IN DEPTH

ഫ്‌ളെക്സ് ഫ്യുവല്‍ ആണോ ഭാവി ഇന്ധനം?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിരുന്നു

Author : പി.പി. പ്രശാന്ത്

ഇന്ത്യയുടെ വാഹന മേഖല വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ബദല്‍ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി E85, E100 ഇന്ധനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2026 ജൂണ്‍ 12-നാണ് ഇതിന് അനുമതി നല്‍കികൊണ്ടുള്ള നിയമങ്ങളില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഒപ്പുവെച്ചത്. 2026 ഡിസംബറോടെ 500 പമ്പുകളിലേക്കും 2027 ഓടെ 5,000 പമ്പുകളിലേക്കും ഈ ഇന്ധനത്തിന്റെ ലഭ്യത വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിക്ക് ദോഷം കുറവാണെങ്കിലും, ഇതിന്റെ നിര്‍മ്മാണത്തിനായി വേണ്ട വിളകളുടെ ലഭ്യതയും, ഫ്ളെക്സ് ഫ്യുവലില്‍ പ്രവര്‍ത്തിക്കാനായി പ്രത്യേകം നിര്‍മ്മിച്ച വാഹനങ്ങള്‍ ആവശ്യമാണെന്നതും പോലുള്ള വെല്ലുവിളികളും E85, E100 ഫ്ളെക്സ് ഫ്യുവലുകള്‍ക്കുണ്ട്. ഇതുകൊണ്ടൊക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ഇന്ധനനയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.

ഫ്ളെക്സ് ഫ്യുവല്‍ ആണോ ഭാവി ഇന്ധനം?

ന്യൂഡല്‍ഹിയിലെ പൂസാ റോഡിലുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്നും 'E 85' എന്ന പുതിയ ഇന്ധനം വാഹനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനുമുള്ള ഒരു സുപ്രധാനമായ നടപടിയായിട്ടാണ് ഇന്ത്യയില്‍ E85 അവതരിപ്പിക്കപ്പെട്ടത്. സസ്യങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു തരം ആല്‍ക്കഹോളാണ് ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ എന്ന് അറിയപ്പെടുന്നത്. കരിമ്പ്, ചോളം എന്നിവയില്‍ നിന്നാണ് ഇന്ത്യയില്‍ ഇത് പ്രധാനമായും വന്‍തോതില്‍ ഉത്പാദിപ്പിച്ചു വരുന്നത്. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിരുന്നു.

1908ല്‍ ഹെന്റി ഫോര്‍ഡ് തന്റെ 'മോഡല്‍ ടി' കാറുകള്‍ എഥനോളിലോ ഗ്യാസോലിനിലോ അല്ലെങ്കില്‍ ഇവ രണ്ടിന്റെയും മിശ്രിതത്തിലോ ഓടിക്കാന്‍ പാകത്തിലാണ് രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ അക്കാലത്ത് വിലകുറഞ്ഞ പെട്രോളിയത്തിന്റെ വരവോടെ എഥനോള്‍ പിന്നന്തള്ളപ്പെട്ടു. പിന്നീട് 1970-കളിലും 1980-കളിലും ഉണ്ടായ ആഗോള എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന്, വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ബ്രസീലും അമേരിക്കയും പോലുള്ള രാജ്യങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാവുന്ന ഇന്ധനങ്ങളെക്കുറിച്ച് ഊര്‍ജ്ജിതമായി ഗവേഷണങ്ങള്‍ തുടങ്ങി. 1992-ല്‍ യു.എസ്. കോണ്‍ഗ്രസ് എനര്‍ജി പോളിസി ആക്ട്' പാസാക്കുകയും, 85% വരെ എഥനോളും 15% പെട്രോളും അടങ്ങിയ മിശ്രിതത്തെ 'E85' എന്ന പേരില്‍ ഔദ്യോഗികമായി ഒരു ബദല്‍ ഇന്ധനമായി പ്രഖ്യാപിക്കുകയും ചെയ്തു. 1990-കളുടെ മധ്യത്തോടെ, പ്രമുഖ ആഗോള വാഹന നിര്‍മ്മാതാക്കള്‍ E85 ഇന്ധനത്തിന്റെ പ്രത്യേകതകള്‍ക്ക് അനുയോജ്യമായ 'ഫ്‌ലെക്‌സിബിള്‍-ഫ്യുവല്‍ വാഹനങ്ങള്‍' വന്‍തോതില്‍ ഉത്പാദിപ്പിച്ചുതുടങ്ങി.

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് E 85' അല്ലെങ്കില്‍ E100 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മലിനീകരണം കുറവാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങളാണ് പ്രധാനമായി പുറംതള്ളുന്നത്. എന്നാല്‍, E100, E 85 ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇത്തരം ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ മലിനീകരണം ഗണ്യമായി കുറവായത് കാരണം വാഹങ്ങളുടെ കാര്‍ബണ്‍ ഫുട്പ്രിന്റ് ഗണ്യമായി കുറയുന്നു. അസംസ്‌കൃത എണ്ണയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം. E100 ഇന്ധനത്തിന്റെ വരവ് കാര്‍ഷിക മേഖലയ്ക്ക് വലിയ കുതിപ്പ് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എഥനോള്‍ നിര്‍മ്മാണത്തിനായി കരിമ്പ്, ചോളം പോലെയുള്ള വിളകളും വിവിധ കാര്‍ഷികോത്പന്നങ്ങളുടെ അവശിഷ്ടങ്ങളും ആവശ്യമായി വരുന്നതിനാല്‍ ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കാര്‍ഷിക മേഖല കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സാധാരണ പെട്രോള്‍ വാഹനങ്ങളില്‍ പക്ഷെ E100, E 85 ഇന്ധനങ്ങള്‍ ഉപയോഗിക്കാനാവില്ല. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍, എഞ്ചിനിലും ഇന്ധന പൈപ്പുകളിലും പ്രത്യേക മാറ്റങ്ങള്‍ വരുത്തി രൂപകല്‍പ്പന ചെയ്ത 'ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങളില്‍' മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. രാജ്യത്ത് E 85 പെട്രോള്‍ അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ തന്നെ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയും ടാറ്റയും ടോയോട്ടയും അവരുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഉടന്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍സ് ഫ്‌ലെക്‌സ് ഫ്യുവലില്‍ ഓടിക്കാവുന്ന രണ്ട് മോഡലുകള്‍ ജൂലൈ ആദ്യം വിപണിയിലെത്തിക്കും. പെട്രോളിനേക്കാള്‍ ലിറ്ററിന് 20 മുതല്‍ 30 രൂപ വരെ കുറവാണ് എഥനോള്‍ ഇന്ധനത്തിനുള്ളത്. നിലവില്‍ ഡല്‍ഹിയില്‍ ലിറ്ററിന് 82.12 രൂപയും മുംബൈയില്‍ 91.18 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍, ഈ കുറഞ്ഞ വില ഉപഭോക്താവിന്റെ കീശയില്‍ ലാഭമുണ്ടാക്കുമെന്ന് പറയാന്‍ കഴിയില്ല. എഥനോളിന്റെ ഊര്‍ജസാന്ദ്രത പെട്രോളിനേക്കാള്‍ കുറവായതിനാല്‍, മൈലേജില്‍ 20 മുതല്‍ 30 ശതമാനം വരെ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് സാധാരണ മോഡലുകളെക്കാള്‍ 7% മുതല്‍ 10% വരെ വില അധികം നല്‍കേണ്ടതുണ്ട്. നിലവിലെ പെട്രോള്‍ വിലയുടെ ഏകദേശം 70 ശതമാനം നിരക്കില്‍ എഥനോള്‍ ലഭിച്ചാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഇത് സാമ്പത്തികമായി ലാഭകരമാകൂ.

നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കാന്‍ ഏകദേശം മൂവായിരത്തോളം ലിറ്റര്‍ വെള്ളം ആവശ്യമാണ്. കുടിവെള്ളത്തിന് പോലും ക്ഷാമമുള്ള ഇന്ത്യയില്‍, ജലസമ്മര്‍ദ്ദമുള്ള മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കരിമ്പ് അധിഷ്ഠിത എഥനോള്‍ നിര്‍മ്മാണം വ്യാപിപ്പിക്കുന്നത് വലിയ പാരിസ്ഥിതിക വിപത്തായി മാറിയേക്കാം. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക കുറവാണെന്ന ഒറ്റക്കാര്യം പറഞ്ഞ് എഥനോളിനെ ഹരിത ഇന്ധനമായി വിശേഷിപ്പിക്കുന്നത് കാപട്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷി, അമിത ജലചൂഷണം, രാസവളപ്രയോഗം, സംസ്‌കരണം എന്നീ ഘട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് പരിസ്ഥിതിക്ക് കടുത്ത ദോഷമാവും ഉണ്ടാക്കുക. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ പ്രൊഫ. മാര്‍ക്ക് ഇസഡ്. ജേക്കബ്‌സണ്‍ നടത്തിയ ഗവേഷണപ്രകാരം, E 85 കത്തുമ്പോള്‍ 'അസെറ്റാല്‍ഡിഹൈഡ്' പോലുള്ള മാരകമായ രാസവസ്തുക്കള്‍ സാധാരണ പെട്രോളിനേക്കാള്‍ വളരെ കൂടുതല്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു എന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പഠനവും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.

ഈ ഇന്ധന നയത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാരല്ല, മറിച്ച് കോര്‍പ്പറേറ്റ് പഞ്ചസാര ലോബികളാണെന്ന ആരോപണവും ശക്തമാണ്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കുടുംബത്തിന് മാനസ് ആഗ്രോ പോലെയുള്ള എഥനോള്‍ ഉത്പാദന കമ്പനികളിലുള്ള ബിസിനസ് പങ്കാളിത്തം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിട്ടുണ്ട്. 'അച്ഛന്‍ നിയമമുണ്ടാക്കുന്നു, മക്കള്‍ പണമുണ്ടാക്കുന്നു' എന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ വിമര്‍ശനം, നയരൂപീകരണത്തിലെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നത്. കരിമ്പ് കൃഷിയെ എഥനോള്‍ നിര്‍മ്മാണത്തിലേക്ക് തിരിച്ചുവിടാനുള്ള നീക്കം പഞ്ചസാര ലോബികളെ സഹായിക്കാനാണെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നു. ഹരിത ഇന്ധനമെന്ന പേരില്‍ എഥനോള്‍ നിര്‍മ്മിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ സബ്സിഡിയും നികുതിയിളവും നല്‍കുമ്പോള്‍, ഇതിന്റെ യഥാര്‍ത്ഥ ഗുണം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. ഇന്ധന സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിനപ്പുറം, വന്‍കിട വ്യവസായികളുടെ ലാഭക്കൊതിക്ക് ഭരണകൂടം കുടപിടിക്കുകയാണെന്ന ആക്ഷേപം ഈ നയത്തിന്മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.

E85, E100 ഇന്ധനങ്ങളും ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങളും ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടുകഴിഞ്ഞു. നിലവിലെ ഇന്ധന വാഹന വിപണിക്ക് ഒരു ബദലായി അതിവിടെ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത. പാരിസ്ഥിതിക പ്രശ്‌നങ്ങളൊഴിവാക്കാന്‍ ഭക്ഷ്യവിളകളെ ഇന്ധനമാക്കുന്നതിന് പകരം, കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന 'സെക്കന്‍ഡ് ജനറേഷന്‍ അഥവാ 2 ജി എഥനോള്‍' പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്, അതോടൊപ്പം, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും വേഗത്തിലാക്കുകയും ചെയ്യാം. കേവലം കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം, കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള ഒരു സുതാര്യമായ 'ബയോ-ഇക്കണോമി' മാതൃകയാണ് രാജ്യം കെട്ടിപ്പടുക്കേണ്ടത്. ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പുകള്‍ പരിസ്ഥിതി സൗഹൃദപരവും ജനപക്ഷത്തുനിന്നുള്ളതുമാകുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിജയമാകുകയുള്ളൂ.

SCROLL FOR NEXT