World Cup 2026

യമാൽ vs റൊണാൾഡോ; ലോകകപ്പിൽ വരാനിരിക്കുന്നത് ക്ലാസിക് പോരാട്ടം

നേഷൻസ് ലീഗിലെ അന്നത്തെ ആ പരാജയത്തിന് ലോകകപ്പിന്റെ വലിയ വേദിയിൽ കണക്കുതീർക്കുക എന്ന ലക്ഷ്യത്തോടെയാകും സ്പാനിഷ് പട ഇത്തവണ ഇറങ്ങുക.

Author : Jishnu Anil

ലോകകപ്പ് പോരാട്ടങ്ങൾ പ്രീ ക്വാർട്ടർ ചൂടിലേക്ക് കടക്കുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഇനി ഉറ്റുനോക്കുന്നത് സ്പെയിനും പോർച്ചുഗലും തമ്മിലുള്ള ഐബീരിയൻ ഡെർബിയിലേക്കായിരിക്കും. കഴിഞ്ഞ വർഷം ജൂൺ 8ന് മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശകരമായ ഫൈനലിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയായിരുന്നു പോർച്ചുഗൽ തങ്ങളുടെ രണ്ടാമത്തെ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. നേഷൻസ് ലീഗിലെ അന്നത്തെ ആ പരാജയത്തിന് ലോകകപ്പിന്റെ വലിയ വേദിയിൽ കണക്കുതീർക്കുക എന്ന ലക്ഷ്യത്തോടെയാകും സ്പാനിഷ് പട ഇത്തവണ ഇറങ്ങുക.

കേവലമൊരു നോക്കൗട്ട് പോരാട്ടം എന്നതിനേക്കാൾ ഈ മത്സരത്തിന്റെ ആവേശം കൂട്ടുന്നത് കളത്തിലെ മറ്റൊരു സവിശേഷതയാണ്. ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പുതിയ കാലത്തിന്റെ വിസ്മയമായ ലാമിൻ യമാലും തമ്മിലുള്ള മുഖാമുഖം വരവ് ഫുട്ബോൾ ലോകത്തെ തലമുറകളുടെ ഏറ്റുമുട്ടലായി ഇതിനെ മാറ്റുന്നു.

തന്റെ പ്രൊഫഷണൽ കരിയറിന്റെ സായാഹ്നത്തിൽ നിൽക്കുമ്പോഴും, പോർച്ചുഗലിന്റെ എക്കാലത്തെയും വലിയ ആയുധമായ 41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മികവിന് യാതൊരു മങ്ങലുമേറ്റിട്ടില്ല എന്ന് ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം അടിവരയിടുന്നു. ഈ ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി ഇതിനകം 4 ഗോളുകൾ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റിയിലൂടെ അദ്ദേഹം ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. രാജ്യാന്തര ഫുട്ബോളിലെ റെക്കോർഡുകൾ പലതും സ്വന്തം പേരിലെഴുതിച്ചേർത്ത ഈ നായകൻ ഇതോടെ തന്റെ കരിയറിൽ 976 ഗോളുകൾ എന്ന അവിശ്വസനീയമായ നാഴികക്കല്ലും പിന്നിട്ട്, അവസാന ലോകകപ്പിൽ കിരീടം എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് പടനയിക്കുന്നത്.

മറുഭാഗത്ത് സ്പാനിഷ് ഫുട്ബോളിന്റെ ഭാവിയായി വളർന്നുവരുന്ന 18 കാരൻ ലാമിൻ യമാലാണ് സ്പെയിന്റെ കുന്തമുന. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്താൻ യമാലിന് സാധിച്ചിരുന്നു. റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത യമാൽ തന്നെയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡ്രിബ്ലിംഗിലെ അസാമാന്യ മികവും, എതിർ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറാനുള്ള വേഗതയും ഈ കൗമാരക്കാരനെ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാക്കി ഇതിനോടകം മാറ്റിയിട്ടുണ്ട്.

ഇരു ടീമുകളും തങ്ങളുടെ അവസാന മത്സരങ്ങളിൽ ആധികാരിക ജയം നേടിയാണ് പ്രീ-ക്വാർട്ടറിന് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് സ്പാനിഷ് പടയുടെ വരവെങ്കിൽ, കരുത്തരായ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നാണ് പോർച്ചുഗൽ എത്തുന്നത്. തന്ത്രങ്ങളും പ്രതിഭയും ഒരുപോലെ മാറ്റുരയ്ക്കുന്ന ഈ ക്ലാസിക് പോരാട്ടത്തിൽ ആരു ജയിച്ചാലും അത് ഫുട്ബോൾ ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമായിരിക്കും. സ്പാനിഷ് യുവത്വത്തിന്റെ അപ്രതീക്ഷിത മുന്നേറ്റങ്ങളെ തടയാൻ പോർച്ചുഗീസ് അനുഭവസമ്പത്തിന് കഴിയുമോ എന്നതിലാണ് ജൂലൈ 7ന് ഡാലസ് സ്റ്റേഡിയത്തിൽ വിധി എഴുതപ്പെടുക.

SCROLL FOR NEXT