World Cup 2026

ഇതാണ് തീക്കളി... !! സ്പെയിനിന് പിന്നാലെ യുറുഗ്വെയേയും വിറപ്പിച്ച് കാബോ വെർഡെയുടെ ചുണക്കുട്ടികൾ!

കിക്കെടുത്ത കെവിൻ പിന യുറുഗ്വായ് പ്രതിരോധ മതിലിനേയും ഗോളിയേയും കാഴ്ചക്കാരാക്കി പോസ്റ്റിൻ്റെ വലത്തേമൂലയിൽ പന്തടിച്ചുകയറ്റി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മിയാമി: ലോകകപ്പിൽ വമ്പൻ ടീമുകൾക്ക് മാരകമായ ഷോക്കേൽപ്പിക്കുന്ന പതിവ്, മിയാമിയിൽ വച്ച് നടന്ന തുടർച്ചയായ രണ്ടാം മത്സരത്തിലും തുടർന്ന് കാബോ വെർഡെയുടെ പുലിക്കുട്ടികൾ! ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച ടീം ഇക്കുറി വെള്ളം കുടിപ്പിച്ചത് ലാറ്റിനമേരിക്കയിലെ പ്രബല ശക്തികളായ യുറുഗ്വെയെ ആയിരുന്നു. സ്കോർ യുറുഗ്വെ 2- കാബോ വെർഡെ 2.

എച്ച് ഗ്രൂപ്പിലെ ആവേശപ്പോരാട്ടത്തിൽ മുൻതൂക്കം യുറുഗ്വെയ്ക്ക് തന്നെയായിരുന്നു. കാബോ വെർഡെ ഗോൾപോസ്റ്റിന് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയ വാൽവെർഡെയും സംഘവും ആദ്യ മിനിറ്റുകളിൽ ഗോളിനടുത്ത് വരെയെത്തിയതാണ്. എന്നാൽ ഭാഗ്യം അവരെ തുണച്ചില്ല. അതേസമയം, എതിർവശത്ത് കാബോ വെർഡെ ഡിഫൻസ് മികവുറ്റ പ്രതിരോധമാണ് പുറത്തെടുത്തത്.

കാബോ വെർഡെയുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയ കെവിൻ പിനയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

മത്സരത്തിൻ്റെ 21ാം മിനിറ്റിൽ യുറുഗ്വെയുടെ ബോക്സിന് പുറത്തുവച്ച് ആഫ്രിക്കൻ ദ്വീപ് രാജ്യത്തിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത കെവിൻ പിന യുറുഗ്വായ് പ്രതിരോധ മതിലിനേയും ഗോളിയേയും കാഴ്ചക്കാരാക്കി പോസ്റ്റിൻ്റെ വലത്തേമൂലയിൽ പന്തടിച്ചുകയറ്റി. ലോകകപ്പ് ചരിത്രത്തിൽ കാബോ വെർഡെ എന്ന രാജ്യം നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്.

ഗോൾ വീണതോടെ ഇരു ടീമുകളും ഉണർന്നെണീറ്റു. പിന്നാലെ കാബോ വെർഡെയുടെ ഗോൾമുഖത്തേക്ക് യുറുഗ്വായ് മുന്നേറ്റനിര ഇരമ്പിയാർത്തു. എങ്കിലും ആദ്യമായി ലോകകപ്പ് കളിക്കുന്ന ആഫ്രിക്കൻ കരുത്തരുടെ പ്രതിരോധ മതിലിനെ മറികടക്കാൻ യുറുഗ്വേയ്ക്ക് 44ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാക്സിമിലിയാനോ അരാജോയാണ് സമനില ഗോൾ നേടിയത്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ അഗസ്റ്റിൻ കനോബിയോ (45+6) യൂറോപ്യൻ ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. സ്കോർ യുറുഗ്വെ 2 - കാബോ വെർഡെ 1.

രണ്ടാം പകുതിയിലും യുറുഗ്വെ ആക്രമണം കടുപ്പിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധം ഉറച്ചതായിരുന്നു. എന്നാൽ 61ാം മിനിറ്റിൽ യുറുഗ്വേയുടെ പ്രതിരോധ താരം മത്യാസ് ഒലിവേരയ്ക്ക് പിണഞ്ഞ ഒരമളി ടീമിനെ ഗോൾ വഴങ്ങുന്നതിലേക്ക് നയിച്ചു. താരം നൽകിയ മൈനസ് പാസ് എതിർ ടീമിൻ്റെ സ്ട്രൈക്കറുടെ കാലുകളിലേക്കാണ് പോയത്. പന്ത് മുന്നോട്ടേക്ക് ഓടിയെത്തി തടയാൻ ശ്രമിച്ച ൾ കീപ്പർ ഫെർണാണ്ടോ മുസ്ലേരയ്ക്കും പിഴച്ചു.

58ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ കാബോ വെർഡെയുടെ സ്ട്രൈക്കർ ഹെലിയ വരേല അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. ലോകകപ്പിലെ രണ്ടാം ഗോളും നേടി കാബോ വെർഡെ ചരിത്രമെഴുതിയിരിക്കുന്നു. പിന്നാലെ സ്റ്റേഡിയത്തെ ഇളക്കിമറിക്കുന്ന രാജകീയമായ സെലിബ്രേഷനാണ് സഹതാരങ്ങൾക്കൊപ്പം ഹെലിയ വരേല ഗ്രൗണ്ടിൽ നടത്തിയത്. സ്കോർ യുറുഗ്വെ 2 - കാബോ വെർഡെ 2.

പിന്നീടുള്ള 29 മിനിറ്റുകളിൽ വിജയഗോൾ നേടാൻ ഇരു ടീമുകളും അധ്വാനിച്ച് കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ യുറുഗ്വേക്ക് എതിരെ നേടിയ ഈ സമനില പോലും കാബോ വെർഡെ എന്ന പുതുമോടിക്കാർക്ക് ചരിത്രവിജയമായി കണക്കിലെടുക്കാം. രണ്ട് സമനില മാത്രം നേടിയ യുറുഗ്വെയ്ക്ക് അവസാന മത്സരത്തിൽ സ്പെയിനാണ് എതിരാളികൾ. കാബോ വെർഡെ സൗദി അറേബ്യയേയും നേരിടും. 27ന് രാവിലെ 5.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.

SCROLL FOR NEXT