IN DEPTH

ചാന്‍സലര്‍ക്ക് 'ഗോബാക്ക്': കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ-ഗവര്‍ണര്‍ പോര്

ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സനാതന ധര്‍മ്മ പീഠത്തിന്റെ ശിലാസ്ഥാപന വേദിക്കരികിലായി എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനര്‍ ചാന്‍സലര്‍ പൊലീസിനെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ നീക്കം ചെയ്തു.

Author : കവിത രേണുക


കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. സംഘി ചാന്‍സലര്‍ ഗോബാക്ക് എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങളുമായി ബാനറുകളും കരിങ്കൊടി പ്രതിഷേധങ്ങളും എസ്എഫ്‌ഐ ഉയര്‍ത്തി.

ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സനാതന ധര്‍മ്മ പീഠത്തിന്റെ ശിലാസ്ഥാപന വേദിക്കരികിലായി എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനര്‍ ചാന്‍സലര്‍ പൊലീസിനെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ നീക്കം ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ബാനറുകളാണ് വീണ്ടും എസ്എഫ്‌ഐ ഉയര്‍ത്തിയത്. ഇന്നും ക്യാംപസിനകത്ത് ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ നടത്തി.

എസ്എഫ്‌ഐ നടപടിയെ രൂക്ഷമായാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചത്. പ്രതിഷേധിക്കാന്‍ അവകാശമുള്ളപ്പോഴും എസ്എഫ്‌ഐ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. അവര്‍ വടിയെടുത്ത് തന്റെ വാഹനത്തിന് നേരെയാണ് വരുന്നത്. അക്രമം അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.


'സംഘി ചാന്‍സലര്‍ നോട്ട് വെല്‍കം ഹിയര്‍', 'സംഘി ചാന്‍സലര്‍ ഗോ ബാക്ക്' എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഉയര്‍ത്തിയത്. സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റിദ്ദാക്കിയ വിധിയുടെ ചുവടു പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള-കാലിക്കറ്റ് സര്‍വകാലാശാലകളില്‍ അഞ്ച് പേരെ നോമിനേറ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. 2023 ഡിസംബര്‍ 21ന്, സംഘപരിവാര്‍ നോമിനികളെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിടില്ലെന്ന് അറിയിച്ച് ഒന്‍പത് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞ് പ്രതിഷേധിച്ചു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നായിരുന്നു എസ്എഫ്‌ഐ ആരോപണം.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറും വിദ്യാര്‍ഥി സംഘടനയും തമ്മിലുള്ള സംഘര്‍ഷം. കഴിഞ്ഞ ഡിസംബറില്‍ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പുറപ്പെടവെ മൂന്നിടത്ത് വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതായിരുന്നു എസ്എഫ്‌ഐയും ഗവര്‍ണറും തമ്മിലുള്ള പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം.


അന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഗവര്‍ണര്‍, പ്രതിഷേധിച്ച വിദ്യാര്‍ഥികളെ 'ബ്ലഡി ക്രിമിനല്‍സ്' എന്നാണ് വിളിച്ചത്. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയിരുന്നു.

ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതിന് പിന്നാലെ എസ്എഫ്‌ഐയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു തുറന്ന പോരിലേക്ക് എത്തുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രസ്താവനയായിരുന്നു ഇതിന് കാരണം.

ചാന്‍സലറായ ഗവര്‍ണറെ കേരളത്തിലെ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നുമായിരുന്നു ആര്‍ഷോയുടെ പ്രഖ്യാപനം. എന്നാല്‍ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ നേതാക്കളുടെ പ്രസ്താവന, തനിക്കെതിരെയുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.


ഇതിനിടെ കാലടി സര്‍വകലാശാലയിലും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനറുയര്‍ത്തി. 'ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറേ' എന്നായിരുന്നു എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനര്‍.

പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയില്‍ സെമിനാര്‍ ഉദ്ഘാടനത്തിനായി എത്തുമെന്ന് അറിയിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ക്യാംപസിലെ എസ്എഫ്‌ഐ തീരുമാനിക്കുന്നു. അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമിസിക്കുമെന്ന് അറിയിച്ച ഗവര്‍ണര്‍ പിന്നീട് ആ തീരുമാനം മാറ്റി സര്‍വകലാശാലയ്ക്കകത്തെ ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് പരിപാടി നിശ്ചയിച്ചതിന് രണ്ട് ദിവസം മുമ്പ് തന്നെ ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തി.


എങ്കിലും വിചാരിച്ച പോലെ പ്രതിഷേധങ്ങള്‍ വിദ്യാര്‍ഥി സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആവശ്യപ്പെട്ടതു പ്രകാരം ക്യാംപസിനകത്തുള്ള ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ പൊലീസുകാരെ കൊണ്ടുതന്നെ അദ്ദേഹം അഴിപ്പിച്ചു മാറ്റി. എന്നാല്‍ ഇതില്‍ ഒന്നും അടങ്ങാത്ത എസ്എഫ്‌ഐക്കാര്‍ വീണ്ടും ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

എന്നാല്‍ മറ്റു പ്രതിഷേധങ്ങള്‍ ഒന്നും തന്നെ നടക്കാതായതോടെ ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലേക്ക് എത്തുകയും, സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞു മിഠായി തെരുവിലൂടെ നടന്ന് വിവിധ കടകളില്‍ കയറുകയും ഹല്‍വ രുചിക്കുകയും ആളുകളോട് സംസാരിക്കുകയുമൊക്കെ ചെയ്തു ഗവര്‍ണര്‍ വാര്‍ത്താപ്രാധാന്യം നേടി.


എസ്എഫ്‌ഐക്കാര്‍ക്ക് നേരിടേണ്ടത് തന്നെയാണെങ്കില്‍ വന്ന് നേരിട്ടോളൂ എന്ന സമീപനത്തോടെയാണ് ഗവര്‍ണര്‍ സുരക്ഷ പോലും മറികടന്ന് തെരുവിലൂടെ നടന്നത്. എന്നാല്‍ പ്രത്യേകിച്ച് പ്രതിഷേധത്തിന് എസ്എഫ്‌ഐ മുതിര്‍ന്നില്ല. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം നടന്നത്.

SCROLL FOR NEXT