ജോർജിയ: കാബോ വെർഡെക്കെതിരായ ആദ്യ ലോകകപ്പ് മാച്ചിൽ ലാമിൻ യമാൽ ടീമിൽ ഇടം നേടിയിരുന്നില്ല. 18കാരനായ ബാഴ്സലോണ സൂപ്പർതാരത്തെ സൈഡ് ബെഞ്ചിലിരുത്തിയാണ് കോച്ച് ലൂയിസ് ഡി ഫ്യുയൻ്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഏപ്രിൽ 22ന് സെൽറ്റ വിഗയ്ക്ക് എതിരായ ലാലിഗ മാച്ചിനിടെ ഹാംസ്ട്രിങ് ഇഞ്ച്വറി ഉണ്ടായതിന് ശേഷം യമാൽ കളിക്കാനിറങ്ങിയിട്ടില്ല.
പരിക്ക് മാറി ഫിറ്റ്നസ് തിരിച്ചു പിടിക്കാത്തതിനാൽ യമാൽ ലോകകപ്പിന് മുൻപായുള്ള സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കളിക്കാൻ യമാൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും കോച്ച് മുൻ കരുതൽ എന്ന നിലയിലാണ് യമാലിന് ആദ്യ പകുതിയിൽ പുറത്തിരുത്തിയത്. താരം ഏതാനും മിനിറ്റുകൾ മാത്രം കളിക്കാനാണ് സാധ്യത. അത്‌ലറ്റിക്കോ ബിൽബാവോയുടെ നിക്കോ വില്യംസും ഒസാസുനയുടെ വിക്ടർ മുനോസും കളിക്കാൻ ഫിറ്റ് അല്ലാതിരുന്നതിനാൽ, മുന്നേറ്റ നിരയിൽ സ്ട്രൈക്കർ മൈക്കൽ ഒയാർസബാലിനൊപ്പം ബാഴ്‌സലോണയുടെ ജോഡികളായ ഗാവിയേയും ഫെറാൻ ടോറസിനേയുമാണ് കോച്ച് ഡി ലാ ഫ്യൂയൻ്റെ നിയോഗിച്ചത്.
ലെഫ്റ്റ് വിങ്ങിൽ ഫെറാൻ ടോറസിനേയും വലത് വിങ്ങിൽ ഗാവിയേയും ആയിരുന്നു ആക്രമണത്തിനായി നിയോഗിച്ചത്. സ്ട്രൈക്കറുടെ പൊസിഷനിൽ കളിച്ചത് മൈക്കൽ ഒയർസബാൽ ആയിരുന്നു. പെഡ്രിയും ഫാബിയാൻ റൂയിസുമാണ് സ്പാനിഷ് മധ്യനിരയിൽ അറ്റാക്കിങ് മിഡ് ഫീൽഡർമാരായി കളിക്കാനെത്തിയത്. ബാലൻഡ്യോർ ജേതാവായ റോഡ്രിയെ ഡിഫൻസീവ് മിഡ് ഫീൽഡറായാണ് ഫ്യുയൻ്റെ നിയോഗിച്ചത്.
സ്പെയിനിനെ 2024ൽ യൂറോ ചാംപ്യന്മാരാക്കിയ ഗോൾകീപ്പർ ഉനായ് സൈമൺ തന്നെയാണ് പ്രധാന ഗോൾകീപ്പറായി കളത്തിലെത്തിയത്. ആറ് വർഷത്തെ കരാറിൽ റയൽ മാഡ്രിഡിൽ എത്തിയ മാർക്ക് കുക്കുറെല്ലയ്ക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനവും, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാർക്കോസ് ലോറൻ്റെ റൈറ്റ് ബാക്ക് സ്ഥാനവും നൽകിയിട്ടുണ്ട്. പൗ ക്യൂബാർസിയും അയ്മെറിക് ലാപോർട്ടെയും ആണ് ഡി ലാ ഫ്യൂണ്ടെ തിരഞ്ഞെടുത്ത രണ്ട് സെൻട്രൽ ഡിഫൻഡർമാർ.