ഇസ്മായിൽ സായ്ബാരി 
World Cup 2026

കാനറി പടയെ വിറപ്പിച്ച മൊറോക്കൻ കുന്തമുന; ഇസ്മായിൽ സായ്ബാരി എന്ന പോരാളി!

തൻ്റെ ആദ്യ ലോകകപ്പ് വേദിയിലെ തുടക്കത്തിൽ തന്നെയുള്ള ഈ തിളക്കത്തിന് പിന്നിൽ നിരന്തരമായ അവഗണനകളുടെയും അതിജീവനത്തിൻ്റേയും വലിയൊരു കഥ കൂടിയുണ്ട്.

Author : Jishnu Anil

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ആദ്യ വമ്പൻ പോരാട്ടത്തിൽ സാക്ഷാൽ ബ്രസീലിനെതിരെ മൊറോക്കോ ഇറങ്ങിയപ്പോൾ ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ കണ്ണുകളും മഞ്ഞപ്പടയിലായിരുന്നു. എന്നാൽ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ 21ാം മിനിറ്റിൽ ബ്രസീൽ ഗോൾകീപ്പർ ആലിസൺ ബെക്കറിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു വലയിലെത്തിച്ച് മൊറോക്കോയ്ക്ക് ലീഡ് നൽകിയ ഒരു ഇരുപത്തഞ്ചുകാരൻ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറുന്നതാണ്, അതെ മൊറോക്കോയുടെ ഇസ്മായിൽ സായ്ബാരി.

32ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ സമനില പിടിച്ചെങ്കിലും, കളത്തിൽ നിറഞ്ഞുകളിച്ച സായ്ബാരി തന്നെയായിരുന്നു മത്സരത്തിലെ യഥാർത്ഥ ഹീറോ. പക്ഷെ തൻ്റെ ആദ്യ ലോകകപ്പ് വേദിയിലെ തുടക്കത്തിൽ തന്നെയുള്ള ഈ തിളക്കത്തിന് പിന്നിൽ നിരന്തരമായ അവഗണനകളുടെയും അതിജീവനത്തിൻ്റേയും വലിയൊരു കഥ കൂടിയുണ്ട്.

സ്പെയിനിലെ ടെറാസയിൽ മൊറോക്കൻ മാതാപിതാക്കളുടെ മകനായി ജനിച്ച സായ്ബാരിയുടെ ബാല്യം ഒട്ടും എളുപ്പമായിരുന്നില്ല. കാൽപ്പാദങ്ങൾ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന ജന്മനായുള്ള ആരോഗ്യപ്രശ്നം കാരണം. ചെറു പ്രായത്തിൽ സ്വന്തമായി നടക്കാൻ പോലും അവൻ ബുദ്ധിമുട്ടിയിരുന്നു. കാൽപാദങ്ങൾ നേരെയാക്കാനും ശരിയായി നടക്കാനും ഒരു വർഷത്തിലേറെക്കാലം പ്രത്യേക ഓർത്തോപീഡിക് ഉപകരണങ്ങളുടെ സഹായം അവന് തേടേണ്ടി വന്നു.

പിന്നീട് ബെൽജിയത്തിലേക്ക് കുടിയേറിയ സായ്ബാരി, അവിടുത്തെ വൈവിധ്യമാർന്ന ചുറ്റുപാടുകളിലാണ് തൻ്റെ കുട്ടിക്കാലം ചിലവഴിച്ചത്. പതിയെ ഫുട്ബോളിനെ ജീവവായുവായി കണ്ട് തുടങ്ങിയ അവൻ ബെൽജിയൻ ക്ലബ്ബായ ആൻഡർലെക്റ്റിൻ്റെ അക്കാദമിയിൽ ഇടം നേടിയെങ്കിലും അധികകാലം അവിടെ തുടരാനായില്ല. അക്കാദമിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ശരീരഭാരം കൂടുതലാണെന്ന കാരണം പറഞ്ഞ് ക്ലബ്ബ് ആ കൗമാരക്കാരനെ നിർദാക്ഷിണ്യം പുറത്താക്കുകയായിരുന്നു.

എന്നാൽ തനിക്ക് നേരിട്ട ആ വലിയ തിരിച്ചടിയിൽ തളർന്നുപോകാൻ സായ്ബാരി തയ്യാറായിരുന്നില്ല. 2015 മുതൽ 2017 വരെ കെ.വി. മെക്കല്ലെൻ്റെ യൂത്ത് ടീമിൽ പന്ത് തട്ടിയ താരം തൻ്റെ ശാരീരികക്ഷമത വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അത് ചെന്നെത്തിയത് 2017ൽ കെ.ആർ.സി. ജെങ്കിൻ്റെ അക്കാദമിയിലേക്കാണ്. അവിടെ കിട്ടിയ അവസരം മുതലെടുത്ത് സെയ്ബാരി തൻ്റെ യഥാർഥ പ്രതിഭ തെളിയിച്ചു. തന്നെ പുറത്താക്കിയ ആൻഡർലെക്റ്റിനെതിരെ തന്നെ യൂത്ത് ടൂർണമെൻ്റിൽ മനോഹരമായ ഒരു ഗോൾ നേടിക്കൊണ്ട് അവൻ തൻ്റെ മധുരപ്രതികാരം വീട്ടിയത് എന്നുള്ളത് കാലം അവനായി കരുതിവച്ച കാവ്യനീതി ആയിരുന്നു. ഈ മികച്ച പ്രകടനങ്ങളാണ് പിന്നീട് പി.എസ്.വി ഐന്തോവനിലേക്കും, അവിടെ നിന്ന് പുതിയ തലമുറയിലെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി വളരാനും അവന് വഴിത്തിരിവായത്.

സായ്ബാരിയുടെ അവിശ്വസനീയമായ വളർച്ച കണ്ട് അന്ന് ബെൽജിയം ദേശീയ ടീം പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനസ് നേരിട്ട് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബെൽജിയം ദേശീയ ടീമിന് വേണ്ടി കളിക്കാൻ മാർട്ടിനെസ് ക്ഷണിച്ചെങ്കിലും സായ്ബാരി അത് വളരെ വിനയപൂർവ്വം നിരസിച്ചു. "ഫുട്ബോളിലെ ഇത്രയും വലിയൊരു വ്യക്തി എന്നെ തേടിയെത്തിയത് വലിയ കാര്യമായി തന്നെ ഞാൻ കാണുന്നു. എന്നാൽ ഞാൻ എൻ്റെ ഹൃദയം പറയുന്നത് കേൾക്കുന്നു. ഞാൻ മൊറോക്കോയെ തിരഞ്ഞെടുക്കുന്നു," എന്നായിരുന്നു ആ വമ്പൻ ഓഫർ വേണ്ടെന്നുവച്ച് അന്ന് അവൻ പറഞ്ഞത്. തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയ്ക്ക് വേണ്ടി 2023ൽ അണ്ടർ 23 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം നേടിക്കൊടുത്ത സായ്ബാരി തൻ്റെ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തു.

അന്ന് ഹൃദയം കൊണ്ട് മൊറോക്കോയെ നെഞ്ചിലേറ്റിയ ആ യുവാവാണ് ഇന്ന് ലോകകപ്പിൽ ബ്രസീലിനെതിരെ അവർക്കായി നിർണായക ഗോൾ നേടിയത്. ഒരിക്കൽ നടക്കാൻ പോലുമാകില്ലെന്ന് വിധിയെഴുതപ്പെട്ട, ശരീര ഭാരത്തിൻ്റെ പേരിൽ ക്ലബ്ബുകൾ വേണ്ടാത്തവനെന്ന് മുദ്രകുത്തി പുറത്താക്കിയ അതേ പയ്യനാണ് ഇന്ന് മാർക്വീനോസും മഗല്ലെസ്സും അടങ്ങുന്ന ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരകളിൽ ഒന്നിനെ കീറിമുറിച്ച് മുന്നേറിയത്. അട്ടിമറികൾ ആവർത്തിക്കാൻ കെൽപ്പുള്ള ആഫ്രിക്കൻ ഫുട്ബോളിൻ്റെ കരുത്ത് അയിക്കുന്നതിനൊപ്പം, പ്രതിസന്ധികളോട് പൊരുതി ജയിക്കാൻ ഉറച്ച മനസ്സ് മാത്രം മതിയെന്നുള്ളതിൻ്റെ കളിക്കളത്തിലെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണ് ഇസ്മായിൽ സായ്ബാരിയുടെ ഈ പോരാട്ടവീര്യം!

SCROLL FOR NEXT