ക്രിസ്റ്റ്യാനോ റൊണാള്‍ഡോ News Malayalam 24X7
World Cup 2026

മെസിയെയും മറികടന്ന് റോണോ; ഇരട്ടഗോളില്‍ തകര്‍ന്നത് ഒരുപിടി റെക്കോഡുകള്‍

ആധികാരിക ജയത്തിനൊപ്പം ഒരുപിടി റെക്കോഡുകളും റോണോ ഇന്നലെ സ്വന്തമാക്കി.

Author : എസ്. ഷാനവാസ്

ലോകകപ്പിന്റെ ആദ്യ മത്സരം മുതല്‍ താരങ്ങളെല്ലാം ഗോളടിച്ചു കൂട്ടാന്‍ തുടങ്ങിയിരുന്നു. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ഫ്രാന്‍സിനായി കിലിയന്‍ എംബപ്പെ, നോര്‍വേയ്ക്കായി ഏര്‍ലിങ് ഹാലണ്ട് തുടങ്ങി ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും, സ്പാനിഷ് താരങ്ങളായ മൈക്കൽ ഒയർസബാലും, ലാമിന്‍ യമാലും ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറുമൊക്കെ ലോകകപ്പില്‍ തങ്ങളുടെ വരവ് അറിയിച്ചു. അപ്പോഴും കാല്‍പ്പന്ത് മൈതാനത്തെ ആ ക്ലിനിക്കല്‍ ഫിനിഷിങ്ങും തുടര്‍ന്നുള്ള സ്റ്റൈലിഷ് ആക്ഷനും ലോകകപ്പില്‍ മിസിങ്ങ് ആയിരുന്നു. ഇന്നലെയായിരുന്നു അതിനൊരു തീര്‍പ്പുണ്ടായത്. അതും ഒരു ഒന്നൊന്നര തീര്‍പ്പ്.

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് എതിരാളി ഉസ്ബെക്കിസ്ഥാന്‍. എതിരാളികള്‍ അത്ര ശക്തരല്ലെങ്കിലും പോര്‍ച്ചുഗല്‍ ആരാധകരില്‍, പ്രത്യേകിച്ച് റോണോ ഫാന്‍സിന് ആശങ്ക ചെറുതായിരുന്നില്ല. ആദ്യ മത്സരത്തില്‍ കോംഗോയ്ക്കെതിരെ നേടിയ 1-1 സമനിലയില്‍ പലരും തൃപ്തരല്ലായിരുന്നു. ടീമിലെ വിഭാഗീയത കളത്തില്‍ നിഴലിട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒറ്റപ്പെട്ടു. മുന്നേറ്റത്തിലും, ഗോള്‍ അടിക്കുന്നതിലുമെല്ലാം അത് പ്രകടമായി. മിന്നും പ്രകടനംകൊണ്ട് കളം വാഴേണ്ടവര്‍ തമ്മിലിടഞ്ഞ് പുറത്തുപോകുമോയെന്ന ആശങ്കകള്‍ക്കിടെയാണ് പോര്‍ച്ചുഗല്‍ ഇന്നലെ കളത്തിലിറങ്ങിയത്. കളി നയിച്ചും, ഇരട്ട ഗോള്‍ നേടിയും റോണോ എല്ലാ ആശങ്കകള്‍ക്കും ഉത്തരം തന്നു, ഒപ്പം ഒരു പിടി റെക്കോഡുകളും.

മത്സരം തുടങ്ങി ആറാം മിനുറ്റില്‍ തന്നെ റോണോ പോര്‍ച്ചുഗലിനായി ഗോള്‍ നേടി. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള ആദ്യ മറുപടി. വലതു വിങ്ങില്‍നിന്ന് ജോ കാന്‍സലോ ബോക്സിലേക്ക് നീട്ടിനല്‍കിയ ക്രോസ് ആദ്യ ടച്ചില്‍ തന്നെ വലയിലാക്കിയ ക്ലിനിക്കല്‍ ഫിനിഷിങ്. ഈ ലോകകപ്പില്‍ റോണോയുടെ ആദ്യ ഗോള്‍. പിന്നാലെ സഹതാരങ്ങള്‍ക്കൊപ്പം സന്തോഷം. അതിനുശേഷമായിരുന്നു ആ ഐക്കണിക്ക് സെലിബ്രേഷന്‍. ഗാലറിക്കും, മീഡിയ ക്യാമറയ്ക്കും, വിമര്‍ശനക്കണ്ണുമായി ഉറ്റുനോക്കുന്നവര്‍ക്കും മുന്നില്‍ ഏഴാം നമ്പര്‍ കുപ്പായക്കാരന്‍ തലയുയര്‍ത്തി നിന്നു, എന്നിട്ട് ഉറക്കെപ്പറഞ്ഞു: "I'm back! I'm back!"

ഉസ്ബെക്കിസ്ഥാന്‍ ഗോള്‍മുഖത്തേക്ക് പിന്നെയും പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങളുണ്ടായി. രണ്ട് വിങ്ങുകളില്‍നിന്നും ഒത്തിണക്കത്തോടെ ടീം കളിച്ചുകയറുമ്പോള്‍, ഫൈനല്‍ തേഡിലേക്ക് ബ്രൂണോ ഫെര്‍ണാണ്ടസ് പന്തെത്തിക്കുമ്പോള്‍... എല്ലാത്തിനും നായകനായി റോണോ കളം വാണു. അതിനൊരു ഉദാഹരണമായിരുന്നു രണ്ടാം ഗോള്‍. 17-ാം മിനുറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായൊരു ഫ്രീ കിക്ക് കിട്ടി. കിക്കെടുക്കുന്നത് റോണോ ആയിരിക്കുമെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്ന തരം നീക്കങ്ങള്‍. പക്ഷേ, ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് ആ കിക്കെടുത്തത് നുനോ മെന്‍ഡസ് ആയിരുന്നു. മെന്‍ഡസിന്റെ ഇടങ്കാല്‍ കിക്ക് ഉസ്ബെക്കിസ്ഥാന്‍ പ്രതിരോധത്തെ മറികടന്ന് ബോട്ടം ലെഫ്റ്റ് കോര്‍ണറില്‍ പതിച്ചു. സ്കോര്‍ 2-0.

തിരിച്ചടിക്കാനുള്ള ഉസ്ബെക്കിസ്ഥാൻ ശ്രമങ്ങള്‍ ഫലം കണ്ടെന്നു തോന്നിയ നിമിഷം. 31-ാം മിനുറ്റില്‍ അസീസ് ഗാനീവിന്റെ കിടിലന്‍ ഗോള്‍. ബോക്സിന് വെളിയില്‍ നിന്നുള്ള ഷോട്ട് പോര്‍ച്ചുഗല്‍ വല കുലുക്കി. പക്ഷേ, വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടതോടെ ആ ഗോള്‍ നിഷേധിക്കപ്പെട്ടു. 39-ാം മിനുറ്റില്‍ റൊണാള്‍ഡോ വീണ്ടും കല കുലുക്കി. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസ് റോണോ അനായാസം വലയിലെത്തിച്ചു. മനോഹരമായ ഫിനിഷിങ്. ആദ്യ പകുതി പോര്‍ച്ചുഗല്‍ എടുത്തു. രണ്ടാം പകുതിയിലും ഉസ്ബെക്കിസ്ഥാന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല. 60-ാം മിനുറ്റില്‍ ഒരു സെല്‍ഫ് ഗോളും വഴങ്ങി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് ബോക്സിലെത്തിയപ്പോള്‍, ജോ ഫെലിക്സ് ഗോളിനായൊരു ശ്രമം നടത്തി. പക്ഷേ, പന്ത് ഉസ്ബെക്കിസ്ഥാൻ പ്രതിരോധക്കാരന്‍ അബ്ദുഖോദിര്‍ ഖുസനോവിന്റെ കാലില്‍തട്ടി സ്വന്തം ഗോള്‍വലയില്‍ എത്തുകയായിരുന്നു. 87-ാം മിനുറ്റില്‍ നെൽസൺ സെമെഡോയുടെ കുതിപ്പിനൊപ്പം ഓടിക്കയറിയ റാഫേല്‍ ലിയാവോയുടെ കിടിലന്‍ ഗോളിലൂടെ പോര്‍ച്ചുഗല്‍ 5-0ന് മത്സരം സ്വന്തമാക്കി.

ആധികാരിക ജയത്തിനൊപ്പം ഒരുപിടി റെക്കോഡുകളും റോണോ സ്വന്തമാക്കി. ആറു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റോണോ. പുരുഷ, വനിതാ ഫുട്ബോൾ ചരിത്രത്തിൽ തന്നെ അപൂര്‍വമായ നേട്ടം. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍നേട്ടമുള്ള മെസി, ബ്രസീല്‍ ഇതിഹാസതാരം മാർത്ത, കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലെയര്‍ എന്നിവരെയാണ് റോണോ പിന്നിലാക്കിയത്.

2006 മുതൽ 2026 വരെ എല്ലാ ലോകകപ്പുകളിലും റോണോ ഗോൾ നേടി. 2006, 2010, 2014 ലോകകപ്പുകളില്‍ ഓരോ ഗോള്‍ വീതം. 2018 ലോകകപ്പില്‍ നാല് ഗോള്‍. 2022ല്‍ ഒരു ഗോള്‍. ഇക്കുറി ഇതുവരെ രണ്ട് ഗോള്‍. ആകെ ലോകകപ്പ് ഗോള്‍ 10. അതേസമയം, 2006ല്‍ ആദ്യ ലോകകപ്പ് കളിച്ച മെസി ഒരു ഗോള്‍ നേടി. 2010ല്‍ മറഡോണയുടെ ശിക്ഷണത്തില്‍ എത്തിയ മെസിക്ക് ഗോളൊന്നും നേടാനായില്ല. 2014 - നാല് ഗോള്‍, 2018 - ഒരു ഗോള്‍, അര്‍ജന്റീന ചാമ്പ്യന്മാരായ 2022ല്‍ ഏഴ് ഗോളും, ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. ഇക്കുറി ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് ഗോളും മെസി സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ 18 ഗോളുകള്‍.

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോററാണ് റോണോ. 41 വയസും 138 ദിവസവുമാണ് താരത്തിന്റെ പ്രായം. കാമറൂണിന്റെ റോജർ മില്ലയാണ് ഇക്കാര്യത്തില്‍ റോണോയ്ക്ക് മുന്നിലുള്ളത്. 1994ൽ റഷ്യക്കെതിരെ റോജർ മില്ല ഗോൾ നേടുമ്പോള്‍ 42 വയസും 39 ദിവസവുമായിരുന്നു പ്രായം. ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് റോണോയ്ക്ക് മാത്രം സ്വന്തം.

ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും റോണോ സ്വന്തമാക്കി. ഇതിഹാസതാരം യുസേബിയോയുടെ 60 വർഷം പഴക്കമുള്ള ഒമ്പത് ഗോള്‍ റെക്കോഡാണ് റോണോ മറികടന്നത്. ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം ഗോളിലൂടെ റോണോ ലോകകപ്പില്‍ 10 ഗോളുകള്‍ തികച്ചു.

ലോകകപ്പിലെ 24-ാം മത്സരത്തിനാണ് റൊണാള്‍ഡോ ഇന്നലെ ബൂട്ട് കെട്ടിയത്. ഇതോടെ, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തി റൊണാള്‍ഡോ. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് റൊണാള്‍ഡോയ്ക്ക് ഒപ്പമുള്ളത്. മെസി (28), ലോതര്‍ മത്തേയൂസ് (25) എന്നിവരാണ് റോണോയ്ക്ക് മുന്നിലുള്ളത്. ഇറ്റാലിയന്‍ താരം പൗലോ മാള്‍ഡീനിയെയാണ് ഇന്നലെ റോണോ മറികടന്നത്.

SCROLL FOR NEXT