ലോകകപ്പില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായി. ആദ്യ പകുതിയില്‍ കളം നിറഞ്ഞ ഇംഗ്ലണ്ടും രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഫ്രാന്‍സും ചേര്‍ന്ന് പത്ത് ഗോളുകളാണ് അടിച്ചത്. ആവേശപ്പോര്‍ അവസാനിക്കുമ്പോള്‍, നാലിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ത്രീ കിങ്സിന്റെ മിന്നും ജയം. ഹാട്രിക്കുമായി കളം നിറഞ്ഞ ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ മാറി.
ഈ മത്സരത്തിന് താത്പര്യമില്ലെന്നു പറഞ്ഞ കോച്ച് ദെഷാംപ്‌സിന്റെ വാക്കുകൾ ഏറ്റെടുത്ത പോലെയായിരുന്നു ഫ്രാൻസ് ആദ്യ പകുതിയിൽ പന്ത് തട്ടിയത്. മറുവശത്ത് കെയ്നെയും ബെല്ലിങ്ഹാമിനെയും പുറത്തിരുത്തി മുന്നേറ്റ നിര പൊളിച്ചെഴുതിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യപകുതിയിൽ ഫ്രഞ്ച് പോസ്റ്റിലേക്ക് കയറിയത് നാല് ഗോളുകൾ. തുടക്കമിട്ടത് ഡെക്ലാൻ റൈസ്. ഈ ലോകകപ്പിൽ കാര്യമായ അവസരം ലഭിക്കാതെയിരുന്ന ബുക്കായോ സാക്ക ഹാട്രിക്കുമായി ലോകകപ്പിലെ അവസാന മത്സരം അവിസ്മരണീയവുമാക്കി.
മത്സരം ആരംഭിച്ച് മൂന്നാം മിനുറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. മധ്യനിരയിൽ നിന്ന് ഫ്രഞ്ച് താരത്തിന്റെ പാസ് പിടിച്ചെടുത്ത ഡെക്ലൻ റൈസ് ബോക്സിന് വെളിയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കി. 18-ാം എസ്രി കോൻസ തകർപ്പൻ ഹെഡറിലൂടെ ഇംഗ്ലണ്ട് ലീഡുയര്‍ത്തി. ഫ്രഞ്ച് പ്രതിരോധം പാളിയപ്പോള്‍, ബുക്കായോ സാക്ക 37-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും സ്കോര്‍ ചെയ്തു.
രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചെത്തിയത്. ബാർക്കോളയും ഡെംബലെയും മൈതാനത്തിറങ്ങിയതോടെ ആക്രമണങ്ങള്‍ക്ക് പുതുവേഗം വന്നു. 48-ാം മിനിറ്റിൽ എംംബപ്പെ വല കുലുക്കി. മിനിറ്റുകൾക്കിപ്പുറം ഫ്രാൻസ് വീണ്ടും സ്കോര്‍ ചെയ്തു. ബാർക്കോളയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ഇംഗ്ലണ്ട് പ്രതിരോധം കടുപ്പിച്ചതോടെ മത്സരം മുറുകി. 66-ാം മിനുറ്റിൽ എംബപ്പെ വീണ്ടും ഇംഗ്ലീഷ് വലകുലുക്കി. എന്നാൽ 87-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്ക ടീമിന് ജയം സമ്മാനിച്ചു. അവസാനനിമിഷം ബെല്ലിങ്ങാമും ഗോള്‍ നേടിയതോടെ, ഫ്രാന്‍സിന്റെ പതനം പൂര്‍ണമായി.
22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഫ്രാന്‍സിന്റെ എംബപ്പെ മാറിയത് മാത്രമാണ് ഫ്രഞ്ച് നിരയുടെ ആശ്വാസം. 21 ഗോളുകളുള്ള മെസിയാണ് തൊട്ടുപിന്നില്‍. ഈ ലോകകപ്പില്‍ 10 ഗോളുകളാണ് എംബപ്പെ നേടിയത്. എട്ട് ഗോളുള്ള മെസിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിലും താരം മുന്നിലെത്തി.