ബോസ്റ്റൺ: ഫിഫ ലോകകപ്പിൻ്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മൊറോക്കോ. ജയത്തോടെ നാല് പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അവർ. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് ഗോൾവല കുലുക്കി ഇസ്മായിൽ സായ്ബരിയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. ബ്രസീലിനെതിരായ മത്സരത്തിലും ആദ്യം ഗോൾവല കുലുക്കിയത് അദ്ദേഹമായിരുന്നു.
ആധികാരികമായ പ്രകടനവുമായാണ് മെക്സിക്കോയുടെ വിജയം. മൊറോക്കോയുടെ ഭാഗത്ത് നിന്ന് 9 ഗോൾശ്രമങ്ങൾ ഉണ്ടായപ്പോൾ അതിൽ മൂന്നെണ്ണവും ഷോട്ട് ഓൺ ടാർഗറ്റിലായിരുന്നു. എന്നാൽ സ്കോട്ടിഷ് ടീം നടത്തിയ അഞ്ച് ആക്രമണങ്ങളിൽ ഒന്നു പോലും ഓൺ ടാർഗറ്റിലായിരുന്നില്ല.
അഷ്റഫ് ഹക്കീമി, ഇസ്സ ദിയോപ്, ചാഡി റിയാദ്, നൗസൈർ മസ്രൗയി എന്നിവരടങ്ങിയ പ്രതിരോധ നിര കരുത്തുറ്റതായിരുന്നു. മധ്യനിരയിൽ നീൽ എൽ അയ്‌നൗയി, അയ്യൂബ് ബൗദി എന്നിവരും നിരന്തരം ആക്രമണങ്ങൾ മെനഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഗോളൊന്നും നേടാനായില്ല.
സ്കോട്ടിഷ് നിരയിൽ മുന്നേറ്റനിര താരങ്ങളായ സ്കോട്ട് മക്ടോമിനേയും ചെ ആഡംസും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്.