World Cup 2026

ഇഞ്ച്വറി ടൈം ത്രില്ലറുകളും ഷൂട്ടൗട്ട് ആവേശവും; മുറുകുന്ന ലോകകപ്പ് മത്സരങ്ങൾ

കേവലം 90 മിനിറ്റുകൾ കൊണ്ട് മത്സരഫലം നിർണയിക്കപ്പെടുന്ന മത്സരങ്ങൾക്ക് അപ്പുറത്തേക്ക് ശാരീരികക്ഷമതയുടെയും മാനസിക കരുത്തിൻ്റേയും അങ്ങേയറ്റമാണ് ഇപ്പോഴത്തെ മത്സരങ്ങളിൽ ഓരോ കളിക്കാരനും നേരിടുന്നത്.

Author : Jishnu Anil

2026 ഫിഫ ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കേവലം 90 മിനിറ്റുകൾ കൊണ്ട് മത്സരഫലം നിർണയിക്കപ്പെടുന്ന മത്സരങ്ങൾക്ക് അപ്പുറത്തേക്ക് ശാരീരികക്ഷമതയുടെയും മാനസിക കരുത്തിൻ്റേയും അങ്ങേയറ്റമാണ് ഇപ്പോഴത്തെ മത്സരങ്ങളിൽ ഓരോ കളിക്കാരനും നേരിടുന്നത്.

ബെൽജിയവും സെനഗലും തമ്മിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടം ഈ പ്രതിസന്ധിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് ബെൽജിയം നടത്തിയത്. 86-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെയും 89-ാം മിനിറ്റിൽ യൂറി ടിലെമാൻസിലൂടെയും സമനില പിടിച്ച അവർ 120 മിനിറ്റ് നീണ്ട ത്രില്ലിംഗ് പോരാട്ടത്തിനൊടുവിൽ ടിലെമാൻസിന്റെ പെനാൽറ്റിയിലൂടെ വിജയം സ്വന്തമാക്കി (3-2). കരിയറിൽ ഇതുവരെ ഒരു പ്രധാന അന്താരാഷ്ട്ര കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ബെൽജിയത്തിൻ്റെ ഈ സുവർണ്ണ തലമുറയ്ക്ക് വലിയ ആശ്വാസമാണ് ഈ മത്സരം നൽകിയത്. വെല്ലുവിളികളെ അതിജീവിച്ച് സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ പിടിച്ചുനിൽക്കാനുള്ള അവരുടെ കഴിവാണിവിടെ വിജയമായി മാറിയത്.

മറുവശത്ത് യൂറോപ്യൻ വമ്പന്മാരായ ജർമ്മനിക്കും നെതർലാൻഡ്സിനും ഈ നോക്കൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല. നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനി, പരാഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് പുറത്തായി. കായ് ഹാവേർട്സിലൂടെ ഗോളടിച്ചെങ്കിലും അധികസമയത്തും 1-1 എന്ന സ്കോറിൽ തുടർന്ന മത്സരത്തിനൊടുവിലാണ് ജർമനിക്ക് അടിതെറ്റിയത്. സമാനമായി, നെതർലാൻഡ്സിനെ മൊറോക്കോയും ഷൂട്ടൗട്ടിൽ അട്ടിമറിച്ചു. 120 മിനിറ്റോളം നീണ്ടുനിൽക്കുന്ന കടുത്ത ശാരീരിക അധ്വാനവും തളർച്ചയും പെനാൽറ്റി കിക്കുകളെടുക്കുമ്പോൾ കളിക്കാരുടെ ഏകാഗ്രതയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ അപ്രതീക്ഷിത ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇഞ്ച്വറി ടൈം ഗോളുകളും ഈ നോക്കൗട്ട് റൗണ്ടിന്റെ പ്രധാന സവിശേഷതയായി മാറിയിരിക്കുകയാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 68-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിന് പിന്നാലെ, ഇഞ്ച്വറി ടൈമിൻ്റെ അവസാന നിമിഷങ്ങളിൽ (90+4') ഗോൺസാലോ റാമോസ് നേടിയ വിജയഗോളാണ് പോർച്ചുഗലിനെ (2-1) അടുത്ത റൗണ്ടിലെത്തിച്ചത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ടീമുകളുടെ ബെഞ്ച് കരുത്താണ് യഥാർത്ഥത്തിൽ വിധി നിർണയിക്കുന്നത്. പ്രധാന താരങ്ങൾ തളരുമ്പോൾ പകരക്കാരായി ഇറങ്ങി കളി ഗതി മാറ്റാൻ കഴിയുന്ന സ്ക്വാഡുകളുള്ളവരാണ് ആധുനിക ടൂർണമെന്റുകളിൽ വിജയക്കൊടി പാറിക്കുന്നത്.

വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ ഉൾപ്പടെയുള്ള നോക്ക്ഔട്ട്‌ മത്സരങ്ങളിലും ഇഞ്ചുറി ടൈം ആക്രമണങ്ങളും അധികസമയ പോരാട്ടങ്ങളും വർധിക്കാൻ തന്നെയാണ് സാധ്യത. ഗ്രൂപ്പ് ഘട്ടങ്ങളിലെ തന്ത്രങ്ങൾക്ക് അപ്പുറത്തേക്ക് ടീമുകൾക്ക് മാത്രമേ ഈ മാരത്തൺ ലോകകപ്പിൽ ഇനി മുമ്പോട്ട് പോകാനാകൂ. ഫുട്ബോൾ വെറുമൊരു കളി എന്നതിനപ്പുറത്തേക്ക്, ശാരീരികവും മാനസികവുമായ അതിജീവനത്തിന്റെ കൂടിയാണെന്ന് 2026 ലോകകപ്പ് ലോകത്തെ ഓർമിപ്പിക്കുന്നു.

SCROLL FOR NEXT