Source: Files
World Cup 2026

ജോട്ടയുടെ ഓർമയിൽ ഫുട്ബോൾ ലോകം; വാഹനാപകടത്തിൻ്റെ ഒന്നാം വാർഷികം

സ്പെയിനിൽ 2025 ജൂലൈ മൂന്നിനുണ്ടായ വാഹനാപകടത്തിലാണ് ജോട്ടയും സഹോദരനും ലോകത്തിനോട് വിട പറഞ്ഞത്...

Author : ന്യൂസ് ഡെസ്ക്

പോർച്ചുഗീസ് താരം ഡീയോഗോ ജോട്ട വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വയസ്. താരത്തിൻ്റെ നികത്താനാവത്ത ഓർമയിൽ ഫുട്ബോൾ ലോകം. സ്പെയിനിൽ 2025 ജൂലൈ മൂന്നിനുണ്ടായ വാഹനാപകടത്തിലാണ് ജോട്ടയും സഹോദരനും ലോകത്തിനോട് വിട പറഞ്ഞത്.

ഒരു വർഷം കഴിഞ്ഞെങ്കിലും ഫുട്ബോൾ ലോകത്തിന് ഇന്നും ആ വാർത്ത ഉൾക്കൊള്ളനായിട്ടില്ല. ലിവർപൂളിൻ്റെ നമ്പർ 20, പോർച്ചുഗലിൻ്റെ വിശ്വസ്ത പോരാളി, ആരാധകരുടെ പ്രിയതാരം വിടപറഞ്ഞത് 2025 ജൂലൈ 3നായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലെ സെർനദിയ്യ മേഖലക്ക് സമീപമുള്ള A-52 ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഡീയോഗോ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് കത്തിനശിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെറും 28-ാം വയസിൽ കരിയറിന്റെ ഏറ്റവും നല്ല കാലത്ത് നിൽക്കുമ്പോഴാണ് വിധി വില്ലനായെത്തിയത്. ഫുട്ബോൾ ലോകത്തിനു നഷ്ടപ്പെട്ടത് ഒരു മികവുറ്റ താരത്തെയും.

ഒരു രാജ്യത്തെയാകെ മാത്രമല്ല ലോക ഫുട്ബോളിനെ തന്നെ കണ്ണീരിലാഴ്ത്തിയ വിടവാങ്ങലായിരുന്നു ജോട്ടയുടേത്. ലോകമെമ്പാടുമുള്ള ക്ലബ്ബുകളും താരങ്ങളും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു. ആൻഫീൽഡിന് മുന്നിൽ പൂക്കളും ജേഴ്സികളും സ്കാർഫുകളും നിറഞ്ഞു. ലിവർപൂളിൻ്റെ You'll Never Walk Alone എന്ന ഗാനം അന്ന് കൂടുതൽ വികാരഭരിതമായി മുഴങ്ങി. ജോട്ട ലിവർപൂളിൽ ധരിച്ചിരുന്ന ഇരുപതാം നമ്പർ ജേഴ്‌സി എന്നന്നേക്കുമായി വിരമിച്ചു. കണ്ണീരോടെയായിരുന്നു ആരാധകർ പ്രിയതാരത്തിന് വിടനൽകിയത്.

പോർച്ചുഗലിലെ പോർട്ടോ നഗരത്തിൽ ജനിച്ച ഡീയോഗോ ജോട്ട ചെറുപ്പം മുതൽ തന്നെ തൻ്റെ പ്രതിഭ കൊണ്ട് ശ്രദ്ധ നേടിയ താരമാണ്. പാസോസ് ഡി ഫെറെയ്റയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജോട്ട പിന്നീട് യൂറോപ്യൻ ഫുട്ബോളിൻ്റെ വലിയ വേദികളിലേക്ക് ചുവടുമാറി. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൻ്റെ താരമായെങ്കിലും അവിടെ അധികം അവസരം ലഭിച്ചില്ല. എന്നാൽ പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയിലും പിന്നീട് ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലുമെത്തിയതോടെയാണ് ജോട്ടയുടെ കരിയർ പുതിയ ഉയരങ്ങളിലെത്തിയത്.

വോൾവ്സിനായി നടത്തിയ പ്രകടനങ്ങൾ ജോട്ടയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശ്രദ്ധേയ താരമാക്കി മാറ്റി. അതിൻ്റെ ഫലമായാണ് 2020ൽ താരം ലിവർപൂളിലേക്ക് എത്തുന്നത്. മുഹമ്മദ് സലായും സാദിയോ മാനെയും റോബർട്ടോ ഫിർമിനോയും അടങ്ങിയ മുന്നേറ്റനിരയിൽ ഇടം നേടുക എളുപ്പമായിരുന്നില്ല. പക്ഷേ അവസരം കിട്ടിയപ്പോഴെല്ലാം ഗോൾ നേടി ജോട്ട തൻ്റെ സാന്നിധ്യം അറിയിച്ചു. ലിവർപൂളിനായി 182 മത്സരങ്ങൾ കളിച്ച ജോട്ട നൂറിനടുത്ത് ഗോൾ സംഭാവനകൾ നൽകി. പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് തുടങ്ങിയ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. അവസാന നിമിഷങ്ങളിൽ ഗോൾ കണ്ടെത്താനുള്ള കഴിവും വലിയ മത്സരങ്ങളിൽ തിളങ്ങാനുള്ള മനോഭാവവുമാണ് ജോട്ടയെ ആരാധകരുടെ പ്രിയങ്കരനാക്കിയത്.

ദേശീയ ടീമിനൊപ്പവും ജോട്ട പോർച്ചുഗലിൻ്റെ വിശ്വസ്ത സൈനികനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മുന്നേറ്റനിരയിൽ കളിച്ച ജോട്ട നിരവധി നിർണായക മത്സരങ്ങളിൽ രാജ്യത്തിനായി ഗോൾ നേടി. യൂറോ കപ്പുകളിലും യുവേഫ നേഷൻസ് ലീഗിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലുമെല്ലാം പോർച്ചുഗലിൻ്റെ വിജയങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങൾ കളിച്ച ജോട്ട രാജ്യത്തിൻ്റെ ഭാവി നായകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന സമയത്താണ് ആ ദുരന്തം സംഭവിച്ചത്.

മരണത്തിന് ദിവസങ്ങൾ മുമ്പ് മാത്രമായിരുന്നു ജോട്ടയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്ന്. ദീർഘകാല പങ്കാളിയായ റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ആ സന്തോഷ നിമിഷങ്ങൾക്ക് അധികം ആയുസുണ്ടായില്ല.

ഒരു വർഷം കഴിയുമ്പോഴും ജോട്ടയുടെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. അവൻ നേടിയ ഗോളുകൾ ഇന്നും ആരാധകരുടെ മനസിലുണ്ട്. ടീമിനായി നടത്തിയ പോരാട്ടങ്ങൾ ഇന്നും ഓർമ്മകളിലുണ്ട്. സഹതാരങ്ങളുടെ മുഖത്തെ പുഞ്ചിരിയായി, ആരാധകരുടെ ഹൃദയത്തിലെ സ്നേഹമായി, ഫുട്ബോൾ ചരിത്രത്തിലെ മനോഹരമായ അധ്യായമായി ഡീയോഗോ ജോട്ട ഇന്നും ജീവിക്കുന്നു.

SCROLL FOR NEXT