന്‍ എസ്റ്റബാന്‍ മരീനോ ആയിരുന്നു. മത്സരം നിയന്ത്രിച്ചിരുന്ന യമാസാകി ഫൗള്‍ നേരിട്ടു കണ്ടിരുന്നില്ല. മരീനോ നല്‍കിയ വിവരം അനുസരിച്ചാണ് യമാസാകി ചുവപ്പു കാര്‍ഡ് നല്‍കിയത്. അതിനാല്‍, ശാസനാ സമിതിയില്‍ പ്രധാന സാക്ഷി മരീനോ ആയിരുന്നു. പക്ഷേ, വിഷയം പരിശോധയ്ക്കെടുത്തപ്പോള്‍ മരീനോ അപ്രത്യക്ഷനായി. എവിടെയാണെന്ന് ആര്‍ക്കും കണ്ടെത്താനായില്ല. ഇതോടെ, ഗരിഞ്ചയ്ക്ക് മത്സരവിലക്ക് ഏര്‍പ്പെടുത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതെ വന്നു. ഫൈനലില്‍ ഗരിഞ്ച കളിച്ചു, ബ്രസീല്‍ ജേതാക്കളുമായി. മരീനോ രാജ്യം വിട്ടുപോയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.

വർഷങ്ങൾക്കുശേഷം, 2011ലാണ് ഇതുസംബന്ധിച്ച മറ്റൊരു വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. മരീനോയ്ക്ക് 10,000 ഡോളര്‍ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നെന്ന ഗുരുതര ആരോപണമായിരുന്നു അതിന്റെ കാതല്‍. അന്ന് ലോകകപ്പ് റഫറി പാനലിലുണ്ടായിരുന്ന ഓള്‍ട്ടന്‍ അയേഴ്‌സിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ബ്രസീല്‍-ചിലി മത്സരം റിപ്പോര്‍ട്ട് ചെയ്തിരുന്ന അര്‍ഗ്യൂ അഫോണ്‍സോ ആയിരുന്നു ഓള്‍ട്ടന്‍ അയേഴ്‌സിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയത്. ബ്രസീല്‍ ഫുട്ബോൾ അധികൃതരുടെ നിർദേശപ്രകാരം മുഖ്യ കോച്ചായിരുന്ന ജോണ്‍ എറ്റ്സൽ മരീനോയ്ക്ക് 10,000 ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ശാസനാ സമിതിയുടെ വിചാരണയില്‍ പങ്കെടുക്കാതിരിക്കാനായിരുന്നു തുക. അതനുസരിച്ചായിരുന്നു മരീനോ സ്ഥലം വിട്ടത്. എന്നാല്‍, 10000 ഡോളര്‍ പറഞ്ഞിട്ട്, 5000 ഡോളര്‍ മാത്രമാണ് കിട്ടിയതെന്ന് മരീനോ പിന്നീട് കണ്ടപ്പോള്‍ പറഞ്ഞിരുന്നതായും ഓള്‍ട്ടന്‍ അയേഴ്സ് വെളിപ്പെടുത്തിയിരുന്നു.

ഗരിഞ്ചയുമായി ബന്ധപ്പെട്ട കഥകളില്‍ എത്രത്തോളം പതിരും കതിരുമുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലിയുടെ പ്രസിഡന്റ് ആയിരുന്ന ജോർജ് അലസാന്ദ്രിയുടെ ഇടപെടലിനെക്കുറിച്ച് ഫിഫ വെബ്സൈറ്റില്‍ പറയുന്നുണ്ട്. ദി ഗാര്‍ഡിയന്‍ 2018ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മറ്റു രണ്ട് കഥകളെക്കുറിച്ചും പരാമര്‍ശമുണ്ട്.

റഫറന്‍സ്

https://www.fifa.com/en/tournaments/mens/worldcup/articles/brazil-chile-1962-garrincha

https://www.theguardian.com/football/blog/2014/mar/04/stunning-moments-no4-battle-of-santiago

https://sportv.globo.com/site/programas/troca-de-passes/noticia/2012/06/ex-arbitro-confirma-manobra-para-garrincha-jogar-final-de-1962.html

https://sports.yahoo.com/articles/bribery-secret-calls-vanishing-witness-185606092.html

SCROLL FOR NEXT