NEWS MALAYALAM 24X7 
IN DEPTH

മലയാള സിനിമയില്‍ ബഹുദൂരം നടന്നു പോയ മനുഷ്യന്‍

മലയാളത്തിലെ ആദ്യ ഹാസ്യ ചിത്രമാണ് 1960 ല്‍ പുറത്തിറങ്ങിയ നീലി സാലി. ഉദയ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിലാണ് ബഹദൂര്‍ ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്

Author : നസീബ ജബീൻ

ബഹുദൂരം നടന്നു പോയ ആള്‍, ബഹദൂര്‍... മലയാള സിനിമയുടെ ഇന്നത്തെ പ്രേക്ഷകര്‍ക്ക് ആ പേര് അത്ര പരിചയമുണ്ടാകില്ല. 2000 സെപ്റ്റംബര്‍ 29 ന് പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം ജോക്കറിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ആ സിനിമ റിലീസാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് മെയ് 22 ന് ബഹദൂര്‍ എന്ന നടന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

അതിനു മുമ്പ് ബഹദൂര്‍ അഭിനയിച്ച ഒരുപാടൊരുപാട് സിനിമകളുണ്ട്, എണ്ണൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ന് പടര്‍ന്നു പന്തലിച്ച മലയാള സിനിമയുടെ ബാല്യത്തില്‍ സിനിമയെ കൈപിടിച്ചു നടത്തിയ കാരണവര്‍മാരില്‍ ഒരാള്‍ ബഹദൂറാണ്.

മലയാളത്തിലെ ആദ്യ ഹാസ്യ ചിത്രമാണ് 1960 ല്‍ പുറത്തിറങ്ങിയ നീലി സാലി. ഉദയ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിലാണ് ബഹദൂര്‍ ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ബഹദൂറിനൊപ്പം എസ്.പി. പിള്ള, കുട്ട്യേടത്തി വിലാസിനി, കാഞ്ചന, പി.ബി.പിള്ള, കുണ്ടറ ജോണ്‍, കുണ്ടറ ഭാസി, ബോബന്‍ കുഞ്ചാക്കോ എന്നിവര്‍ അഭിനയിച്ച സിനിമ. ഈ സിനിമയും അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല, പക്ഷെ, വര്‍ഷങ്ങള്‍ക്കിപ്പുറം സിത്താര പാടി ഹിറ്റാക്കിയ നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍... എന്ന ഗാനം ഈ ചിത്രത്തിലേതാണ്.. പി ഭാസ്‌കരന്‍ എഴുതി കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി മെഹബൂബും എ പി കോമളയും ചേര്‍ന്നാണ് ഈ പാട്ട് ആദ്യം ആലപിച്ചത്. നയാ പൈസയില്ല കൈയ്യില്‍ നയാ പൈസയില്ല എന്ന് നമ്മള്‍ ഇപ്പോഴും പാടുന്ന പാട്ടൊക്കെ ഈ സിനിമയിലേതാണ്.

സിനിമാ മോഹവുമായി കുഞ്ഞാലു ചെന്നെത്തിയത് തിരുവനന്തപുരത്താണ്. 1953 ല്‍ പുറത്തിറങ്ങിയ പ്രേം നസീറിന്റെ നാലാമത്തെ ചിത്രമായ അവകാശിയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി കുഞ്ഞാലുവും ഉണ്ടായിരുന്നു

മലയാള സിനിമയ്ക്ക് ആരായിരുന്നു കുഞ്ഞാലു എന്ന ബഹദൂര്‍. കൊടുങ്ങല്ലൂരില്‍ പടിയത്ത് ബ്ലാങ്ങാച്ചാലില്‍ കൊച്ചുമൊയ്തീന്‍ സാഹിബിന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ കൊച്ചു കദീജയുടേയും ഒമ്പത് മക്കളില്‍ മൂന്നാമനായി 1930 ല്‍ ജനനം. ഒരു ജ്യേഷഠന്‍, ഏഴ് സഹോദരിമാര്‍, ഇന്റര്‍മീഡിയേറ്റ് വരെ പഠിച്ച കുഞ്ഞാലു കുടുംബം നോക്കാനായി ആദ്യം പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി. ഇതിനിടയില്‍ നാടകം, അവിടെ നിന്ന് സിനിമയിലേക്ക്.... ദി റെസ്റ്റ് ഈസ് ഹിസ്റ്ററി.

സിനിമാ മോഹവുമായി കുഞ്ഞാലു ചെന്നെത്തിയത് തിരുവനന്തപുരത്താണ്. 1953 ല്‍ പുറത്തിറങ്ങിയ പ്രേം നസീറിന്റെ നാലാമത്തെ ചിത്രമായ അവകാശിയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി കുഞ്ഞാലുവും ഉണ്ടായിരുന്നു. ഈ സിനിമയില്‍ അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത് ഒരു ഗ്ലാസ് ചായയായിരുന്നു. 54 ല്‍ പുറത്തിറങ്ങിയ പുത്രധര്‍മത്തിലാണ് ബഹദൂറിന് മുഴുനീള വേഷം ലഭിക്കുന്നത്. ഈ സിനിമയിലൂടെ തിക്കുറിശ്ശിയാണ് കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് സമ്മാനിച്ചത്.... അങ്ങനെ മലയാള സിനിമയില്‍ ബഹദൂര്‍ ജനിച്ചു.

1972 ല്‍ മിസ് മേരി എന്ന സിനിമയിലെ സി പി ജംബുലിംഗം എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം. മാധവിക്കുട്ടിയിലെ കുട്ടപ്പന്‍ എന്ന വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. തുലാവര്‍ഷത്തിലെ അയ്യപ്പന്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.

ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ബഹദൂര്‍ അവതരിപ്പിച്ചു. വെറുമൊരു നടന്‍ എന്ന് മാത്രം ബഹദൂറിനെ വിശേഷിപ്പിക്കാനാകില്ല, നാടകത്തെ സ്നേഹിച്ച സിനിമയെ സ്നേഹിച്ച സാധാരണക്കാരന്‍... നടനെന്ന നിലയില്‍ ബഹദൂര്‍ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും സാമ്പത്തികമായി കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ജീവിതത്തില്‍ സിനിമാക്കാരന്‍ മാത്രമായിരുന്നില്ല ബഹദൂര്‍, പല വേഷങ്ങള്‍ അദ്ദേഹം കെട്ടിയിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും പരാജയങ്ങളായിട്ടായിരുന്നു അവസാനിച്ചത്.

ബഹദൂറിന്റെ നേതൃത്വത്തില്‍ നാഷണല്‍ തിയേറ്റേഴ്സ് എന്ന പേരില്‍ നാടക കമ്പനിയുണ്ടായിരുന്നു. ബല്ലാത്ത പഹയന്‍', 'മാണിക്യക്കൊട്ടാരം', 'ബര്‍മ്മാബോറന്‍', 'അടിയന്തരാവസ്ഥ' തുടങ്ങിയ നാടകങ്ങളെല്ലാം അവതരിപ്പിച്ചത് നാഷണല്‍ തിയേറ്റേഴ്സ് ആണ്. 1970-ല്‍ എറണാകുളത്ത് ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര വിതരണ സ്ഥാപനവും അദ്ദേഹം തുടങ്ങിയിരുന്നു. അമിതാബ് ബച്ചനും മധുവും അഭിനയിച്ച സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം തിയേറ്ററിലെത്തിച്ചതും യൂസഫലി കെച്ചേരിയുടെ സിന്ദൂരച്ചെപ്പ്, മരം എന്നീ ചിത്രങ്ങള്‍ക്കും പിഎംഎ അസീസിന്റെ മാന്‍പേട എന്ന ചിത്രത്തിനും സാമ്പത്തിക സഹായം നല്‍കിയതും ഇതിഹാസ് പിക്ചേഴ്സായിരുന്നു. നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതിനപ്പുറം സിനിമാ ഷോ ബിസിനസ് ആയതിനാല്‍ തന്നെ ഇതിഹാസ് പിക്ചേഴ്സിന് അധികം ആയുസ്സുണ്ടായിരുന്നില്ല, നഷ്ടത്തിലായ കമ്പനി പിന്നീട് അടച്ചു പൂട്ടി. സിനിമാ നിര്‍മാണ രംഗത്തും ബഹദൂര്‍ കൈവെച്ചിരുന്നു. ഭരതന്റെ ആരവം, മാന്‍പേട എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് ബഹദൂര്‍ ആയിരുന്നു. ഈ സംരഭവും സാമ്പത്തികമായി പരാജയമായി. പിന്നീട് തിരുവനന്തപുരം നേമത്ത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയും ലാബും തുടങ്ങി. പക്ഷെ, അപ്പോഴും ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നില്ല, ലാബിന്റെ പണിയെല്ലാം പൂര്‍ത്തിയായപ്പൊഴേക്കും മലയാള സിനിമ കറുപ്പും വെള്ളയില്‍ നിന്ന് കളറിലേക്ക് എത്തി, അതോടെ, ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെട്ട് അതും പൊളിഞ്ഞു.

അവസാനം അഭിനയിച്ച ജോക്കറില്‍ സര്‍ക്കസ് കമ്പനിയിലെ ജോക്കറായാണ് ബഹദൂര്‍ എത്തുന്നത്. സര്‍ക്കസ് കമ്പനിയിലെ മനോരോഗിയായ അബൂക്ക എന്ന ജോക്കര്‍ ദിലീപിന്റെ ബാബുവിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, കോമാളിയുടെ കണ്ണീര് മനസ്സിലിരുന്നാ മതി, നെഞ്ചിന് തീപിടിച്ചാലും ചിരിക്കണം തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടിയിട്ടും അരനൂറ്റാണ്ടു കാലം കാണികളെ ചിരിപ്പിച്ച നടന്‍ അയാളുടെ അവസാന സിനിമയില്‍ പറഞ്ഞുവെച്ച വാക്കുകള്‍...

ഞാന്‍ ബഹദൂര്‍ എന്ന ആത്മകഥയില്‍ സിനിമയ്ക്കുള്ളിലും പുറത്തും നേരിട്ട നല്ലതും മോശവുമായ അനുഭവങ്ങളെ കുറിച്ചും പ്രാരാബ്ധക്കാരനായ സിനിമാ നടന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്, സിനിമയേയും സിനിമാക്കാരേയും സ്നേഹിക്കുന്നവരും സിനിമാക്കഥകള്‍ ഇഷ്ടപ്പെടുന്നവരും ഈ ആത്മകഥ വായിക്കണം... ബഹദൂര്‍ എന്ന മനുഷ്യനെയും മലയാള സിനിമയേയും അറിയാനായി. ബഹദൂര്‍ മലയാള സിനിമയും ഈ ലോകവും വിട്ടുപോയിട്ട് ഇക്കഴിഞ്ഞ മെയ് 22 ന് കാല്‍നൂറ്റാണ്ട് പിന്നിട്ടു.

സിനിമയില്‍ രണ്ട് തരത്തിലുള്ള അഭിനേതാക്കളേ ഉള്ളൂ, നല്ല നടീനടന്മാരും, മോശം അഭിനേതാക്കളും... നായികാ നായക പദവിയോ മാസ് സീനോ ഡയലോഗോ ഒന്നുമല്ല ഒരു അഭിനേതാവിനെ നിര്‍ണയിക്കുന്നത്, അവതരിപ്പിക്കുന്ന കഥാപാത്രമായി മാത്രം പ്രേക്ഷകര്‍ക്ക് അയാളെ കാണാനാകുമ്പോഴാണ്...

കൊടുങ്ങല്ലൂരിലെ കാര കാതിയാളം ജുമാ മസ്ജിദിലെ കബര്‍സ്ഥാനില്‍ ഇരുപത്തിയഞ്ചു വര്‍ഷമായി ആ മഹാ മനുഷ്യന്‍ അന്തിയുറക്കത്തിലാണ്...ജീവിതത്തിലെ തിരിച്ചടികളിലൂടെ ബഹുദൂരം നടന്ന് ബ്ലോക്ക്ബസ്റ്ററാക്കിയ തന്റെ ജീവിതം മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സമര്‍പ്പിച്ച്...

SCROLL FOR NEXT