ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പ്രീ ക്വാർട്ടറിൽ കടന്ന് നോർവെ. 85ആം മിനിറ്റിൽ ഏർലിങ് ഹാലണ്ട് നേടിയ നിർണായക ഗോളാണ് നോർവെയ്ക്ക് പ്രീ ക്വാർട്ടറിലേക്ക് വഴി തെളിച്ചത്.
ഈ ഗോളോടെ ഏർലിങ് ഹാലണ്ടിന് ഈ ലോകകപ്പിലെ അഞ്ചാം ഗോളായി. ഐവറി കോസ്റ്റിൻ്റെ ശക്തമായ ആക്രമണം കടുത്ത ഡിഫെൻസിലൂടെ ചെറുത്ത നോർവെ അൻ്റോണിയോ നുസയിലൂടെ മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പിന്നീട് ഐവറി കോസ്റ്റിനായി 74ാം മിനിറ്റിൽ ഡിയാലോ നിക്കോളാസ് പന്ത് വലയിലെത്തിച്ചു. സമനില ഗോൾ ഐവറി കോസ്റ്റിന് ആത്മവിശ്വാസം നൽകിയെങ്കിലും 86ാം മിനിറ്റിൽ ഏർലിങ് ഹാലണ്ടിൻ്റെ ഗോൾ നോർവെയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു.
ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ഈ ഗോളോടെ മെസിക്ക് പിന്നിൽ അഞ്ച് ഗോളുമായി ഹാലണ്ട് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് നോർവെ നോക്കൗട്ട് മത്സരം വിജയിച്ച് പ്രീ ക്വാർട്ടറിലേക്കെത്തുന്നത്. 1938ലും 98ലും നോക്കൗട്ടിൽ ഇറ്റലിയോട് തോറ്റ് നോർവെ പുറത്തായിരുന്നു.