Image: Instagram
World Cup 2026

ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു; ഫിഫ ലോകകപ്പില്‍ തിളങ്ങിയത് ആര്?

റൊണാള്‍ഡോയുടെ നിറം മങ്ങിയ പ്രകടനത്തിനും ലോക ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷിയായി

Author : ന്യൂസ് ഡെസ്ക്

ഫിഫ ലോകകപ്പ് മത്സരങ്ങളിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു. 12 ഗ്രൂപ്പുകളിലുമായുള്ള എല്ലാ ടീമുകളുടെയും ആദ്യ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഹാട്രിക്ക് നേടി ലയണല്‍ മെസിയും ഇരട്ട ഗോള്‍നേടി എംബാപ്പയും എര്‍ലിന്‍ ഹാളണ്ടും ഹാരികെയ്‌നും വരവറിയിച്ചു കഴിഞ്ഞു.

ആദ്യമായി ലോകകപ്പിനെത്തുന്ന പല കുഞ്ഞന്‍ ടീമുകളും കളിക്കളത്തില്‍ വമ്പന്‍മാരായി മാറി. വമ്പന്‍ ടീമുകളായ ബ്രസീലും പോര്‍ച്ചുഗലും സ്‌പെയിനുമെല്ലാം ആദ്യ റൗണ്ട് മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി വിറച്ചു. ഇതിഹാസ താരം റൊണാള്‍ഡോയുടെ നിറം മങ്ങിയ പ്രകടനത്തിനും ലോക ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷിയായി.

ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ വമ്പന്‍ ടീമുകളേക്കാള്‍ കുഞ്ഞന്‍ ടീമുകളാണ് കളത്തില്‍ നിറഞ്ഞ് നിന്നത്. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിനെത്തുന്ന കേപ് വെര്‍ദെയും ഗോള്‍കീപ്പര്‍ വൊസീഞ്ഞോയും ആദ്യ റൗണ്ടിലെ ശ്രദ്ധാ താരങ്ങളായി മാറി. നീണ്ട 52 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിനെത്തുന്ന കോംഗോ എന്ന കുഞ്ഞന്‍രാജ്യം പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു.

ജര്‍മനിക്കെതിരെ ഏഴ് ഗോള്‍ വഴങ്ങിയെങ്കിലും ആദ്യ മത്സരത്തിനെത്തിയ കുറസാവോയും ഒരു ഗോള്‍ നേടി കളത്തിലെ താരങ്ങളായി. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിനെത്തുന്ന നോര്‍വെ ഇറാഖിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ നേടി. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും വമ്പന്‍ ജയവും ഗ്രൗണ്ടില്‍ ഗോള്‍മഴ പെയ്യിച്ച ജര്‍മനിയും ആദ്യ റൗണ്ട് മത്സരങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമായി.

സമനില നേടിയ കേപ് വെര്‍ദെയ്ക്കും കോംഗോയ്ക്കും കൂറ്റന്‍ പരാജയമെങ്കിലും ജര്‍മനിക്കെതിരെ ഒരു ഗോള്‍ നേടിയ കുറസാവോയ്ക്കും ജയത്തോളം പോന്ന ആഘോഷരാവുകളായിരുന്നു ഒന്നാം റൗണ്ട് സമ്മാനിച്ചത്. ബ്രസീലും പോര്‍ച്ചുഗലും സമനിലയില്‍ കുരുങ്ങിയതും ഇതിഹാസ താരം റൊണാള്‍ഡോ കളത്തില്‍ തീര്‍ത്തും നിറംമങ്ങിയതും പോര്‍ച്ചുഗല്‍ ടീമിലെ അസ്വാരസ്യങ്ങളുമാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കു ശേഷം ഉയരുന്ന പ്രധാന ചര്‍ച്ചാവിഷയം.

SCROLL FOR NEXT