Source: News Malayalam 24x7
IN DEPTH

എഥനോൾ കൊള്ളയിൽ നമ്മളും ഇരകളോ?

ഇന്ധന ഇറക്കുമതി ലാഭിക്കാനെന്ന പേരിൽ കരിമ്പിൻ നീരും മറ്റും ചേര്‍ത്ത് സർക്കാർ നടത്തുന്ന ഈ പരീക്ഷണത്തിൽ, വാഹനങ്ങളുടെ എഞ്ചിനുകൾ തകരുന്നതും മൈലേജ് കുത്തനെ ഇടിയുന്നതും വഴി കൊള്ളയടിക്കപ്പെടുന്നത് സാധാരണക്കാരുടെ പോക്കറ്റാണ്...

Author : പി.പി. പ്രശാന്ത്

ഇ20 പെട്രോളിൽ അനുവദനീയമായതിലും അപ്പുറം 31 ശതമാനത്തോളം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും, അതിനെ പ്രതിരോധിക്കാൻ എണ്ണക്കമ്പനികൾ നടത്തുന്ന തന്ത്രപരമായ ഒഴിഞ്ഞുമാറലുകളും നമ്മിൽ ഓരോരുത്തരിലും വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യാത്ത, നമ്മുടെ നിരത്തുകളിലോടുന്ന കോടിക്കണക്കിന് വരുന്ന സാധാരണ വാഹനങ്ങളിലേക്കാണ് യാതൊരുവിധ ശാസ്ത്രീയ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ ഈ ഉയർന്ന എഥനോൾ മിശ്രിതം എത്തുന്നത്. ഇന്ധന ഇറക്കുമതി ലാഭിക്കാനെന്ന പേരിൽ കരിമ്പിൻ നീരും മറ്റും ചേര്‍ത്ത് സർക്കാർ നടത്തുന്ന ഈ പരീക്ഷണത്തിൽ, വാഹനങ്ങളുടെ എഞ്ചിനുകൾ തകരുന്നതും മൈലേജ് കുത്തനെ ഇടിയുന്നതും വഴി കൊള്ളയടിക്കപ്പെടുന്നത് സാധാരണക്കാരുടെ പോക്കറ്റാണ്. ഒടുവിൽ വണ്ടി പണിമുടക്കുമ്പോൾ നഷ്ടപരിഹാരം പോലും ചോദിക്കാനാകാതെ, ഈ 'ഇന്ധന കുംഭകോണത്തിന്റെ' ബലിയാടുകളായി നമ്മളും മാറിക്കഴിഞ്ഞോ എന്ന ചോദ്യമാണ് ഇന്ന് ഓരോ വാഹന ഉടമയുടെയും മുന്നിലുള്ളത്.

ഇ20 തട്ടിപ്പിൽ നമ്മളും ഇരയായോ?

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യം രേഖപ്പെടുത്തിയതായി കർണാടക ഉപഭോക്തൃകാര്യ മന്ത്രി റിസ്‌വാൻ അർഷാദാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കർണാടകയിൽ ഇ-20 എന്ന പേരിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിനും മുകളിൽ എഥനോൾ കലർത്തുന്നതായും സംസ്ഥാന സർക്കാർ കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള വിവിധ ഇന്ധന പമ്പുകളിൽ നിന്നായി 63 പെട്രോൾ സാമ്പിളുകൾ ശേഖരിച്ചാണ് ഉപഭോക്തൃകാര്യ വകുപ്പ് പരിശോധന നടത്തിയത്. അംഗീകൃത ലാബുകളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തി. ഭാരത് പെട്രോളിയം സാമ്പിളുകളിൽ 26.5 ശതമാനവും സ്വകാര്യ കമ്പനികളായ നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവുമാണ് എഥനോളിന്റെ അളവ്. ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുക, കേടായ വാഹനങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 'ഇ-20 സ്പോയിലേജ് ഫണ്ട്' രൂപവത്കരിക്കുക, എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിലെ എഥനോൾ ശതമാനം വ്യക്തമായി പ്രദർശിപ്പിക്കുക, വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ യഥാർഥ വിവരങ്ങൾ പരസ്യപ്പെടുത്തുക എന്നീ ആവശ്യങ്ങൾ കർണാടക സർക്കാർ കേന്ദ്രത്തിനോട് ഉന്നയിച്ചിട്ടുണ്ട്.

എഥനോളിൽ രാഷ്ട്രീയ വിവാദം

കർണാടകയിലെ എഥനോൾ വിവാദവും ഇ20 പെട്രോൾ പദ്ധതിയും വലിയ സാമ്പത്തിക-രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രകാരം, വിപണിയിൽ വിലക്കുറവുള്ള എഥനോൾ ഉയർന്ന വിലയുള്ള പെട്രോളിൽ കലർത്തുമ്പോൾ ലഭിക്കുന്ന വൻ ലാഭം ഉപഭോക്താക്കൾക്ക് കൈമാറുന്നില്ലെന്നതാണ് പ്രധാന വിമർശനം. കർണാടകയിൽ നടത്തിയ പരിശോധനയിൽ ചിലതിൽ 31% വരെ എഥനോൾ കണ്ടെത്തിയത് ജനങ്ങളുടെ വണ്ടിയിൽ നിന്നുള്ള പെട്രോൾ മോഷണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിട്ടുണ്ട്. എഥനോൾ അളവ് കൂടുമ്പോൾ മൈലേജ് 10 % വരെ കുറയുകയും വാഹനങ്ങൾക്ക് എൻജിൻ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമെന്നും, ഇതിലൂടെ രാജ്യത്തെ വാഹന ഉടമകൾക്ക് ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കർണാടക സർക്കാരിന്റെ വാദം. മൈലേജ് കുറവ് സംഭവിക്കുമെന്ന് ​കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ സമ്മതിച്ചിട്ടുമുണ്ട്.

എന്നാൽ സംസ്ഥാന സർക്കാർ നടത്തിയ പരിശോധന ചട്ടങ്ങളും സാങ്കേതിക നടപടിക്രമങ്ങളും പാലിച്ചില്ലെന്നും ബിഐഎസ് ചട്ടപ്രകാരം 19 മുതൽ 21 % എഥനോൾ അടങ്ങിയ സുരക്ഷിതമായ ഇ20 പെട്രോളാണ് വിതരണം ചെയ്യുന്നതെന്നുമാണ് ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ സംയുക്ത വിശദീകരണം. ഒക്ടോബറിലെ തുടർപരിശോധനയിൽ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നാണ് കമ്പനികളുടെ ആരോപണം. പരിശോധനയിൽ ശേഖരിച്ച സാമ്പിളുകളുടെ സൂക്ഷിപ്പുപകർപ്പുകൾ, ഓരോ പെട്രോൾ പമ്പിലെയും വിശദാംശങ്ങൾ, ലബോറട്ടറി റിപ്പോർട്ടുകൾ എന്നിവ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും കമ്പനികൾ വ്യക്തമാക്കി.

ഇന്ധന പരിശോധന കേരളത്തിൽ പ്രഹസനമോ?

കർണാടകയിലെ സംഭവവികാസങ്ങൾ കേരളത്തിന് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല. കേരളത്തിലെ വാഹന ഉടമകളും കൃത്യമായും ഇതേ ഭീഷണി നേരിടുന്നുണ്ട്. രാജ്യവ്യാപകമായി എഥനോൾ മിശ്രിതം വർധിപ്പിച്ചു വരുന്ന ഈ സാഹചര്യത്തിൽ, വിതരണ ശൃംഖലയിലെ പാകപിഴവുകളോ കൃത്യമത്വങ്ങളോ മൂലം ഇന്ധനത്തിലെ എഥനോളിന്റെ അനുപാതം അനിയന്ത്രിതമായി ഉയരാൻ സാധ്യതയുണ്ട്. ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾക്കായി പ്രത്യേകം നിർമ്മിക്കാത്ത സാധാരണ ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിക്കുന്ന കേരളത്തിലെ സാധാരണക്കാരായ വാഹന ഉടമകൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടവും എഞ്ചിൻ തകരാറുകളും സമ്മാനിക്കും. കർണാടകയിൽ സംഭവിച്ചത് പോലെ ഇവിടെയും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ടോ എന്ന ആശങ്ക സ്വാഭാവികമായും ഉയരുന്നുണ്ട്. 1955ലെ അവശ്യവസ്തു നിയമപ്രകാരമുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ കൺട്രോൾ ഓർഡറും മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസും അനുസരിച്ച് പമ്പുകളിലെ ഇന്ധന ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും എണ്ണക്കമ്പനി പ്രതിനിധികളും ചേർന്ന് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധനകൾ നടത്തുന്നത് വല്ലപ്പോഴുമാണ്. അതും ഇന്ധന അളവും കാലി​ബ്രേഷനും പരിശോധിച്ച് ചടങ്ങ് തീർക്കുക മാത്രമല്ലാതെ മറ്റൊന്നും സംഭവിക്കാറില്ല. പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഔദ്യോഗിക ലബോറട്ടറികളിലേക്ക് അയച്ച് സാന്ദ്രത, എഥനോൾ ശതമാനം, മറ്റ് രാസഘടകങ്ങൾ എന്നിവ കൃത്യമായി അളക്കുന്ന തരത്തിലുള്ള വ്യാപകവും സ്ഥിരവുമായ പരിശോധനകൾ കേരളത്തിൽ നടക്കുന്നതായി വ്യക്തമായ റിപ്പോർട്ടുകളില്ല. ഏതായാലും കർണാടകയിൽ നടത്തിയതുപോലുള്ള എഥനോൾ അനുപാത പരിശോധനകൾ ഇവിടെ സ്ഥിരമായി നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.

എഥനോൾ വാഹനങ്ങൾക്ക് ഭീഷണി

ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതമടങ്ങിയ ഇന്ധനം രാജ്യത്തെ കോടിക്കണക്കിന് വാഹനങ്ങൾക്ക് വൻ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. 2023 ഏപ്രിൽ മാസത്തിന് മുൻപ് നിർമ്മിച്ചതും ഇ-20 സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമല്ലാത്തതുമായ 99 ശതമാനം വാഹനങ്ങളിലും ഈ ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിനുകളെ സാരമായി തകരാറിലാക്കുന്നുണ്ട്. എഥനോളിന്റെ ഈർപ്പം ആഗിരണം ചെയ്യുന്ന സവിശേഷത കാരണം ഇന്ധന ടാങ്കുകളിൽ തുരുമ്പെടുക്കാനും, റബ്ബർ ഗാസ്കറ്റുകളും ഫ്യുവൽ പൈപ്പുകളും പൊട്ടി ഇന്ധന ചോർച്ചയുണ്ടാകാനും ഇത് ഇടയാക്കുന്നു. മൈലേജും പവറും ഗണ്യമായി കുറയുന്നതിന് പുറമെ, ഫ്യുവൽ പമ്പുകളുടെ അകാലത്തിലുള്ള കേടുപാടുകളും വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ഈ അശാസ്ത്രീയ ഇന്ധന നയം മൂലം മൈലേജ് നഷ്ടപ്പെടുന്നത് വഴി മാത്രം വാഹന ഉടമകൾക്ക് പ്രതിവർഷം 62,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അറ്റക്കുറ്റപ്പണിച്ചെലവ് കൂടിയാകുമ്പോൾ ഈ നഷ്ടം ഒരു ലക്ഷം കോടി രൂപയോളം വരുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ധന പരിശോധന കർശനമാക്കണം

ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾക്കായി രൂപകൽപ്പന ചെയ്യാത്ത സാധാരണക്കാരുടെ വാഹനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഇത്തരം നയങ്ങൾ വൻ സാമ്പത്തിക ബാധ്യത സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മുന്നൊരുക്കങ്ങളോ സുതാര്യതയോ ഇല്ലാതെ നടപ്പിലാക്കുന്ന ഈ എഥനോൾ മിശ്രിതം സാധാരണക്കാരുടെ വാഹനങ്ങളെയും കീശയെയും ഒരുപോലെ തകർക്കുന്ന ചൂഷണമാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. ഇപ്പോൾ കർണാടകയിലെ പെട്രോളിൽ അനുവദനീയമായതിലും അധികം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലും, അതിനെതിരെ പൊതുമേഖലാ എണ്ണക്കമ്പനികൾ സ്വീകരിക്കുന്ന ഒഴിഞ്ഞുമാറുന്ന നിലപാടുകളും ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. അതേപോലെ കേരളത്തിൽ ഇത്തരത്തിൽ പരിശോധനകൾ നടക്കുന്നില്ലെന്ന യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു..ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യാത്ത സാധാരണ ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിക്കുന്ന സാധാരണക്കാർക്ക് മേലാണ് ഈ അശാസ്ത്രീയ നയങ്ങളുടെ ഭാരം മുഴുവൻ വന്നുപതിക്കുന്നത്. ഇന്ധന ഗുണനിലവാരത്തിലും വിതരണ ശൃംഖലയിലും കൃത്യമായ സുതാര്യത ഉറപ്പാക്കണമെന്നും, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ പുനഃപരിശോധിക്കണമെന്നും ഉള്ള ജനകീയമായ ആവശ്യങ്ങൾ അവഗണിക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതിനാൽ കർണാടകത്തിലെ എഥനോൾ വിവാദ പശ്ചാത്തലത്തിൽ കേരളത്തിൽ ഇത്തരത്തിൽ പരിശോധനകൾ കർശനമാക്കിയേ തീരൂ.

SCROLL FOR NEXT