ചരിത്രത്തെ തിരുത്തുന്ന പ്രവർത്തനം ഏറ്റവും ശക്തമായി നടന്നുവരുന്ന കാലമാണിത്. അധികാരം ഉപയോഗിച്ച് അക്കാദമിക തലത്തിൽ ഒരു ഭാഗത്ത് പരിഷ്‍കാരങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് നിർമിത ബുദ്ധിയുടെ സഹായത്തിൽ വ്യാജ ചരിത്ര നിർമിതികൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചരിത്ര പഠനത്തോട് താൽപര്യമുള്ള വിദ്യാർഥിയുടെ മുമ്പിലും ഗവേഷകരുടെ മുമ്പിലും ലക്ഷക്കണക്കിന് വിവരങ്ങളാണ് ഇന്റർനെറ്റിലൂടെ മുമ്പിലെത്തുന്നത്. ചരിത്രത്തെ തേടി അലഞ്ഞിരുന്ന, ലൈബ്രറികളിലെ പുസ്തകത്താളുകളിൽ മുഖംപൂഴ്ത്തി ചെലവിട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൊബൈൽ ഫോണിലെ വിരൽതുമ്പിലെത്തുന്ന വിവരങ്ങളെ സംശയദൃഷ്ടിയോടുകൂടി മാത്രമേ സമീപിക്കാനാവൂ. കാരണം വിവരങ്ങൾ എന്നത് അത്രമാത്രം മലിനപ്പെട്ടിരിക്കുന്നു. അതിൽ ശരിയേത് തെറ്റേത് എന്ന് അരിച്ചെടുക്കുക എന്നതാണ് ശ്രമകരവും വെല്ലുവിളിയും. ചരിത്രപരമായ സത്യം സംരക്ഷിക്കാൻ ദശാബ്ദങ്ങളായി സഹായിച്ച സ്ഥാപനങ്ങളും രീതികളും നിലവിൽ AI-യുടെയും സോഷ്യൽ മീഡിയയുടെയും മുന്നിൽ തകർന്നുകൊണ്ടിരിക്കുകയാണെന്ന് ചരിത്രകാരന്മാർ സമ്മതിക്കുന്നു. "The Death of History" അഥവാ ചരിത്രത്തിന്റെ മരണകാലം എന്നാണ് അവരിൽ ചിലർ വിധിയെഴുതുന്നത്.. നിർമ്മിത ബുദ്ധി , സോഷ്യൽ മീഡിയ എന്നിവയുടെ അതിപ്രസരം ചരിത്രപരമായ സത്യങ്ങളെയും വസ്തുതകളെയും ഏതുവിധത്തിൽ സ്വാധീനിക്കുന്നു എന്ന ചർച്ച ആഗോളതലത്തിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയം ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പരിശോധിക്കുന്നത് അതീവ പ്രസക്തമാണ്. സാങ്കേതികവിദ്യയുടെ വളർച്ച ചരിത്രബോധത്തെ ശക്തിപ്പെടുത്തുന്നുണ്ടോ അതോ വ്യാജ ചരിത്രങ്ങളിലൂടെ അതിനെ ഇല്ലായ്മ ചെയ്യുകയാണോ?
‘ചരിത്രത്തിന് ചരമഗീതമെഴുതാൻ സമയമായോ?
ഇന്ത്യയിൽ ഇന്ന് ചരിത്രം വലിയ തോതിൽ പുനർവായിക്കപ്പെടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിൽ സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും പങ്ക് വളരെ വലുതാണ്. വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ആധികാരികമായ ചരിത്രരേഖകൾക്കപ്പുറം, താൽപ്പര്യങ്ങൾക്കനുസരിച്ച് നിർമ്മിക്കപ്പെട്ട വ്യാജ ചരിത്രങ്ങളും മിത്തുകളും ശാസ്ത്രീയ സത്യങ്ങളെന്നോണം അതിവേഗം പ്രചരിക്കുന്നു. മുൻകാലങ്ങളിൽ ചരിത്രം എന്നത് സർവകലാശാലകളും ആർക്കൈവുകളും സൂക്ഷിച്ചിരുന്ന ആധികാരിക രേഖകളെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാൽ ഇന്ന് ആർക്കും എന്തുമാത്രം വ്യാജ ചരിത്രങ്ങളും സ്വന്തം താൽപര്യപ്രകാരമുള്ള വ്യാഖ്യാനങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ നിർമ്മിച്ച് 'യഥാർത്ഥ ചരിത്രം' എന്ന വ്യജേന എളുപ്പം അവതരിപ്പിക്കാനാകും. ഇങ്ങനെയാണ് വ്യാജ ചരിത്ര നിർമിതികൾ രൂപപ്പെടുന്നത്. AI ഉപയോഗിച്ച് ഡീപ് ഫെയ്ക്സിലൂടെ പഴയ ചിത്രങ്ങൾ, ദൃശ്യങ്ങൾ, ഓഡിയോകൾ എന്നിവ തിരുത്തിമറിച്ച് , ചരിത്ര സംഭവങ്ങളെയും നേതാക്കളെയും തെറ്റായ രീതിയിൽ ചിത്രീകരിച്ച് പൊതുജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന പുതിയ തരം 'ഡിജിറ്റൽ പ്രൊപ്പഗാൻഡ' യുദ്ധങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്..
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും AI അൽഗോരിതങ്ങളുടെയും പ്രവർത്തനം ഉപയോക്താക്കൾക്ക് അവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ചരിത്രപരമായ സത്യങ്ങളേക്കാൾ, ജനങ്ങളുടെ മുൻവിധികൾക്ക് ഇന്ധനം നൽകുന്ന 'സെൻസേഷണൽ' ആയ വ്യാജ ചരിത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. ഒരു വ്യാജ ചരിത്ര കഥയോ മിഥ്യയോ സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിക്കാൻ AI ടൂളുകൾക്കും സോഷ്യൽ മീഡിയ ബോട്ട് നെറ്റ്‌വർക്കുകൾക്കും സാധിക്കുന്നുണ്ട്. എന്നാൽ സങ്കീർണ്ണമായ ചരിത്രപരമായ സത്യങ്ങൾ തെളിവുകളോടെ നിരത്താൻ ഗവേഷകർക്ക് സമയമെടുക്കും; ഈ വേഗതക്കുറവ് വ്യാജപ്രചാരണങ്ങളുടെ ആധിപത്യത്തിന് ഇടയാക്കുന്നു..
നിർമ്മിത ബുദ്ധി എന്ന AI , അൽഗോരിതങ്ങൾ എന്നിവ ആധുനിക കാലത്ത് ചരിത്രത്തെ രേഖപ്പെടുത്തുന്നതിലും വ്യാഖ്യാനിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചരിത്രപരമായ ഡാറ്റ എങ്ങനെ ശേഖരിക്കപ്പെടുന്നുവെന്നും, എ.ഐ അൽഗോരിതങ്ങൾ അതിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, വ്യാജ ചരിത്ര നിർമ്മിതിക്ക് എ.ഐ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടാമെന്നും പരിശോധിക്കാം:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾ സ്വയം ചരിത്രം സൃഷ്ടിക്കുന്നില്ല; പകരം മനുഷ്യർ നിർമ്മിച്ചതും ഡിജിറ്റൽ രൂപത്തിലുള്ളതുമായ വലിയ അളവിലുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അവ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള ചരിത്ര രേഖകൾ, പുരാതന കൈയെഴുത്തുപ്രതികൾ, പുസ്തകങ്ങൾ, ഗവൺമെന്റ് രേഖകൾ എന്നിവ സ്കാൻ ചെയ്ത് ഡിജിറ്റൽ ഡാറ്റാബേസുകളാക്കി മാറ്റുന്നിടത്താണ് നിർമിത ബുദ്ധി പ്രവർത്തിച്ച് തുടങ്ങുന്നത്.
വിക്കിപീഡിയ, ഓൺലൈൻ വാർത്തകൾ, ചരിത്ര ബ്ലോഗുകൾ, ഡിജിറ്റൽ മ്യൂസിയങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ എ.ഐ അൽഗോരിതങ്ങൾ കോടി കണക്കിന് വാക്കുകളായി ശേഖരിക്കുന്നു. ചരിത്രപരമായ ചിത്രങ്ങൾ, ഓഡിയോകൾ, വീഡിയോകൾ, ഭൂപടങ്ങൾ എന്നിവ എ.ഐ മോഡലുകൾക്കുളള ഡാറ്റയായി സംഭരിച്ചുവെക്കുന്നു.
ഒരു ലാർജ് ലാംഗ്വേജ് മോഡൽ അല്ലെങ്കിൽ എ.ഐ ടൂൾ ചരിത്രപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴോ വിവരങ്ങൾ ക്രോഡീകരിക്കുമ്പോഴോ അൽഗോരിതങ്ങൾ പല രീതികളാണ് ഉപയോഗിക്കുന്നത്. ശേഖരിക്കപ്പെട്ട ഡാറ്റയിലെ വാക്കുകളും ആശയങ്ങളും തമ്മിലുള്ള ബന്ധം അൽഗോരിതങ്ങൾ വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, 'ഇന്ത്യൻ സ്വാതന്ത്ര്യസമരം' എന്ന് നൽകിയാൽ അതിനു കീഴിൽ വരുന്ന വർഷങ്ങൾ, പ്രധാന വ്യക്തികൾ, സംഭവങ്ങൾ എന്നിവയെ അൽഗോരിതം വേർതിരിച്ചെടുക്കുന്നു. പിന്നീട് ചരിത്രപരമായ ഗ്രന്ഥങ്ങളെയും ലേഖനങ്ങളെയും അപഗ്രഥിച്ച് അവയ്ക്ക് ഒരു പുതിയ ആഖ്യാന രൂപം നൽകുന്നു. എ.ഐ ചരിത്രപരമായ പൂർണ്ണമായ 'സത്യം' നേരിട്ട് മനസ്സിലാക്കുകയല്ല ചെയ്യുന്നത്; മറിച്ച്, നൽകിയിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ഏത് പ്രസ്താവനയ്ക്കാണ് ശരിയാകാൻ കൂടുതൽ സാധ്യതയുള്ളത് എന്ന് കണക്കാക്കി അത് വാക്കുകളായി രൂപപ്പെടുത്തുന്നു.ഈ വിവരമാണ് നമുക്ക് മുമ്പിൽ എത്തുന്നത്..
ആധുനിക എ.ഐ ടൂളുകൾ ഉപയോഗിച്ച് ഏതൊരു വ്യക്തിയുടെയും മുഖഭാവങ്ങളും ശബ്ദവും കൃത്യമായി അനുകരിച്ചുകൊണ്ട് പുതിയ വീഡിയോകൾ നിർമ്മിക്കാൻ സാധിക്കും. ഇതിനെയാണ് ഡീപ് ഫേക് വീഡിയോകൾ എന്ന് പറയുന്നത്. ഒരു ചരിത്രപുരുഷന്റെ പഴയ ചിത്രമോ ശബ്ദമോ മാത്രം മതി, അവർ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഉച്ചരിക്കാത്ത വാക്കുകൾ എ.ഐ സഹായത്തോടെ പറയിപ്പിക്കാൻ ഇന്ന് സാധിക്കും. ഉദാഹരണത്തിന്, സമാധാനത്തിന്റെ സന്ദേശം നൽകിയ ഒരു നേതാവ് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ നിർമ്മിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താം. ചരിത്രത്തിൽ ഒരിക്കലും നടക്കാത്ത കൂടിക്കാഴ്ചകളോ സംഭവങ്ങളോ തികച്ചും ആധികാരികമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എ.ഐ വഴി ചിത്രീകരിക്കാം. ഇത് ജനങ്ങളുടെ മനസ്സിൽ ചരിത്രത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സൃഷ്ടിക്കും.പണ്ട് "ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, അതിനാൽ ഇത് സത്യമാണ്" എന്നൊരു പ്രയോഗമുണ്ടായിരുന്നു. എന്നാൽ എ.ഐ യുഗത്തിൽ ഈ വാദം പൂർണ്ണമായി അപ്രസക്തമായിരിക്കുന്നു.
ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം ഡാറ്റ നൽകി എ.ഐ മോഡലുകളെ പരിശീലിപ്പിച്ചാൽ, ആ എ.ഐ ടൂളുകൾ ആ ചരിത്രത്തെ ഏകപക്ഷീയമായി വളച്ചൊടിച്ചു കാണിക്കും. വ്യാജ ചരിത്രങ്ങളെ സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ എ.ഐ പിന്തുണയുള്ള സോഷ്യൽ മീഡിയ ബോട്ടുകൾക്ക് സാധിക്കുന്നു.എ.ഐയുടെ കടന്നുവരവോടെ യഥാർത്ഥ തെളിവുകളെപ്പോലും വ്യാജമെന്ന് മുദ്രകുത്താനുള്ള സാധ്യതകൾ തുറക്കപ്പെടുന്നു. യഥാർത്ഥമായ ചരിത്രപരമായ ദൃശ്യങ്ങളോ പ്രസ്താവനകളോ ഏതെങ്കിലും വ്യക്തികൾക്കോ ഭരണകൂടങ്ങൾക്കോ അനിഷ്ടകരമാണെന്ന് തോന്നുമ്പോൾ, അത് എ.ഐ നിർമ്മിതമായ വ്യാജ വീഡിയോയാണ്" എന്ന് പറഞ്ഞ് യഥാർത്ഥ സത്യങ്ങളെപ്പോലും നിഷേധിക്കാനുള്ള അവസരം ഇത് നൽകുന്നു.
ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ, AI, സോഷ്യൽ മീഡിയ എന്നിവയുടെ കടന്നുവരവ് ചരിത്രപഠനത്തിനും ചരിത്രബോധത്തിനും ഉണ്ടാക്കുന്ന ആഘാതം വളരെ ആഴത്തിലുള്ളതാണ്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യയുടെ മധ്യകാല ചരിത്രത്തിനും സ്വാതന്ത്ര്യസമര പോരാട്ടത്തിനും പാഠപുസ്തകങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഭരണമാറ്റങ്ങൾക്കനുസരിച്ച് ചരിത്ര പാഠപുസ്തകങ്ങൾ മാറ്റിയെഴുതപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, ഡിജിറ്റൽ ഇടങ്ങളിലെ രാഷ്ട്രീയ ആഖ്യാനങ്ങൾ കുട്ടികളിലും യുവതലമുറയിലും ചരിത്രത്തെക്കുറിച്ച് തെറ്റായ ധാരണകൾ പകർന്നുകൊണ്ടിരിക്കുന്നു. അക്കാദമിക സമൂഹം ഇത്തരം ഓൺലൈൻ വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാൻ പലപ്പോഴും മുന്നോട്ടുവരുന്നുമില്ല. ഇന്ത്യയിലും മുഖ്യധാരാ ചരിത്രകാരന്മാരും സർവ്വകലാശാലകളും പൊതുസമൂഹവും തമ്മിലുള്ള ആശയപരമായ വിടവ്, വ്യാജപ്രചാരകർക്ക് വളരാൻ അവസരമൊരുക്കുന്നുമുണ്ട്.
ഇന്ത്യൻ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, AI യുഗം ചരിത്രത്തിന് ഒരു ഭീഷണി മാത്രമല്ല, അതൊരു വെല്ലുവിളികൂടിയാണ്. ശാസ്ത്രീയവും ആധികാരികവുമായ ചരിത്രവുമായി ചരിത്രകാരന്മാർ ഓൺലൈൻ ഇടങ്ങളിലേക്ക് ഇറങ്ങിവരേണ്ടത് അത്യന്താപേക്ഷിതമാണ്. സമൂഹമാധ്യമങ്ങളിലെ വിവരക്കൊടുപ്പുകളെയും വ്യാജ ചരിത്രങ്ങളെയും പ്രതിരോധിക്കാൻ സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ചരിത്രബോധം വളർത്തിയെടുക്കേണ്ടതുണ്ട്. ചരിത്രകാരന്മാരുടെ മൗനം പൊതുസമൂഹത്തിന്റെ അറിവില്ലായ്മയ്ക്ക് ആക്കം കൂട്ടും. അതിനാൽ, പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി തന്നെ സത്യസന്ധമായ ചരിത്രത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം.