World Cup 2026

ലോകകിരീടം നെഞ്ചോട് ചേർത്ത ഓർമയിൽ മലയാളി; 81ാം വയസിലും ഏത് രാത്രിയിലും ഫുട്ബോൾ കാണാൻ ഉസ്മാൻ റെഡി!

കളി കാരണം ജോലി നഷ്ടപ്പെട്ടതിൻ്റെ വിഷമം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് ഉസ്‌മാൻ എപ്പോഴും പറയും

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ലോകകിരീടം നെഞ്ചോട് ചേർത്തുപിടിക്കാൻ അവസരം കിട്ടിയ ഒരു പഴയ ഫുട്ബോൾ താരമുണ്ട് മലപ്പുറത്ത്. 70കളിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായിരുന്ന അരീക്കോട്ടെ ഉസ്മാന് ഭാഗ്യം ലഭിച്ചത് മുപ്പത് വർഷം മുമ്പ് സൗദി അറേബ്യയിൽ വച്ചാണ്. ലോകകപ്പ് കൈയിൽ എടുക്കാൻ പറ്റിയെങ്കിലും, ഫുട്ബോൾ ഭ്രാന്ത് കാരണം, ജോലി നഷ്ടമായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നയാളാണ് ഉസ്മാൻ. രാത്രി ഏത് സമയമായാലും ലോകകപ്പ് മത്സരം കാണാൻ 81ാം വയസിലും ഉസ്മാൻ അരീക്കോട്ടെ വീട്ടിൽ ടിവിക്കു മുന്നിലുണ്ടാകും. ലോകകപ്പ് വിജയികൾക്കുള്ള സുവർണ കപ്പ് തൻ്റെ നെഞ്ചിൽ ചേർത്തുപിടിച്ചതിൻ്റെ അഭിമാനവും സന്തോഷവും ഇന്നും ഉസ്മാന് മറക്കാനാകില്ല.

മലപ്പുറത്തിൻ്റെ ഫുട്ബോൾ ലഹരിക്കൊപ്പം 1970 മുതൽ ഉസ്‌മാൻ കളം നിറഞ്ഞ് കളിക്കുന്നതിനിടെ 1997ലാണ് ജോലിക്കായി റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിലെത്തിയത്. അപ്പോഴാണ് 1998ലെ ലോകകപ്പ് പ്രചാരണത്തിൻ്റെ മുന്നോടിയായി അന്നത്തെ ചാമ്പ്യൻമാരായ ബ്രസീൽ ടീം കപ്പുമായി റിയാദിൽ എത്തുന്നത്, ഒപ്പം പ്രദർശന മത്സരവും! തൻ്റെ ഇഷ്ട താരങ്ങളായ റൊണാൾഡോ, റൊമാരിയോ, റോബർട്ടോ കാർലോസ്, തുടങ്ങിയവരെല്ലാം പ്രദർശന മത്സരത്തിനുണ്ട്. മറ്റൊന്നും ഓർത്തില്ല കളി കാണണം, കപ്പ് കാണണം. ഒരു ദിവസത്തെ ലീവ് ചോദിച്ചു, അറബി അനുവദിച്ചില്ല. ജോലിയും കാശും പിന്നെയും കിട്ടും ഈ അപൂർവ ദിനം പിന്നെ ഇല്ല! നേരെ പോയി ഉസ്മാൻ, കളി കാണാൻ കിംഗ് ഫഹദ് സ്റ്റേഡിയത്തിലേക്ക്. നേരിൽ കാണുമെന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത സുവർണ കപ്പ്.

കൺമുന്നിലെത്തിയതിൻ്റെ അത്ഭുതം ഇപ്പോഴുമുണ്ട് ഉസ്മാൻ്റെ വാക്കുകൾക്ക്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം ആരും വിശ്വസിച്ചില്ല. ലോകകപ്പ് കിരീടം നെഞ്ചോട് ചേർത്ത് പിടിച്ചുള്ള ഫോട്ടോ കണ്ടപ്പോഴാണ് എല്ലാവർക്കും ബോധ്യമായത്. കളി കാരണം ജോലി നഷ്ടപ്പെട്ടതിൻ്റെ വിഷമം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് ഉസ്‌മാൻ എപ്പോഴും പറയും ഗോൾകീപ്പർ മാത്രം ആയിട്ടില്ല, സെവൻസിലെ മറ്റ് എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. നാട്ടിൽ ഉസ്‌മാൻ. കോഴിക്കോട് നടന്ന നാഗ് ജി ടൂർണമെൻ്റിൽ മദ്രാസിനെതിരെ മലപ്പുറത്തിന് വേണ്ടിയും മാവൂർ ഗ്വാളിയോർ റയോൺസ്, കേരള സോപ്സ്, മലപ്പുറം യൂത്ത്സ് തുടങ്ങിയ ക്ലമ്പുകൾക്കു വേണ്ടിയും ഉസ്മാൻ കളിച്ചിട്ടുണ്ട്. ഫുട്ബോൾ ഭ്രാന്തിന് ഒട്ടും കുറവില്ല 81ാം വയസിലും ഈ അരീക്കോടൻ താരത്തിന്.

SCROLL FOR NEXT