World Cup 2026

സെൽഫ് ഗോളുമായി കംഗാരുപ്പടയെ വീഴ്ത്തി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി യുഎസ്എ

മത്സരത്തിൻ്റെ തുടക്കം മുതൽക്കേ യുഎസ് ആക്രമണങ്ങൾ ചെറുക്കാനാകാതെ കംഗാരുപ്പട വിറയ്ക്കുന്നതാണ് കണ്ടത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ആതിഥേയരായ യുഎസ്എ ആദ്യ റൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ വീഴ്ത്തിയാണ് പോച്ചറ്റീനോയുടെ സംഘം റൗണ്ട് ഓഫ് 32ൽ സ്ഥാനമുറപ്പിച്ചത്. ഡി ഗ്രൂപ്പിൽ നേരത്തെ ഓരോ വീതം മത്സരം ജയിച്ചിരുന്നതിനാൽ യുഎസിനും ഓസീസിനും ജയം നിർണായകമായിരുന്നു. എന്നാൽ മത്സരത്തിൻ്റെ തുടക്കം മുതൽക്കേ യുഎസ് ആക്രമണങ്ങൾ ചെറുക്കാനാകാതെ കംഗാരുപ്പട വിറയ്ക്കുന്നതാണ് കണ്ടത്.

യുഎസ്എയുടെ രണ്ടാം ഗോൾ നേടിയ അലക്സ് ഫ്രീമാൻ

ഓസീസിൻ്റെ ബോക്സിനുള്ളിൽ യുഎസ്എ ആക്രമണം കടുപ്പിച്ചതോടെ അതിനുള്ള പ്രതിഫലം 11ാം മിനിറ്റിൽ തന്നെ തിരികെ ലഭിച്ചു. യുഎസ് ഇടതു വിങ് കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിലേക്ക് ഒരു ക്രോസ് വരുന്നു. പന്ത് ഗോൾകീപ്പറെ മറികടന്ന് ബോക്സിന് മുന്നിലേക്ക് വന്നതും സ്റ്റോപ്പർ ബാക്കായ കാമറൂൺ ബർഗെസിന് പിഴച്ചു. ഡിഫൻഡർ സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നത് കണ്ട് ഗോളിയും മറ്റു ഓസീസ് താരങ്ങളും ഞെട്ടിത്തരിച്ചു നിന്നു.

ഗോൾ വഴങ്ങിയതിന് ശേഷവും ആദ്യ ഗോൾ തിരിച്ചടിക്കാനുള്ള ആവേശമൊന്നും ഓസീസ് താരങ്ങളിൽ നിന്ന് കണ്ടില്ല. അതേസമയം, യുഎസ് നിരന്തരം ആക്രമണം ശക്തമാക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ ഓസീസ് പ്രതിരോധത്തിലെ മറ്റൊരു പാളിച്ച കൂടി മുതലെടുത്ത് യുഎസ് വീണ്ടും വല കുലുക്കി. ഇക്കുറി റൈറ്റ് വിങ് ബാക്ക് അലക്സ് ഫ്രീമാനാണ് 43ാം മിനിറ്റിൽ വല കുലുക്കിയത്. സ്കോർ യുഎസ് 2 - ഓസ്ട്രേലിയ 0.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ കംഗാരുക്കൾ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. മത്സരം അവസാനത്തേക്ക് കടന്നതോടെ താരങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീളുമെന്ന് തോന്നിച്ചെങ്കിലും റഫറി കൃത്യമായി ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കിത്തീർത്തു. യുഎസ് ഗോൾകീപ്പർ മാറ്റ് ഫ്രീസ് നിർണായകമായ രണ്ട് സേവുകളുമായി തിളങ്ങി. യുഎസ് ഡിഫൻഡർമാർ മികച്ച പ്രകടനമാണ് നടത്തിയത്.

SCROLL FOR NEXT