നരേന്ദ്ര മോദി Source: News Malayalam 24x7
IN DEPTH

പ്രധാനമന്ത്രി 'മുണ്ട് മുറുക്കിയുടുക്കാന്‍' പറയുമ്പോള്‍; സംഭവിക്കുന്നത് വലിയ പ്രതിസന്ധിയോ?

സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, വിദേശയാത്രകൾ മാറ്റിവെക്കുക, വര്‍ക്ക് ഫ്രം ഹോം ചെയ്യുക എന്നിവ ഈ നിര്‍ദേശങ്ങളില്‍ ഉൾപ്പെടുന്നു.

Author : വിപിന്‍ വി.കെ

ദില്ലി: ഇറാന്‍ യുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ കുത്തനെ ഉയരുന്ന ക്രൂഡ് ഓയിൽ വിലയും മൂലം രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന പരിപാടിയിലാണ് മോദി ഇന്ത്യക്കാരോട് ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തത്.

സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, വിദേശയാത്രകൾ മാറ്റിവെക്കുക, വര്‍ക്ക് ഫ്രം ഹോം ചെയ്യുക എന്നിവ ഈ നിര്‍ദേശങ്ങളില്‍ ഉൾപ്പെടുന്നു. പശ്ചിമേഷ്യയിലെ ദീർഘകാല സംഘർഷത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലകൾ സമ്മർദ്ദത്തിലായതിനാൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഇന്ത്യ ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രധാന മുന്നറിയിപ്പ്.

ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ആഴ്ചകളായി ഭാഗികമായി തടസ്സപ്പെട്ട നിലയിൽ തുടരുന്നതോടെ രാജ്യത്തെ ഇന്ധന ലഭ്യത പ്രതിസന്ധിയിലാണ്. അടുത്തിടെയാണ് രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില കുത്തനെ കൂട്ടിയത്.

രാജ്യം ഇന്ധന പ്രതിസന്ധിയിലേക്കോ?

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇറാന്റെ പുതിയ സമാധാന നിർദേശങ്ങൾ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് മോദിയുടെ 'മുണ്ട് മുറുക്കിയുടുക്കല്‍' ആഹ്വാനം. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലെത്തിയിട്ടുണ്ട് ഇപ്പോള്‍. ലോകമെമ്പാടും പണപ്പെരുപ്പത്തെയും ഊർജസുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ശക്തവുമാണ്. ഇന്ത്യ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ആഗോള എണ്ണവില വർധനവിന്റെ ശക്തമായ ആഘാതമാണ് രാജ്യം നേരിടുന്നത് എന്നത് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ വ്യക്തമാണ്. കഴിഞ്ഞ ആഴ്ചകളിലായി അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ഇന്ധന ഉപഭോഗം കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും കോവിഡ്-19 കാലത്ത് സ്വീകരിച്ച ശീലങ്ങൾ രാജ്യം വീണ്ടും പിന്തുടരണമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. “കൊറോണ കാലത്ത് നാം വർക്ക് ഫ്രം ഹോം, വർച്ച്വൽ മീറ്റിംഗുകൾ, വീഡിയോ കോൺഫറൻസിംഗ് തുടങ്ങി നിരവധി രീതികൾ പരിചയിച്ചു. അവയോട് നമുക്ക് അപരിചിത്വം ഇല്ല. ഇപ്പോഴത്തെ ആവശ്യകത ആ രീതികൾ വീണ്ടും ആരംഭിക്കുക എന്നാണ്” മോദി ഹൈദരാബാദിലെ ബിജെപി സമ്മേളനത്തില്‍ പറഞ്ഞു.

മെട്രോ റെയിൽ സേവനങ്ങൾ ഉപയോഗിക്കുക, കാർപൂളിംഗ് നടത്തുക, കഴിയുന്നിടത്തോളം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക എന്നിവ വഴി പെട്രോൾ-ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഇന്ധന ഉപഭോഗം കൂടുതലുള്ള റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ചരക്ക് ഗതാഗതം റെയിൽവേയിലേക്ക് മാറ്റണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം മാര്‍ച്ച് ആദ്യം ആരംഭിച്ച പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിന് പിന്നാലെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ തുടരുകയാണെങ്കിൽ എണ്ണവില മാസങ്ങളോളം ഉയർന്ന നിലയിൽ തുടരാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ നിലവിൽ വൻ നഷ്ടം സഹിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

സ്വര്‍ണ്ണം വാങ്ങരുത്.. എന്തുകൊണ്ട്..

ഇന്ത്യക്കാർ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചതാണ് ഈ മുന്നറിയിപ്പുകളില്‍ ശ്രദ്ധേയമായ ഒന്ന്. ആഗോള പ്രതിസന്ധിക്കാലത്ത് സ്വർണ ഇറക്കുമതി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് അധിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“വിദേശനാണ്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് സ്വർണവാങ്ങൽ. ദേശീയ താൽപര്യം മുൻനിർത്തി ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യണം” നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാഹങ്ങളും ഉത്സവസീസണുകളും വരുമ്പോൾ സ്വർണവാങ്ങൽ ഗണ്യമായി ഉയരാറുണ്ട്. സ്വർണം കൂടുതലായും ഇറക്കുമതി ചെയ്യുന്നതിനാൽ ആവശ്യകത വർധിക്കുമ്പോൾ ഡോളർ പുറത്തേക്കുള്ള ഒഴുക്ക് കൂടുകയും രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയരുകയും ചെയ്യുന്നു.

അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ, വിദേശ അവധിക്കാലങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ എന്നിവയും ഒരു വർഷത്തേക്ക് മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു, വിദേശനാണ്യ ചെലവ് കുറയ്ക്കുന്നതിനായാണ് ഈ നിർദേശം.

“വിദേശത്ത് വിവാഹം നടത്തുക, വിദേശയാത്രകൾ നടത്തുക, അവധി ആഘോഷിക്കുക എന്നീ പ്രവണതകൾ മധ്യവർഗത്തിനിടയിൽ വ്യാപകമാകുകയാണ്. ഈ പ്രതിസന്ധിക്കാലത്ത് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും വിദേശയാത്രകൾ മാറ്റിവെക്കണം" മോദി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള സ്വർണവിലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സംഘര്‍ഷത്തിലെ ഒരു സമാധാന ശ്രമം പരാജയപ്പെടുന്നതും വിപണിയില്‍ വന്‍ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നു. അത് കറന്‍സിയിലും സ്റ്റോക്കിലും പ്രതിഫലിക്കുകയാണ്. അതിനാല്‍ തന്നെ യുദ്ധങ്ങളോ ആഗോള അനിശ്ചിതത്വങ്ങളോ ഉണ്ടായാൽ നിക്ഷേപകർ ഒഴുകുന്ന സുരക്ഷിത നിക്ഷേപം സ്വര്‍ണ്ണത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. എന്നാൽ നിലവിലെ സംഘർഷം കൂടുതൽ സങ്കീർണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം കുത്തനെ ഉയരുന്ന ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ദീർഘകാല പണപ്പെരുപ്പത്തിന്റെയും ഉയർന്ന പലിശനിരക്കുകളുടെയും ആശങ്കകൾ വർധിപ്പിക്കുകയാണ്.

സ്വര്‍ണ്ണം ചോര്‍ത്തുന്ന വിദേശ നാണ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ഇറാന്റെ പുതിയ സമാധാന നിർദേശങ്ങൾ തള്ളിക്കളഞ്ഞതിന് പിന്നാലെ എണ്ണവില വീണ്ടും ഉയർന്നു. ആഗോള എണ്ണഗതാഗതത്തിലെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ വർധിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഉയർന്ന എണ്ണവില ലോകമെമ്പാടും പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുന്നതിനാൽ അമേരിക്കൻ ഫെഡറൽ റിസർവ് പോലുള്ള കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ നിലനിർത്താൻ സാധ്യതയുണ്ട്.

ഇത് സ്വർണത്തെ പ്രതികൂലമായി ബാധിക്കുന്നു. കാരണം സ്വർണം പലിശയോ വരുമാനമോ നൽകുന്ന നിക്ഷേപമല്ല. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ നിക്ഷേപകർ സാധാരണയായി ബോണ്ടുകൾ പോലുള്ള പലിശ ലഭിക്കുന്ന ആസ്തികളിലേക്കാണ് കൂടുതൽ തിരിയുന്നത്. അതിന്റെ ഫലമായി, യുദ്ധസാഹചര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും തിങ്കളാഴ്ച സ്വര്‍ണ്ണ വില ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില ഉയർന്നതും അമേരിക്കൻ ഡോളർ ശക്തമായതുമാണ് ഇതിന് കാരണം. റോയിട്ടേര്‍സ് റിപ്പോർട്ട് പ്രകാരം, ഉടൻ സമാധാനകരാർ ഉണ്ടാകുമെന്ന പ്രതീക്ഷകൾ മങ്ങിയതിനെ തുടർന്ന് സ്പോട്ട് ഗോൾഡ് വില ഏകദേശം 0.6 ശതമാനം താഴ്ന്നിട്ടുണ്ട്.

വിദഗ്ധര്‍ പറയുന്നതനുസരിച്ച്, സ്വർണവില ഇപ്പോൾ രണ്ട് വിരുദ്ധ ഘടകങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുകയാണ്:

• പശ്ചിമേഷ്യയിലെ വ്യാപകമായ സംഘർഷ സാധ്യതയും സംഘർഷങ്ങളും സ്വർണത്തിനുള്ള “സേഫ് ഹേവൻ” ആവശ്യകത ഉയർത്തുന്നു.

• എന്നാൽ ഉയർന്ന എണ്ണവില, പണപ്പെരുപ്പ ആശങ്കകൾ, ദീർഘകാല ഉയർന്ന പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ സ്വർണവിലയിലെ ഉയർച്ച നിയന്ത്രിക്കുകയും ഇടയ്ക്കിടെ വില ഇടിവുകൾക്കും കാരണമാകുകയും ചെയ്യുന്നു.

ഇന്ത്യന്‍ അവസ്ഥയില്‍ നോക്കുമ്പോള്‍ ആഗോള സ്വർണവില വർധിക്കുന്നത് അധിക സാമ്പത്തികഭാരമാണ് സൃഷ്ടിക്കുന്നത്. കാരണം ഇന്ത്യയുടെ സ്വർണാവശ്യത്തിന്റെ ഭൂരിഭാഗവും വിദേശനാണ്യം ഉപയോഗിച്ച് ഇറക്കുമതി ചെയ്യുന്നതാണ്. ഉയർന്ന ക്രൂഡ് ഓയിൽ വിലയുള്ള സമയത്ത് സ്വർണ ഇറക്കുമതി കൂടുന്നത് വ്യാപാര കമ്മി വർധിപ്പിക്കുകയും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിനും രൂപയ്ക്കും കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇതുതന്നെയാണ് തുടരുന്ന ആഗോള പ്രതിസന്ധിക്കിടെ സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കാനും അത്യാവശ്യമല്ലാത്ത ഇറക്കുമതികൾ കുറയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർഥിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

മറ്റ് നിര്‍ദേശങ്ങളും വിമര്‍ശനവും

ഇന്ധന സംരക്ഷണവും ഇറക്കുമതി കുറയ്ക്കലും മാത്രമല്ല ഭക്ഷ്യഎണ്ണ ഉപഭോഗം കുറയ്ക്കുക, രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, പ്രകൃതി കൃഷിയും സ്വദേശി ഉൽപ്പന്നങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കും മോദി ആഹ്വാനം ചെയ്തു.

“ഏത് മാർഗത്തിലൂടെയും വിദേശനാണ്യം സംരക്ഷിക്കണം,” അദ്ദേഹം പറഞ്ഞു. ആഗോള പ്രതിസന്ധിക്കാലത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള വിപണികളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായിരിക്കുമ്പോഴും കേന്ദ്ര സർക്കാർ ഇതുവരെ പെട്രോൾ-ഡീസൽ വില വര്‍ദ്ധിപ്പിക്കാതെ തല്‍സ്ഥിതി തുടരുകയാണ്. എന്നാൽ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഇന്ധനവിൽപ്പന കമ്പനികൾക്ക് അനന്തകാലം നഷ്ടം സഹിക്കാൻ കഴിയില്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. അതിനാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സ്ഥിതിക്ക് ഉടന്‍ ഇന്ധന വില വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

എന്നാല്‍ മോദിയുടെ ആഹ്വാനത്തെ തള്ളുകയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോദിയുടെ അഹ്വാനങ്ങളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. "12 വർഷത്തിനിപ്പുറം, എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നു.

ഓരോ തവണയും ഉത്തരവാദിത്തങ്ങൾ ജനങ്ങളുടെ മേൽ കെട്ടിവെക്കുന്നതിലൂടെ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് അവർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുന്നു. രാജ്യം ഭരിക്കുക എന്നത് വിട്ടുവീഴ്ചകൾ ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെക്കൊണ്ട് സാധ്യമാകുന്ന ഒന്നല്ല." എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേ സമയം വിമർശനങ്ങൾ ഉയർന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചു. ഇന്ത്യയെ ഊർജസുരക്ഷയുള്ളതും സ്വയംപര്യാപ്തവുമായ രാജ്യമാക്കാനുള്ള “ദീര്‍ഘദര്‍ശിയായ പദ്ധതി” ആണിതെന്ന് അമിത് ഷാ വിശേഷിപ്പിച്ചു.

SCROLL FOR NEXT