World Cup 2026

"എനിക്ക് ക്രിസ്റ്റ്യാനോയേക്കാൾ മികച്ചവനാകണം, റോക്സാനയ്ക്ക് വേണ്ടി..."; സഹോദരിയുടെ ഓർമയ്ക്കായി ആ വാക്ക് പാലിക്കുമെന്ന് ഐവറികോസ്റ്റ് സൂപ്പർതാരം...

ബുണ്ടസ് ലിഗ ക്ലബ്ബായ ആർബി ലീപ്സിഗിനും ഐവറി കോസ്റ്റ് ദേശീയ ടീമിനും വേണ്ടി കളിക്കുന്ന പ്രതിഭാധനനായ യുവ താരമാണ് അദ്ദേഹം.

Author : ന്യൂസ് ഡെസ്ക്

വളരെ ചെറുപ്പത്തിലേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായിരുന്ന കുഞ്ഞ് യാനിന് ആരോ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റേത് എന്ന പേരിലൊരു പഴഞ്ചൻ ജേഴ്സി നൽകി. ആ ജഴ്സിക്ക് പിന്നിൽ കറുത്ത മാർക്കർ കൊണ്ട് 'റൊണാൾഡോ 7' എന്നെഴുതിയ ശേഷം ഏറെക്കാലം യാൻ ഡിയോമാണ്ടെ ആ ജേഴ്സി ആരാധനയോടെ ധരിച്ചിരുന്നു.

തൻ്റെ സഹോദരൻ ക്രിസ്റ്റ്യാനോയേക്കാൾ മികച്ചവനാകുമെന്ന് സഹോദരി റോക്സാൻ എപ്പോഴും പറയാറുണ്ടായിരുന്നു. ഇന്ന് ലോകകപ്പിൽ ഐവറി കോസ്റ്റിൻ്റെ പ്രധാന സ്ട്രൈക്കറായ യാൻ ഡിയോമാണ്ടെയുടെ ഒരു കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

2026ലെ ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിനൊപ്പം കളിക്കുകയെന്ന തൻ്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ ത്രില്ലിലാണ് യാൻ ഇപ്പോൾ. ബുണ്ടസ് ലിഗ ക്ലബ്ബായ ആർബി ലീപ്സിഗിനും ഐവറി കോസ്റ്റ് ദേശീയ ടീമിനും വേണ്ടി കളിക്കുന്ന പ്രതിഭാധനനായ യുവ താരമാണ് അദ്ദേഹം. സ്ഫോടനാത്മകമായ വേഗത, മികച്ച ഡ്രിബ്ലിങ്, ശക്തമായ പ്രതിരോധ പ്രസ്സിങ് എന്നിവയ്ക്ക് പേരുകേട്ടയാളാണ് യാൻ. ഇടത്, വലത് വിങ്ങുകളിൽ മാറിമാറി കളിക്കാൻ ശേഷിയുള്ള കളിക്കാരനാണ്.

തനിക്ക് 15 വയസുള്ളപ്പോൾ അപകടമരണം സംഭവിച്ച സഹോദരി റോക്സാനിന് വേണ്ടി യാൻ ഡിയോമാണ്ടെ എഴുതിയ അതിവൈകാരികമായ ഈ കത്തിലെ വിശദാംശങ്ങൾ ദി പ്ലെയേഴ്‌സ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കത്തിൽ സഹോദരി റോക്‌സാനിനൊപ്പമുള്ള പ്രിയപ്പെട്ട ഓർമകളും.. ക്രിസ്റ്റ്യാനോയോടുള്ള തൻ്റെ കടുത്ത ആരാധനയും യാൻ ഡിയോമാണ്ടെ പങ്കുവച്ചു. ഇപ്പോൾ 20 വയസ് പ്രായമുള്ള ഈ ആർ‌ബി ലീപ്‌സിഗ് സ്ട്രൈക്കർക്ക് സഹോദരിയുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് കത്തിലൂടെ വ്യക്തമാകുന്നത്.

"പ്രിയപ്പെട്ട റോക്സാൻ.. നാളെ നമ്മൾ ലോകകപ്പിന് പോകുന്നു. ശരിക്കും നിങ്ങളുടെ സഹോദരൻ ദ്രോഗ്ബയെ പോലെ, യായയെ പോലെ, ഗെർവീഞ്ഞോയെ പോലെ ഐവറി കോസ്റ്റിന് വേണ്ടി കളിക്കാൻ പോകുന്നു. എന്നിൽ നിങ്ങൾ കണ്ടത് മുഴുവൻ ലോകത്തേയും കാണിക്കാനുള്ള എൻ്റെ അവസരമാണിത്. ക്രിസ്റ്റ്യാനോയേക്കാൾ മികച്ചവനാകാൻ എനിക്ക് കഴിയുമെന്ന് നിങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയെ അവിടെ വച്ച് കണ്ടാൽ, നിങ്ങൾക്ക് വേണ്ടിയൊരു ഹലോ ഞാൻ പറയും. നിങ്ങൾ പ്രവചിച്ചത് പോലെ ഞാൻ ചെയ്യും, ഞാൻ സത്യം ചെയ്യുന്നു...

ഒരു പാർട്ടിയിൽ വച്ച് ആരോ നിൻ്റെ പാനീയത്തിൽ എന്തോ ചേർത്തെന്നും പിന്നീട് നീ ഒരിക്കലും ഉണർന്നില്ലെന്നും മരിച്ചെന്നും എനിക്കറിയാം. നീ പോകുമ്പോൾ എൻ്റെ പ്രായം 15 വയസ്സായിരുന്നു. നീ പോയി എന്ന് അവർ പറഞ്ഞ ദിവസം ഞാൻ കരഞ്ഞതായി എനിക്ക് തോന്നുന്നില്ല. അന്ന് ഞാൻ ഞെട്ടലിലായിരുന്നു. ഞാൻ ഓരോ തവണയും ഗോൾ നേടുമ്പോൾ, എല്ലാവരും റോക്സാൻ എന്ന നിൻ്റെ പേര് അറിയുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കും. നിന്നെ ഒരിക്കലും ആരും മറക്കില്ലെന്ന് ഞാൻ ഉറപ്പാക്കും.

പണ്ട് ഒരാൾ എനിക്ക് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിലകുറഞ്ഞൊരു ജേഴ്സിയുടെ വാങ്ങി തന്നപ്പോൾ ഞാൻ അതിന് പിന്നിൽ ഒരു കറുത്ത മാർക്കർ ഉപയോഗിച്ച് 'റൊണാൾഡോ 7' എന്ന് എഴുതിയത് നിങ്ങൾ ഓർക്കുന്നുണ്ടോ? അന്ന് ഞങ്ങൾ ധനികരാണോ.. അതോ ദരിദ്രരാണോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആ പ്രായത്തിൽ ഞങ്ങൾക്ക് സന്തോഷം എന്താണെന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ," അതിവൈകാരികതയോടെ യാൻ ഡിയോമാണ്ടെ കുറിച്ചു.

ഐവറി കോസ്റ്റ് ടീമിനൊപ്പമുള്ള വിജയങ്ങൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടുമുട്ടാനുള്ള സാധ്യത എന്നിവയ്‌ക്കപ്പുറം, ആ യുവ മുന്നേറ്റനിര താരത്തിന് ഒരു വലിയ ഒരു ദൗത്യമുണ്ട്. തൻ്റെ സഹോദരിയുടെ ഓർമകളെ ആദരിക്കുക... നീ ലോകത്തിലെ ഏറ്റവും മികച്ചവനാകുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്ന ആ പെൺകുട്ടിയുടെ വാക്കുകൾ ശരിയാണെന്ന് ഈ ലോകത്തിന് മുന്നിൽ തെളിയിക്കുക.

SCROLL FOR NEXT