World Cup 2026

Ivory Coast vs Ecuador Highlights | ലാസ്റ്റ് മിനിറ്റ് ത്രില്ലറിൽ ഇക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

നിശ്ചിത സമയത്തിൻ്റെ അവസാന മിനിറ്റിൽ അമദ് ഡിയല്ലോ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഫിലാഡെൽഫിയ: ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ഐവറി കോസ്റ്റ്. നിശ്ചിത സമയത്തിൻ്റെ അവസാന മിനിറ്റിൽ വെടിച്ചില്ല് പോലൊരു ഷോട്ടിലൂടെ അമദ് ഡിയല്ലോ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്. 90ാം മിനിറ്റിലാണ് ഈ ഗോൾ പിറന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിംഗറായ അമദ് ഡിയല്ലോ പകരക്കാരനായാണ് കളത്തിലെത്തിയത്.

തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മാച്ചിൽ നേരിയ മുൻതൂക്കം ഐവറി കോസ്റ്റിനായിരുന്നു. 16 ഷോട്ടുകൾ ഐവറി കോസ്റ്റ് എതിർ ടീം പോസ്റ്റിന് നേരെ പായിച്ചപ്പോൾ അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റായിരുന്നു.

നേരത്തെ ലോകകപ്പിന് മുന്നോടിയായി നടന്ന സൌഹൃദ മത്സരത്തിൽ കരുത്തരായ ഫ്രാൻസിന് എതിരെയും പകരക്കാരനായെത്തി അവസാന മിനിറ്റുകളിൽ നേടിയ ഗോളിന് ടീമിനെ ജയത്തിലേക്ക് നയിക്കാൻ അമദ് ഡിയല്ലോക്ക് സാധിച്ചിരുന്നു. ഈ അട്ടിമറിയുടെ തുടർച്ചയാണ് ആദ്യ ലോകകപ്പ് മത്സരത്തിലും കാണാനായത്.

ഫിഫ റാങ്കിങ്ങിൽ 22ാം സ്ഥാനക്കാരായ ഐവറി കോസ്റ്റാണ് 33ാം സ്ഥാനക്കാരായ ഇക്വഡോറിനെ തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ഇയിൽ ജർമനിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരാകാനും ഐവറി കോസ്റ്റിനായി. തോൽവി വഴങ്ങിയ ഇക്വഡോർ മൂന്നാം സ്ഥാനത്താണ്. നേരത്തെ ഗ്രൂപ്പിലെ ആദ്യ മാച്ചിൽ ക്യുറാസാവോയെ 7-1ന് തരിപ്പണമാക്കിയ ജർമനി ടേബിളിൽ ഒന്നാമതാണ്. ഉയർന്ന ഗോൾ ശരാശരിയാണ് അവർക്ക് തുണയായത്.

SCROLL FOR NEXT